ഈ ഐപിഎൽ ലേലത്തിൽ 50 കോടി രൂപയോളം നേടാന്‍ കഴിയും. ഇന്ത്യൻ താരത്തെ ചൂണ്ടിക്കാട്ടി ബാസിത് അലി.

2025 ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി 10 ഫ്രാഞ്ചൈസികളും തങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള താരങ്ങളെ നിലനിർത്തുകയുണ്ടായി. എന്നാൽ ഫ്രാഞ്ചൈസികൾ റിലീസ് ചെയ്ത താരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസ് ടീമാണ് ലേലത്തിന് മുൻപ് പന്തിനെ റിലീസ് ചെയ്തത്.

അതുകൊണ്ടു തന്നെ ലേലത്തിൽ പന്ത് വലിയ തുക സ്വന്തമാക്കുമെന്ന കാര്യം ഉറപ്പാണ്. വരാനിരിക്കുന്ന മെഗാ ലേലത്തിൽ ഇന്ത്യയുടെ വിക്കറ്റ് ബാറ്ററായ പന്ത് വലിയ തുകയ്ക്ക് വിൽക്കപ്പെടാൻ അർഹനാണ് എന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി ഇപ്പോൾ.

ന്യൂസിലാൻഡിനെതിരെ സമാപിച്ച ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പന്തിന് സാധിച്ചിരുന്നു. അവസാന ടെസ്റ്റ് മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും അർധസെഞ്ച്വറികൾ നേടി പന്ത് തിളങ്ങിയിരുന്നു. ഇതിന് ശേഷമാണ് അഭിപ്രായ പ്രകടനവുമായി ബാസിത് അലി രംഗത്ത് എത്തിയത്. പന്തിനെ ഡൽഹി ക്യാപിറ്റൽസ് വിട്ടയച്ചത് എല്ലാവരെയും ഞെട്ടിച്ചു എന്ന് ബാസിത് അലി പറയുന്നു. എന്നിരുന്നാലും വരാനിരിക്കുന്ന മെഗാ ലേലത്തിൽ 50 കോടി രൂപയോളം സ്വന്തമാക്കാൻ പന്തിന് സാധിക്കും എന്നാണ് ബാസിത് അഭിപ്രായപ്പെടുന്നത്.

“ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു പന്ത് കാഴ്ചവച്ചത്. മുംബൈയിൽ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 60 റൺസും രണ്ടാം ഇന്നിങ്സിൽ 64 റൺസും സ്വന്തമാക്കാൻ പന്തിന് സാധിച്ചിരുന്നു. പന്തിനെക്കുറിച്ച് ഞാൻ ഇനി എന്താണ് പറയുക? ഐപിഎല്ലിന്റെ ലേലത്തിൽ 25 കോടി രൂപയ്ക്ക് പന്തിനെ ഏതെങ്കിലും ഒരു ടീം സ്വന്തമാക്കുമെന്നാണ് ആളുകൾ പറയുന്നത്. പക്ഷേ അവൻ ഒരു 50 കോടി രൂപയെങ്കിലും അർഹിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. അത്ര മികച്ച കളിക്കാരനാണ് പന്ത്.”- ബാസിത് അലി കൂട്ടിച്ചേർക്കുകയുണ്ടായി.

വലിയ പരിക്കിൽ നിന്ന് തിരികെയെത്തിയ പന്ത് 2024 ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രകടനം തന്നെ ഡൽഹിക്കായി കാഴ്ച വച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഡൽഹി പന്തിനെ ഉപേക്ഷിച്ചത് എന്ന് വ്യക്തമല്ല. എന്തായാലും പന്തിനായി ഈ ലേലത്തിൽ പല ടീമുകളും രംഗത്തെത്തും എന്നത് ഉറപ്പാണ്. പഞ്ചാബ്, ബാംഗ്ലൂർ, മുംബൈ, ചെന്നൈ എന്നീ ടീമുകളാവും പന്തിനായി ലേലത്തിൽ ഏറ്റവുമധികം സജീവമാവുക. നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനാണ് പന്ത്. നവംബർ 22നാണ് ബോർഡർ- ഗവാസ്കർ ട്രോഫി ആരംഭിക്കുന്നത്.

Previous articleലേലത്തിന് മുമ്പ് ബാംഗ്ലൂർ കാണിച്ച 2 അബദ്ധങ്ങൾ. 2 പ്രൈം താരങ്ങളെ വിട്ടയച്ചു.
Next articleന്യൂസിലന്‍റിനെതിരെയുള്ള പരാജയം ഇന്ത്യയെ ഉണർത്തിയിട്ടുണ്ട്. ഓസീസ് ഭയക്കണമെന്ന് ജോഷ് ഹേസല്‍വുഡ്.