ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ തന്നെ വളരെയധികം ശ്രദ്ധ നേടിയ യുവപേസറാണ് മായങ്ക് യാദവ്. ലക്നൗവിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ തട്ടുപൊളിപ്പൻ പ്രകടനമായിരുന്നു മായങ്ക് കാഴ്ചവച്ചത്. തന്റെ സ്പീഡ് മികവു കൊണ്ടാണ് മായങ്ക് ശ്രദ്ധ പിടിച്ചു പറ്റിയത്.
150 കിലോമീറ്റർ മുകളിൽ സ്പീഡിൽ പന്തെറിഞ്ഞ യാദവ് പഞ്ചാബിന്റെ ബാറ്റർമാരെ പൂർണമായും ഞെട്ടിക്കുകയായിരുന്നു. എന്നാൽ ആരാധകർക്ക് ആരാണ് മായങ്ക് യാദവ് എന്നതിനെപ്പറ്റി വലിയ ധാരണയില്ലായിരുന്നു. പക്ഷേ ദേശീയ സെലക്ടർമാരുടെ റഡാറിൽ ഉണ്ടായിരുന്ന ഒരു താരം തന്നെയായിരുന്നു ഈ യുവപേസർ.
ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിൽ മായങ്കിനെ പരിഗണിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയുടെ സെലക്ടറായ അജിത് അഗാർക്കർ മായങ്കിനെ കാണാൻ അന്ന് വളരെ ആഗ്രഹിച്ചിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സെലക്ടർമാർ പൂർണമായും ശ്രദ്ധിച്ചത് യുവതാരങ്ങൾക്ക് അവസരം നൽകാനാണ്. പൂജാര, അജിങ്ക്യ രഹാനെ തുടങ്ങിയ സീനിയർ താരങ്ങളെ മാറ്റിനിർത്തി, യുവതാരങ്ങൾക്ക് ഒരുപാട് അവസരം പരമ്പരയിൽ ലഭിച്ചു. സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ, ആകാശ് ദീപ്, ദേവദത്ത് പടിക്കൽ എന്നിവർക്ക് പരമ്പരയിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചു.
അതിനാൽ തന്നെ മായങ്ക് യാദവും സ്ക്വാഡിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു എന്നതാണ് വസ്തുത. എന്നാൽ ആഭ്യന്തര സീസണിനിടെ പരിക്കേറ്റ മായങ്ക് യാദവിനെ കാണാനോ സംസാരിക്കാനോ അജിത് അഗാർക്കർക്ക് സാധിച്ചില്ല. മായങ്കിന്റെ കോച്ച് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
“ആ സമയത്ത് അവൻ വളരെ സങ്കടത്തിൽ ആയിരുന്നു. പൊട്ടി തകർന്ന സാഹചര്യത്തിലായിരുന്നു ഉണ്ടായിരുന്നത്. വളരെ മികച്ച പ്രകടനം ആഭ്യന്തര ക്രിക്കറ്റിൽ കാഴ്ചവെച്ച് ഇന്ത്യൻ ടീമിലെത്താൻ ആരാണ് ആഗ്രഹിക്കാത്തത്? അവൻ ഒരുപാട് ഉന്നതിയിൽ എത്തണമെന്നും ഫിറ്റ്നസ് പൂർണമായും തുടരണമെന്നും ഞാനെന്നും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് “
“അവൻ വളരെ മികച്ച രീതിയിൽ ശക്തനായ ഒരു ബോളർ തന്നെയാണ്. ശരീരം നന്നായി നോക്കാനും അവനറിയാം. ഒരുപാട് കഠിന പ്രേമങ്ങളിലൂടെ അവൻ കടന്നു പോയിട്ടുണ്ട്. ഇന്ത്യക്കായി ഒരുപാട് നാൾ പന്തറിയാൻ അവന് സാധിക്കും. പ്രത്യേകിച്ച് അവന് ബുദ്ധിപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. അതാണ് പ്രധാനപ്പെട്ട കാര്യം.”- മായങ്കിന്റെ കോച്ച് പറഞ്ഞു.
മാത്രമല്ല ഇന്ത്യ ടെസ്റ്റ് പരമ്പരയിലേക്ക് മായങ്ക്നെ പരിഗണിക്കുന്ന സമയത്ത് പല ഐപിഎൽ ടീമുകളും മായങ്കിനായി രംഗത്തു വന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്ത് മായങ്ക് യാദവിനെ ടീമിലെത്തിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഗുജറാത്തിന്റെ ഹെഡ് കോച്ച് ആശിഷ് നെഹ്റയും മായങ്ക് യാദവുമായി സംസാരിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ ലക്നൗ ടീം തങ്ങളുടെ യുവ പെസറെ റിലീസ് ചെയ്യാൻ തീരുമാനിക്കാതേ ഇരുന്നതോടെയാണ് ഈ ടീമുകൾ പിന്മാറിയത്. 2022ലെ ഐപിഎൽ മെഗാ ലേലത്തിൽ 20 ലക്ഷം രൂപയ്ക്കായിരുന്നു ലക്നൗ ഈ യുവ പേസറെ ടീമിലെത്തിച്ചത്.