ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് ഏറ്റവുമധികം തലവേദനയായിരുന്ന ഒന്നാണ് നാലാം നമ്പർ ബാറ്റിംഗ് പൊസിഷൻ. പല ബാറ്റർമാരെയും ഇന്ത്യ നാലാം നമ്പരിൽ പരീക്ഷിച്ചെങ്കിലും ഒന്നും അർത്ഥമില്ലാതെ ആവുകയായിരുന്നു. 2011 ലോകകപ്പിൽ യുവരാജ് സിംഗാണ് ഇന്ത്യക്കായി നാലാം നമ്പറിൽ ബാറ്റ് ചെയ്തിരുന്നത്. എന്നാൽ യുവരാജിന് ശേഷം മറ്റൊരു നാലാം നമ്പർ ബാറ്ററെ കണ്ടെത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. 2019 ഏകദിന ലോകകപ്പിലെ പരാജയത്തിനടക്കം വലിയ കാരണമായി മാറിയത് നാലാം നമ്പർ ബാറ്റിംഗ് തന്നെയായിരുന്നു. പക്ഷേ 2023 ഏകദിന ലോകകപ്പിൽ ശ്രേയസ് അയ്യർ എന്ന കഴിവൊത്ത പ്രതിഭ ആ വിടവ് നികത്തുന്നതാണ് കാണുന്നത്.
ടൂർണമെന്റിൽ ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് ശ്രേയസ് അയ്യര്‍ കാഴ്ച വെച്ചിട്ടുള്ളത്. സെമിഫൈനലിൽ അടക്കം സെഞ്ച്വറികൾ നേടി ശ്രേയസ് അയ്യർ ഇന്ത്യയുടെ മധ്യനിര ബാറ്റിംഗ് ഒരു ആഘോഷമാക്കി മാറ്റുന്നു. ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ശ്രേയസ് അയ്യര്‍ ഈ ലോകകപ്പിൽ 500 റൺസിന് മുകളിൽ നേടിയിട്ടുണ്ട്. ലോകകപ്പ് ടൂർണമെന്റ് ചരിത്രത്തിൽ തന്നെ മധ്യനിരയിൽ ബാറ്റ് ചെയ്ത് 500 റൺസിന് മുകളിൽ സ്വന്തമാക്കുന്ന ആദ്യ താരമാണ് ശ്രേയസ് അയ്യർ. മധ്യനിരയിൽ ബാറ്റ് ചെയ്ത് ഇത്രയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുക എന്നത് ചെറിയ കാര്യമല്ല.
ന്യൂസിലാൻഡ് മധ്യനിര ബാറ്റർ സ്കോട്ട് സ്റ്റൈറിസിന്റെ റെക്കോർഡ് മറികടന്നാണ് അയ്യർ മുൻപിൽ എത്തിയിരിക്കുന്നത്. 2007ലെ ഏകദിന ലോകകപ്പിൽ 499 റൺസായിരുന്നു സ്കോട്ട് സ്റ്റൈറിസ് മധ്യനിരയിൽ കളിച്ച് സ്വന്തമാക്കിയത്. എന്നാൽ 2023ൽ ഈ സ്കോർ മറികടക്കാൻ അയ്യർക്ക് സാധിച്ചു. പാക്കിസ്ഥാനെതിരായ മത്സരത്തിലും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും അർധസെഞ്ച്വറികൾ നേടിയായിരുന്നു ശ്രേയസ് അയ്യർ തന്റെ സംഹാരം ആരംഭിച്ചത്.
പാക്കിസ്ഥാനെതിരെ 53 റൺസും, ശ്രീലങ്കയ്ക്കെതിരെ 82 റൺസും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 77 റൺസും സ്വന്തമാക്കാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു. ശേഷം നെതർലൻഡ്സിനെതിരായ മത്സരത്തിൽ ശ്രെയസ് തന്റെ പൂർണ്ണരൂപം പ്രാപിക്കുകയായിരുന്നു. 128 റൺസാണ് അയ്യർ മത്സരത്തിൽ കൂട്ടിച്ചേർത്തത്.
ശേഷം ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലും ശ്രേയസ് അടിച്ചുതകർത്തു. മത്സരത്തിൽ 105 റൺസാണ് അയ്യർ സ്വന്തമാക്കിയത്. കേവലം 67 പതുകളിൽ നിന്നായിരുന്നു അയ്യർ സെഞ്ച്വറി സ്വന്തമാക്കിയത്. മധ്യ ഓവറുകളിൽ ഇന്ത്യയ്ക്ക് മികച്ച ഒരു അടിത്തറ നൽകാനും ശ്രേയസ് അയ്യർക്ക് സാധിച്ചു. മത്സരത്തിൽ 4 ബൗണ്ടറികളും 8 സിക്സറുകളും അയ്യർ സ്വന്തമാക്കി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് ശ്രേയസ് അയ്യറുടെ ഈ ഫോം. ഫൈനൽ മത്സരത്തിലും അയ്യർ ഈ മികവ് പുലർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.