2024 ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ വമ്പൻ പ്രവചനവുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. ഇത്തവണത്തെ ലോകകപ്പിൽ ഏതൊക്കെ ടീമുകൾ സെമിഫൈനലിൽ എത്തും എന്നാണ് വോൺ ഇതിനോടകം പ്രവചിച്ചിരിക്കുന്നത്.
വോണിന്റെ പ്രവചനത്തിലെ പ്രധാന കാര്യം ഇന്ത്യയെ സെമിഫൈനൽ യോഗ്യരുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നതാണ്. നിലവിൽ സൂപ്പർ ടീമുകളായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവർ ലോകകപ്പിന്റെ സെമിഫൈനലിലെത്തും എന്നാണ് വോൺ പറയുന്നത്. ജൂൺ 1 മുതൽ ജൂൺ 29 വരെ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് ഇത്തവണത്തെ ലോകകപ്പ് നടക്കാനിരിക്കുന്നത്.
ഇത്തവണത്തെ ലോകകപ്പിനായി വളരെ മികച്ച ടീം തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരങ്ങളും അനുഭവസമ്പത്തുള്ള മറ്റു വമ്പൻ താരങ്ങളും കൂടിച്ചേരുന്ന ഒരു സ്‌ക്വാഡാണ് ഇന്ത്യയ്ക്കുള്ളത്. വളരെ പ്രതീക്ഷയോടെ ഈ ലോകകപ്പിനെ നോക്കിക്കാണുന്ന ഒരു ടീം കൂടിയാണ് ഇന്ത്യ. ഈ സാഹചര്യത്തിലാണ് വോണിന്റെ ഈ ഞെട്ടിക്കുന്ന പ്രവചനം.
മുൻ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഐസിസി ടൂർണമെന്റ്കളിൽ എല്ലായ്പ്പോഴും ആധിപത്യം സ്ഥാപിക്കാറുള്ള ഓസ്ട്രേലിയ എന്നിവരാണ് വോൺ തിരഞ്ഞെടുത്തതിൽ ഏറ്റവും പ്രധാന ടീമുകൾ. രണ്ടു തവണ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ള വെസ്റ്റിൻഡീസും സെമിയിലെത്തും എന്നാണ് വോൺ കരുതുന്നത്. ഒപ്പം മാക്രത്തിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയും ഇത്തവണ സെമിഫൈനൽ കാണുമെന്ന് വോൺ കരുതുന്നു.
തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് വോൺ ഈ പ്രതികരണം നടത്തിയത്. 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പിലെ ചാമ്പ്യന്മാരായ ഇന്ത്യയെ വോൺ തന്റെ ലിസ്റ്റിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുകയാണ് ചെയ്തത്. വോണിന്റെ ഈ പ്രവചനത്തിനെതിരെ ഇന്ത്യൻ ആരാധകർ ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. വോണിന്റെ പ്രവചനം എല്ലാ കാലത്തും തെറ്റുപറ്റുന്നതാണെന്നും, അതിനാൽ ഇന്ത്യ യാതൊരു കാരണവശാലും ഭയപ്പെടേണ്ടതില്ല എന്നുമാണ് ആരാധകർ പറയുന്നത്. പലതരം ട്രോളുകളുമായാണ് ആരാധകർ വോണിന്റെ പ്രവചനത്തെ വരവേറ്റത്.
ഇന്ത്യയെ സംബന്ധിച്ച് 2024 ഐപിഎൽ ലോകകപ്പിന് വലിയ ഗുണം ചെയ്യും എന്നാണ് കരുതുന്നത്. പ്രധാന താരങ്ങളൊക്കെയും ഐപിഎല്ലിലൂടെ മികച്ച ഫോമിലേക്ക് എത്തുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. എന്നിരുന്നാലും ഹർദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങൾ ഇതുവരെ ഐപിഎല്ലിൽ മികവ് പുലർത്താത്തത് ഇന്ത്യയെ ബാധിക്കുകയും ചെയ്യുന്നു. എന്തായാലും കിരീടം സ്വന്തമാക്കാനുള്ള വലിയ അവസരം തന്നെയാണ് ഇന്ത്യക്ക് മുൻപിലേക്ക് വന്നിരിക്കുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.