ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയതിന് ശേഷം ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയിരിക്കുകയാണ്. 3 ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുന്നത്. രോഹിത് ശർമയാണ് പരമ്പരയിൽ ഇന്ത്യയുടെ നായകൻ. വിരാട് കോഹ്ലി അടക്കമുള്ള സീനിയർ താരങ്ങൾ ടീമിലേക്ക് തിരിച്ചുവരുന്നു എന്നതും പരമ്പരയുടെ പ്രത്യേകതയാണ്.
ഈ പര്യടനത്തിൽ പല വിപ്ലവകരമായ മാറ്റങ്ങൾക്കും ഇന്ത്യൻ ടീം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൊന്ന് ശുഭമാൻ ഗില്ലിന്റെ കരിയറിലെ ഉയർച്ചയാണ്. ഇരു ഫോർമാറ്റുകളിലും ഇന്ത്യയുടെ ഉപ നായകനായി മാറാൻ ശ്രീലങ്കൻ പര്യടനത്തിലൂടെ ഗില്ലിന് സാധിച്ചു.
സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ നായകനായി ഗിൽ കളിച്ചിരുന്നു. ഇതിന് ശേഷമാണ് ഏകദിനങ്ങളിലും ട്വന്റി20കളിലും ഇന്ത്യയുടെ ഉപനായകനായി ഗില്ലിനെ തിരഞ്ഞെടുത്തത്. ഈ സാഹചര്യത്തിൽ ഗില്ലിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്താന്റെ മുൻ നായകൻ വസിം അക്രം.
നിലവിൽ ക്രിക്കറ്റിൽ ക്ലാസ് ഷോട്ടുകൾ കളിച്ചുകൊണ്ട് എല്ലാ ഫോർമാറ്റിലും റൺസ് കണ്ടെത്താൻ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ശുഭ്മാൻ ഗിൽ എന്ന് വസീം അക്രം പറയുകയുണ്ടായി. കേവലം ഐപിഎൽ ക്രിക്കറ്റിൽ മാത്രം ഒതുങ്ങേണ്ട താരമല്ല ഗിൽ എന്നും അക്രം പറഞ്ഞു.
“പ്രോപ്പർ ക്രിക്കറ്റ് ഷോട്ടുകളാണ് ഗിൽ കളിക്കാറുള്ളത്. ഇതുവഴിയെ എല്ലാ ഫോർമാറ്റിലും റൺസ് കണ്ടെത്താനും അവന് സാധിക്കുന്നുണ്ട്. ലോക ക്രിക്കറ്റിന്റെ ഭാവി താരമാണ് ഗിൽ എന്ന് നിസംശയം പറയാൻ സാധിക്കും. മുൻപുള്ള ഐപിഎൽ ഫ്രാഞ്ചൈസി എന്തുകൊണ്ടാണ് അവനെ തങ്ങളുടെ ടീമിൽ നിന്ന് റിലീസ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്തായാലും അവന്റെ കഴിവുകൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതിനാലാണ് അവർ അവനെ റിലീസ് ചെയ്തത്. അവൻ ഇന്ത്യയുടെ ഭാവി നായകനാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിലും നായകനാവാൻ അവന് പ്രാപ്തിയുണ്ട്. ലോക ക്രിക്കറ്റിന്റെ ഭാവിയാണ് ഗിൽ.”- വസീം അക്രം പറഞ്ഞു.
എന്നിരുന്നാലും ട്വന്റി20കളിൽ വേണ്ടരീതിയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഗില്ലിന് സമീപകാലത്ത് സാധിച്ചിരുന്നില്ല. ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഗില്ലിനെ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നില്ല. അതിനുശേഷം തന്റെ ട്വന്റി20 പ്രകടനത്തെ പറ്റി ഗിൽ സംസാരിക്കുകയുണ്ടായി. ഇതുവരെയും തന്നെ സംബന്ധിച്ച് വളരെ നിരാശാജനകമായ പ്രകടനങ്ങൾ മാത്രമാണ് ട്വന്റി20 ഫോർമാറ്റിൽ കാഴ്ച വെച്ചിട്ടുള്ളത് എന്ന് ഗിൽ പറയുന്നു. ഇതിൽ നിന്ന് കൃത്യമായി തിരിച്ചുവരവ് തനിക്ക് ആവശ്യമാണ് എന്നും ഗിൽ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഏകദിന ക്രിക്കറ്റിൽ ഇതുവരെ മികവ് പുലർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.