സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തിന് ദുരന്ത തോൽവി. രാജസ്ഥാനോട് പരാജയപ്പെട്ടത് 200 റൺസിന്.

sanju samson

വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങി കേരളം. രാജസ്ഥാനെതിരെ നടന്ന മത്സരത്തിൽ 200 റൺസിന്റെ കൂറ്റൻ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. നായകൻ സഞ്ജു സാംസൺ ഇല്ലാതെ മൈതാനത്തിറങ്ങിയ കേരളം ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണമായും പരാജയപ്പെടുകയായിരുന്നു. ഈ പരാജയത്തോടെ കേരളം ടൂർണ്ണമെന്റിൽ നിന്ന് പുറത്തായിട്ടുണ്ട്.

മത്സരത്തിൽ ബോളിങ്ങിൽ ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാൻ കേരളത്തിന് സാധിക്കാതെ പോവുകയായിരുന്നു. ബാറ്റിംഗിൽ എല്ലാവരും പരാജയപ്പെട്ടതോടെ കേരളം കൂപ്പുകുത്തി വീണു. കേരളത്തിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ പരാജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ കേരളം ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.  മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. രാജസ്ഥാന്റെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ കേരളത്തിന് സാധിച്ചു. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ മഹിപാല്‍ ലോംറോർ കേരളത്തിന്റെ എതിരാളിയായി മാറുകയായിരുന്നു. ആറാമനായി ക്രിസിലെത്തിയ റാത്തോറിനൊപ്പം ക്രീസിലുറച്ച് രാജസ്ഥാന് മികച്ച ഒരു കൂട്ടുകെട്ട് സമ്മാനിക്കാൻ ലോംറോറിന് സാധിച്ചു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് ലോംറോർ സ്വന്തമാക്കിയത്. 114 പന്തുകൾ നേരിട്ട് 6 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 122 റൺസ് മത്സരത്തിൽ ലോംറോർ സ്വന്തമാക്കുകയുണ്ടായി. റാത്തോർ 52 പന്തുകളിൽ 66 റൺസാണ് മത്സരത്തിൽ നേടിയത്.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

ഇത്തരത്തിൽ നിശ്ചിത 50 ഓവറുകളിൽ 267 എന്ന ശക്തമായ സ്കോറിലെത്താൻ രാജസ്ഥാന് സാധിച്ചു. കേരളത്തിനായി അക്കീൻ 3 വിക്കറ്റുകളും ബേസിൽ തമ്പി 2 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കം മുതൽ അടിപതറുന്നതാണ് കാണാൻ സാധിച്ചത്. കേരള നിരയിൽ ഒരു ബാറ്റർ പോലും കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചില്ല. രാജസ്ഥാന്റെ പേസർമാർക്ക് മുൻപിൽ കേരളം പൂർണ്ണമായും അടിയറവ് പറയുകയാണ് ഉണ്ടായത്. കഴിഞ്ഞ മത്സരത്തിൽ വളരെ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർമാരൊക്കെയും രാജസ്ഥാന് മുൻപിൽ മുട്ടുമടക്കിയപ്പോൾ വലിയൊരു ദുരന്തത്തിലേക്കാണ് കേരളം നീങ്ങിയത്.

മാത്രമല്ല നായകൻ സഞ്ജു സാംസന്റെ അഭാവവും മത്സരത്തിൽ കേരളത്തെ അലട്ടിയിരുന്നു. കേരളത്തിനായി 28 റൺസ് നേടിയ സച്ചിൻ ബേബി മാത്രമാണ് അല്പമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. ബാക്കിയെല്ലാ ബാറ്റർമാരും പരാജയമായി മാറിയപ്പോൾ കേരളം കേവലം 67 റൺസിന് ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. മത്സരത്തിൽ 200 റൺസിന്റെ വമ്പൻ പരാജയമാണ് കേരളം നേരിട്ടത്. വലിയ പ്രതീക്ഷയോടെ വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിലേക്ക് എത്തിയ കേരളത്തിന് വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്.

Scroll to Top