ഇന്ത്യയ്ക്ക് ബാറ്റിങ്ങിൽ കോഹ്ലിയെ പോലെയാണ്, ബോളിങ്ങിൽ ഷാമി. ഷാമി ഇതിഹാസമെന്ന് ഉത്തപ്പ.

shami kohli and siraj

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഒരു തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു മുഹമ്മദ് ഷാമി കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ചെയ്ത ഇന്ത്യ 357 എന്ന കൂറ്റൻ സ്കോറിൽ എത്തുകയുണ്ടായി. പിന്നീട് മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഷാമി അടക്കമുള്ള പേസർമാർ എറിഞ്ഞു തുരത്തുന്നതാണ് കണ്ടത്. മത്സരത്തിൽ 5 ഓവറുകൾ എറിഞ്ഞ ഷാമി 18 റൺസ് മാത്രം വിട്ട് നൽകിയാണ് 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഇതോടുകൂടി ഇന്ത്യ മത്സരത്തിൽ 302 റൺസിന്റെ വമ്പൻ വിജയവും നേടി. ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഷാമിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഇന്ത്യയെ സംബന്ധിച്ച് വിരാട് കോഹ്ലി ബാറ്റിംഗിൽ എങ്ങനെയാണോ, അതേപോലെയാണ് ബോളിംഗിൽ മുഹമ്മദ് ഷാമി എന്ന റോബിൻ ഉത്തപ്പ പറയുന്നു.

സഹീർ ഖാന്റെയും ജവഗൽ ശ്രീനാഥിന്റെയും അതേ ആധിപത്യമാണ് മുഹമ്മദ് ഷാമി മത്സരങ്ങളിൽ പുലർത്തുന്നത് എന്ന് ഉത്തപ്പ പറയുകയുണ്ടായി. “ഇപ്പോഴും അദ്ദേഹം കളിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ ഒരു ഇതിഹാസമായി നമ്മൾ കണക്കാക്കാത്തത്. ഷാമിയെ പോലൊരാളെ സംബന്ധിച്ച് ഇനിയും അദ്ദേഹത്തിന് നേടാനായി ഒന്നും തന്നെയില്ല. സഹീർ ഖാന്റെയും ജവഗൽ ശ്രീനാഥ് സാറിനെയും വ്യക്തിത്വത്തിന് സമാനമാണ് ഷാമിയുടെതും. ഇന്ത്യക്കായി ഇവരൊക്കെയും ഒരുപാട് വർഷം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. മികച്ച മനോഭാവത്തോടെ മത്സരത്തെ നോക്കിക്കാണാനും വിക്കറ്റുകൾക്കായി തന്ത്രങ്ങൾ മെനയാനും മുഹമ്മദ് ഷാമിക്ക് സാധിക്കുന്നുണ്ട്.”- ഉത്തപ്പ പറഞ്ഞു.

Read Also -  പന്ത് ലോകകപ്പ് ടീമിൽ ഉണ്ടാവും. സഞ്ജുവും വരണമെന്ന് ആഗ്രഹിക്കുന്നു. സൗരവ് ഗാംഗുലി പറയുന്നു.

“വിരാട് കോഹ്ലിയ്ക്കുള്ള കാലിബർ തന്നെയാണ് മുഹമ്മദ് ഷാമിക്കുമുള്ളത്. വിരാട് കോഹ്ലി ഇന്ത്യയെ സംബന്ധിച്ച് ബാറ്റിംഗിൽ എത്ര മികച്ചതാണോ, അതേപോലെ തന്നെയാണ് ബോളിംഗിൽ ഇന്ത്യൻ ടീമിന് മുഹമ്മദ് ഷാമി. തന്റെ സമീപനങ്ങളിൽ വ്യക്തത മുഹമ്മദ് ഷാമിക്കുണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് ഷാമിക്ക് ബോധ്യമുണ്ട്. ലളിതമായ കാര്യങ്ങളാണ് മുഹമ്മദ് ഷാമി എപ്പോഴും മൈതാനത്ത് ചെയ്യാറുള്ളത്. വീണ്ടും വീണ്ടും അത് ആവർത്തിക്കുന്നു. വിരാട്ടും ഇതുപോലെ ചെറിയ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് കാണാം. ആദ്യ 10 ഓവറുകളിൽ നന്നായി പ്രയത്നിക്കുകയും പിന്നീട് അത് മുതലെടുക്കുകയുമാണ് വിരാട് കോഹ്ലി ചെയ്യുന്നത്. അതുതന്നെയാണ് ഷാമിയുടെയും പ്രത്യേകത.”- ഉത്തപ്പ കൂട്ടിച്ചേർത്തു.

“ഷാമി ബോളിങ്ങിനായി മൈതാനത്തെത്തുകയും കാര്യങ്ങൾ ലളിതമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു. കൃത്യമായ ഏരിയകളിൽ പന്തറിയാൻ അയാൾക്ക് സാധിക്കുന്നു. വളരെ ചെറിയ സാഹചര്യങ്ങളിൽ മാത്രമാണ് ഷാമി മോശം ബോളുകൾ എറിഞ്ഞിട്ടുള്ളത്.”- ഉത്തപ്പ പറഞ്ഞ് വയ്ക്കുന്നു. മത്സരത്തിൽ വമ്പൻ റെക്കോർഡുകളാണ് മുഹമ്മദ് ഷാമി തകർത്തെറിഞ്ഞിട്ടുള്ളത്. ഇന്ത്യക്കായി ലോകകപ്പുകളിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് മുഹമ്മദ് ഷാമി മികച്ച പ്രകടനത്തോടെ പേരിൽ ചേർത്തത്. ഇതുവരെ ഇന്ത്യക്കായി 14 ലോകകപ്പ് മത്സരങ്ങൾ കളിച്ച ഷാമി 45 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

Scroll to Top