കിവികളെ തകര്‍ത്ത് ഇന്ത്യൻ യുവനിര. അണ്ടർ19 ലോകകപ്പിൽ 214 റൺസിന്റെ വിജയം.

musheer khan

അണ്ടർ 19 ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ സൂപ്പർ സിക്സ് മത്സരത്തിൽ ഒരു ഉഗ്രൻ വിജയം സ്വന്തമാക്കി ഇന്ത്യയുടെ യുവനിര. ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിൽ 214 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി മുഷീർ ഖാൻ ഒരു ഉഗ്രൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി.

ശേഷം ഇന്ത്യയുടെ ബോളർമാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ അനായാസം ഇന്ത്യ മത്സരത്തിൽ വിജയിക്കുകയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ സെമിഫൈനൽ സാധ്യതകൾ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. ഇതുവരെ ടൂർണമെന്റിൽ പരാജയം അറിയാതെയാണ് ഇന്ത്യ മുൻപിലേക്ക് വന്നിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ഓപ്പണർ ആദർശ് സിംഗ് നൽകിയത്. മത്സരത്തിൽ 58 പന്തുകൾ നേരിട്ട ആദർശ് 52 റൺസ് സ്വന്തമാക്കി. ശേഷം മൂന്നാമനായി ക്രീസിലെത്തിയ മുഷീർ ഖാൻ ക്രീസിൽ ഉറക്കുകയായിരുന്നു.

See also  പൊള്ളാർഡല്ല, രോഹിതിന്റെ ഫേവറേറ്റ് ബാറ്റിംഗ് പങ്കാളികൾ ഇവർ. ഓസീസ് താരങ്ങളെ തിരഞ്ഞെടുത്ത് രോഹിത്.

നായകൻ ഉദയ് സഹറാനും ഒപ്പം ചേർന്നതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചു. മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറിയാണ് മുഷീർ സ്വന്തമാക്കിയത്. 126 പന്തുകൾ നേരിട്ട മുഷീർ 13 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 131 റൺസ് മത്സരത്തിൽ നേടുകയുണ്ടായി. അവസാന ഓവറുകളിൽ മറ്റു ബാറ്റർമാർക്ക് വലിയ സംഭാവനകൾ നൽകാൻ സാധിച്ചില്ലെങ്കിലും ഇന്ത്യ ശക്തമായ ഒരു സ്കോറിലേക്ക് കുതിച്ചു.

മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 295 റൺസാണ് ഇന്ത്യയുടെ യുവനിര സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന് തുടക്കത്തിൽ തന്നെ താളം പിഴച്ചു. ഇന്ത്യയുടെ പേസ് ബോളർമാർ കൃത്യമായ ലൈൻ കണ്ടെത്തിയതോടെ ന്യൂസിലാൻഡ് വിറക്കുകയായിരുന്നു.

ന്യൂസിലാൻഡിന്റെ ഒരു ബാറ്റർക്ക് പോലും ഇന്ത്യയുടെ ബോളിങ്‌ നിരക്കെതിരെ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. നായകൻ ഓസ്കാർ ജാക്സനാണ് ന്യൂസിലാൻഡിനായി അല്പസമയമെങ്കിലും ക്രീസിൽ ചിലവഴിക്കാൻ ശ്രമിച്ചത്. എന്നാൽ മുഷിർ ഖാൻ ജാക്സനെയും അനായാസം പുറത്താക്കുകയുണ്ടായി.

പിന്നീട് ഒരു വമ്പൻ പരാജയം ഒഴിവാക്കാനാണ് കിവികൾ ശ്രമിച്ചത്. എന്നാൽ അതിനും ഇന്ത്യൻ ബോളർമാർ സമ്മതിച്ചില്ല. മത്സരത്തിൽ കേവലം 81 റൺസിന് ന്യൂസിലാൻഡ് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഇന്ത്യ മത്സരത്തിൽ 214 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി.

ഇന്ത്യക്കായി 4 വിക്കറ്റുകൾ സ്വന്തമാക്കിയ സൗമി പാണ്ടെയാണ് ബോളിങ്ങിൽ തിളങ്ങിയത്. രാജ് ലിംബാനിയും മുഷീറും 2 വിക്കറ്റുകളുമായി ഇന്ത്യയ്ക്ക് സംഭാവന നൽകി. എന്തായാലും ഈ വിജയത്തോടെ സെമിഫൈനൽ ഏകദേശം ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം പ്രകടനങ്ങൾ വരും മത്സരങ്ങളിലും ആവർത്തിക്കാനാണ് ഇന്ത്യൻ യുവനിര തയ്യാറാവുന്നത്.

Scroll to Top