ലങ്കയില്‍ ത്രില്ലര്‍ പോരാട്ടം. ആദ്യ മത്സരം സമനിലയില്‍

GT Lm8TWMAAmZf9 scaled

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ. ആവേശോജ്ജ്വലമായ ലോ സ്കോറിങ് മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 230 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ ആദ്യ സമയത്ത് ഒരുപാട് മുൻപിൽ ആയിരുന്നു.

എന്നാൽ ശ്രീലങ്കൻ സ്പിന്നർമാർക്ക് മുമ്പിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകരുന്നതാണ് കാണാൻ സാധിച്ചത്. ഇന്ത്യക്കായി നായകൻ രോഹിത് ശർമയാണ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. എന്നാൽ പിന്നീടെത്തിയ ബാറ്റർമാർ അവസരത്തിനൊത്ത് ഉയരാതെ വന്നതോടെ ഇന്ത്യൻ ബാറ്റിംഗ് നിര നിലം പതിക്കുകയായിരുന്നു. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് നിസ്സംഗ ശ്രീലങ്കയ്ക്ക് നൽകിയത്. എന്നാൽ മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യ പ്രഹരം ആരംഭിച്ചു. ഫെർണാണ്ടോ(1) മെൻഡിസ്(14) സമരവിക്രമ(8) എന്നിവരെ തുടക്കത്തിൽ തന്നെ വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. മറുവശത്ത് നിസ്സംഗ അർധ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും കൃത്യമായ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു. 75 പന്തുകളിൽ 9 ബൗണ്ടറികളടക്കം 56 റൺസാണ് നിസംഗ നേടിയത്. ശേഷം മധ്യ ഓവറുകളിൽ ശ്രീലങ്കക്കായി മികച്ച പ്രകടനം പുറത്തെടുത്തത് ഓൾറൗണ്ടർ വെല്ലലാകെ ആണ്.

അവസാന ഓവറുകളിൽ ശ്രീലങ്കയ്ക്കായി പട പൊരുതാൻ വെല്ലലാകെയ്ക്ക് സാധിച്ചു. കൃത്യമായ രീതിയിൽ ഇന്ത്യൻ ബോളർമാരെ താരം നേരിടുകയുണ്ടായി. 65 പന്തുകളിൽ 67 റൺസാണ് വെല്ലലാകെ നേടിയത്. 7 ബൗണ്ടറികളും 2 സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇതോടെ ശ്രീലങ്ക മത്സരത്തിൽ ഭേദപ്പെട്ട ഒരു സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 50 ഓവറുകളിൽ 230 റൺസാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി മത്സരത്തിൽ അക്ഷർ പട്ടേലും അർഷദീപ് സിംഗും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിത് ശർമ ഒരു വെടിക്കെട്ട് ആണ് കാഴ്ചവച്ചത്.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

പവർപ്ലേ ഓവറുകളിൽ തന്നെ ഇന്ത്യയ്ക്കായി കൂടാരം തീർക്കാൻ രോഹിത്തിന് സാധിച്ചു. 47 പന്തുകളിൽ 7 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 58 റൺസാണ് രോഹിത് മത്സരത്തിൽ നേടിയത്. തന്റെ ഏകദിന 56ആം അർത്ഥശതകമാണ് രോഹിത് ശർമ മത്സരത്തിൽ സ്വന്തമാക്കിയത്. എന്നാൽ മറ്റു ബാറ്റർമാർ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. വിരാട് കോഹ്ലി(25) ശ്രേയസ് അയ്യർ(23) രാഹുൽ(31) എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചങ്കിലും അത് മുതലെടുക്കാൻ സാധിച്ചില്ല.

അക്ഷർ പട്ടേൽ പ്രതീക്ഷ നൽകിയെങ്കിലും ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. ശേഷം ശിവം ദുബെയും കുൽദീപ് യാദവും പതിയെ ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ശ്രീലങ്കയ്ക്കെതിരെ ആക്രമണം അഴിച്ചുവിടാൻ ദുബെയ്ക്ക്(25) സാധിച്ചു. എന്നാൽ മത്സരത്തിൽ ഒരു റൺ ആവശ്യമുള്ളപ്പോൾ ഇന്ത്യയുടെ 2 വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്ക മത്സരം സമനിലയിൽ ആക്കുകയായിരുന്നു.

Scroll to Top