ഇന്ത്യൻ ടീം സെലക്ടർമാർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്ത്. ഇന്ത്യയുടെ കഴിഞ്ഞ പരമ്പരകളിലെ ടീം സെലക്ഷനെ ചോദ്യം ചെയ്താണ് ചോപ്ര രംഗത്ത് എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ ശിവം ദുബെയെ എന്തുകൊണ്ട് ഇന്ത്യ 17 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല എന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള സ്ക്വാഡിൽ ഇന്ത്യ ദുബെയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പരമ്പരയിൽ ഒരു മത്സരം പോലും ഇന്ത്യയ്ക്കായി കളിക്കാൻ ദുബെയ്ക്ക് സാധിച്ചില്ല. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ നിന്ന് ദുബെയെ ഒഴിവാക്കുകയാണ് ചെയ്തത്. ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിക്കാത്ത ഒരു താരത്തെ എങ്ങനെ ഇത്തരത്തിൽ ഒഴിവാക്കാൻ സാധിക്കും എന്നാണ് ചോപ്ര ചോദിക്കുന്നത്.
“പല സമയത്തും വളരെ മോശം രീതിയിലുള്ള സെലക്ഷനാണ് ഇവിടെ കാണുന്നത്. ചില താരങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ച്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ 5 ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലേക്ക് ശിവം ദുബെയെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാൻ ദുബെയ്ക്ക് സാധിച്ചില്ല. ഇപ്പോൾ ദക്ഷിണാഫ്രിക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 17 അംഗ സ്ക്വാഡിൽ ശിവം ദുബെയ്ക്ക് സ്ഥാനം പോലും ലഭിച്ചില്ല. ഒരു കളിക്കാരനോട് ഇത്തരത്തിലുള്ള കാര്യങ്ങൾ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കേണ്ടത്.”- ആകാശ ചോപ്ര ചോദിക്കുന്നു.
ഓസ്ട്രേലിയക്കെതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഇന്ത്യ ശിവം ദുബെയെ മൈതാനത്തിറക്കാത്തതിൽ മുൻ ഇന്ത്യൻ താരം സഹീർ ഖാനും അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ച് അതൊരു മികച്ച അവസരമായിരുന്നുവെന്നും അത് മുതലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല എന്നുമാണ് അന്ന് സഹീർ പറഞ്ഞത്. “ഈ പരമ്പരയിൽ ഓസ്ട്രേലിയ ഏതുതരം സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് നമുക്കറിയാം. അതിനാൽ തന്നെ ദുബെയെ ഇന്ത്യ അവസാന മത്സരത്തിലെങ്കിലും ഇറക്കേണ്ടിയിരുന്നു. ഇപ്പോൾ ഇന്ത്യൻ നിരയിൽ ഹർദിക്കിന് പൂർണമായും ഫിറ്റ്നസില്ല. അതിനാൽ തന്നെ മറ്റ് ഓപ്ഷനുകളിലേക്ക് നമ്മൾ ചിന്തിക്കേണ്ടതുണ്ട്.”- സഹീർ പറഞ്ഞു.
“പൂർണ്ണമായും വലിയൊരു അവസരം തന്നെയാണ് ഇന്ത്യയെ സംബന്ധിച്ച് നഷ്ടപ്പെട്ടിരിക്കുന്നത്. എന്തു വിലകൊടുത്തും ദുബെയെ ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നു. കാരണം ആ മത്സരത്തിന് മുൻപ് തന്നെ ഇന്ത്യ ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര സ്വന്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ വ്യത്യസ്തമായ കളിക്കാരെ അവസാന മത്സരത്തിൽ ഇറക്കണമായിരുന്നു. അങ്ങനെയൊരു മത്സരത്തിൽ നമ്മുടെ ഒരു പ്രധാന കളിക്കാരൻ പുറത്തിരിക്കേണ്ടി വന്നാലും അത് വലിയ പ്രശ്നമുണ്ടാക്കില്ല.”- സഹീർ ഖാൻ കൂട്ടിച്ചേർത്തു.