ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. കുൽദീപിന്റെ വേരിയേഷനുകൾ മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരുപാട് സഹായങ്ങൾ ചെയ്യും എന്നാണ് കുംബ്ലെ കരുതുന്നത്.
ഒരുപക്ഷേ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 4 സ്പിന്നർമാരെ കളിപ്പിക്കാൻ തയ്യാറാവുകയാണെങ്കിൽ, കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ഉത്തമമായിരിക്കും എന്ന് കുംബ്ലെ കരുതുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 28 റൺസിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.
മത്സരത്തിൽ ബോളർമാരുടെ ഭാഗത്തു നിന്ന് വന്ന വലിയ പിഴവും ചർച്ചയായിരുന്നു. ശേഷമാണ് കുംബ്ലെ ഇത്തരത്തിൽ ഒരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.
2022ലാണ് ഇന്ത്യയ്ക്കായി കുൽദീവ് യാദവ് അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. ഇതുവരെ ഇന്ത്യക്കായി 8 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 34 വിക്കറ്റുകൾ സ്വന്തമാക്കാൻ കുൽദീപിന് സാധിച്ചിട്ടുണ്ട്. 21.55 ശരാശരിയിലാണ് കുൽദീപിന്റെ ഈ നേട്ടം. ” ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റിലേക്കായി 4 സ്പിന്നർമാരെ ആവശ്യമുണ്ടോ എന്ന കാര്യം അറിയില്ല.
എന്നാൽ 4 സ്പിന്നറെയും ഒരു ഫാസ്റ്റ് ബോളറെയുമാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് തോന്നിയാൽ, കുൽദീപിനെ ഉറപ്പായും ടീമിൽ ഉൾപ്പെടുത്തണം. അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. കുൽദീപിന് ഒരുപാട് വേരിയേഷനുകളുണ്ട്. എന്നിരുന്നാലും ഇംഗ്ലണ്ട് ഹൈദരാബാദിലേതിന് സമാനമായ രീതിയിൽ ഇന്ത്യൻ സ്പിന്നർമാരെ ആക്രമിക്കാൻ തയ്യാറാവും.
എന്തായാലും രണ്ടാം മത്സരത്തിലെ പിച്ചും നന്നായി ടേൺ ചെയ്യുന്നതായിരിക്കും. ഒപ്പം കൂടുതൽ പേസും പിച്ചിന് ഉണ്ടായിരിക്കും. “- കുംബ്ലെ പറയുന്നു.
പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് കേവലം ഒരു പേസറെ മാത്രമായിരുന്നു ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ത്യ സിറാജിനെയും ബൂമറയെയും ടീമിൽ ഉൾപ്പെടുത്തുകയുണ്ടായി.
മത്സരത്തിലെ ഇന്ത്യൻ ബാറ്റർമാരുടെ മനോഭാവത്തെപ്പറ്റിയും കുംബ്ലെ സംസാരിക്കുകയുണ്ടായി. പലപ്പോഴും സ്പിന്നർമാർക്കെതിരെ പോസിറ്റീവ് മനോഭാവം പുലർത്താൻ ഇന്ത്യയുടെ ബാറ്റർമാർക്ക് സാധിച്ചില്ല എന്നാണ് കുംബ്ലെ പറയുന്നത്.
വിശാഖപട്ടണത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിലെങ്കിലും ഇക്കാര്യത്തിൽ പുരോഗമനമുണ്ടാക്കാൻ ഇന്ത്യൻ ശ്രമിക്കണം എന്ന് കുംബ്ലെ ചൂണ്ടിക്കാട്ടുന്നു.
“ഹൈദരാബാദിലെ വിക്കറ്റ് വളരെ സ്ലോ ആയിരുന്നു. എന്നിരുന്നാലും സാഹചര്യത്തിനനുസരിച്ച് കളിക്കാൻ തയ്യാറായിരുന്നെങ്കിൽ അതൊരു മികച്ച വിക്കറ്റ് തന്നെയായിരുന്നു. പക്ഷേ ഇന്ത്യ തങ്ങളുടെ സമീപനത്തിൽ കുറച്ചധികം പിഴവുകൾ വരുത്തി.
സ്പിന്നർമാർക്കെതിരെ വേണ്ട രീതിയിലുള്ള സമീപനമല്ല ഇന്ത്യ പുറത്തെടുത്തത്. ചില ഇന്ത്യൻ ബാറ്റർമാർ ഒരുതരത്തിലുള്ള പോസിറ്റീവ് മനോഭാവവും ഇല്ലാതെയാണ് ബാറ്റ് വീശിയത്. ബാറ്റർമാർ വേണ്ട രീതിയിൽ ക്രീസ് ഉപയോഗിക്കാൻ പോലും തയ്യാറായില്ല.”- കുംബ്ലെ കൂട്ടിച്ചേർക്കുന്നു.