ഇപ്പോളത്തെ ഫോം നോക്കണ്ട. ലോകകപ്പിൽ രോഹിത് ഫോം ആകും. ഗാംഗുലിയുടെ പിന്തുണ.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ നായകനാണ് രോഹിത് ശർമ. ഇന്ത്യയ്ക്ക് ഇത്തവണ കിരീടം സ്വന്തമാക്കണമെങ്കിൽ രോഹിത്തിന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള സംഭാവനകൾ ആവശ്യമാണ്. പക്ഷേ രോഹിത് ശർമയുടെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മോശം ഫോം ആരാധകരെ വളരെയധികം നിരാശയിലാക്കുന്നതാണ്.

ഇതുവരെ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ രോഹത്തിന് സാധിച്ചിട്ടില്ല. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും, മത്സരത്തിൽ ടീമിനെ വിജയത്തിലെത്തിക്കാനും രോഹിത്തിന് സാധിച്ചിരുന്നില്ല. പക്ഷേ ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റിലേക്ക് എത്തുമ്പോൾ രോഹിത് ശർമ തന്റെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കും എന്നാണ് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ജൂൺ 1 മുതൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിൽ രോഹിത് ശർമ തന്റെ ഫോമിലേക്ക് തിരികെയെത്തും എന്ന് ഗാംഗുലി പറയുകയുണ്ടായി. മാത്രമല്ല രോഹിത് ശർമയ്ക്കൊപ്പം വിരാട് കോഹ്ലിയും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യും എന്നാണ് ഗാംഗുലി കരുതുന്നത്.

ഇതുവരെ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് കോഹ്ലി കളിക്കുന്നത്. നിലവിൽ ടൂർണമെന്റിലെ ഓറഞ്ച് ക്യാപ്പ് റേസിൽ ഒന്നാം സ്ഥാനത്ത് കോഹ്ലി തുടരുകയാണ്. “ഇന്ത്യ ഇത്തവണയും വളരെ നല്ല ടീമിനെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പിൽ രോഹിത് ശർമ വളരെ മികച്ച പ്രകടനം പുറത്തെടുക്കും. വലിയ ടൂർണമെന്റുകളിൽ നന്നായി കളിക്കാൻ അവന് സാധിക്കാറുണ്ട്. ഇത്തരം വലിയ സ്റ്റേജിൽ അവൻ മികച്ചു നിൽക്കും.”- ഗാംഗുലി പറഞ്ഞു.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനങ്ങളുടെ ഒരു ഘോഷയാത്രയാണ് രോഹിത് ശർമ നടത്തിയിട്ടുള്ളത്. ഇതുവരെ 13 ഇന്നിങ്സുകൾ കളിച്ച രോഹിത് ശർമ 349 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. 29.01 എന്നതാണ് രോഹിത്തിന്റെ ശരാശരി. വാങ്കഡേ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഒരു സെഞ്ച്വറി സ്വന്തമാക്കാൻ രോഹിതിന് സാധിച്ചിരുന്നു.

പക്ഷേ പ്രസ്തുത മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെടുകയുണ്ടായി. മാത്രമല്ല കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ രോഹിത് ശർമ ബോളിനെതിരെ കൃത്യമായി ടൈമിംഗ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതും കാണാൻ സാധിച്ചു. സ്പിന്നർമാർക്കെതിരെയും രോഹിത് പതറുകയാണ്.

മറുവശത്ത് ഒരു മികച്ച സമീപനം പുലർത്തിയാണ് കോഹ്ലി മുന്നേറുന്നത്. ടൂർണമെന്റിന്റെ ആദ്യ സമയത്ത് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ പുരോഗമിച്ചിരുന്നു. എന്നാൽ ഇപ്പോൾ പൂർണമായും ഒരു ട്വന്റി20 മനോഭാവത്തിലേക്ക് മാറാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇതുവരെ ഈ ടൂർണമെന്റിൽ 661 റൺസാണ് ഓറഞ്ച് ക്യാപ്പ് റണ്ണറായ കോഹ്ലി നേടിയിട്ടുള്ളത്. 66.1 എന്ന വമ്പൻ ശരാശരിയിലാണ് കോഹ്ലിയുടെ ഈ നേട്ടം. 155.16 എന്ന സ്ട്രൈക്ക് റേറ്റും കോഹ്ലിയ്ക്കുണ്ട്. ഈ ഐപിഎല്ലിൽ ഇതുവരെ ഒരു സെഞ്ച്വറിയും 5 അർത്ഥ സെഞ്ചറികളുമാണ് കോഹ്ലി നേടിയിട്ടുള്ളത്.

Previous articleരോഹിതിന് 50ആം വയസിലും ഇന്ത്യയ്ക്കായി കളിക്കാൻ പറ്റും. പ്രായം ഒരു പ്രശ്നമല്ലെന്ന് യോഗ്രാജ് സിംഗ്.
Next articleഡൽഹിയ്ക്ക് നിർണായക വിജയം.. പ്ലേയോഫ് യോഗ്യത നേടി രാജസ്ഥാൻ.. ലക്നൗ തുലാസിൽ..