“ഇന്ത്യയിലെ ജനങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, വിഷമിക്കേണ്ട”- രോഹിതിനും ടീമിനും ആശ്വാസം പകർന്ന് നരേന്ദ്ര മോഡി..

ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു പരാജയമായിരുന്നു ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ടൂർണമെന്റിൽ പൂർണമായും ആധിപത്യം പുലർത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ലീഗ് റൗണ്ടിൽ നേരിട്ട എല്ലാ ടീമുകളെയും പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചു.

സെമിഫൈനലിൽ തങ്ങളുടെ എക്കാലത്തെയും വലിയ എതിരാളികളായ ന്യൂസിലാൻഡിനെയും ഇന്ത്യ മറികടക്കുകയുണ്ടായി. അതിനാൽ തന്നെ ഫൈനലിൽ ഇന്ത്യ എങ്ങനെയും വിജയിക്കുമെന്നാണ് ആരാധകരടക്കം പ്രതീക്ഷിച്ചിരുന്നത്. പക്ഷേ വലിയ നിരാശയാണ് എല്ലാവർക്കുമുണ്ടായത്. മത്സരത്തിലെ പരാജയം ഇന്ത്യൻ താരങ്ങളെയടക്കം വലിയ നിരാശയിലാക്കി.

രോഹിത് ശർമയും വിരാട് കോഹ്ലിയും അടക്കമുള്ള ഇന്ത്യൻ താരങ്ങൾ മൈതാനത്തുനിന്ന് കരഞ്ഞു കൊണ്ടാണ് നടന്നകന്നത്. 12 വർഷത്തിന് ശേഷം ഏകദിന ലോകകപ്പ് സ്വന്തമാക്കാനുള്ള ഒരു സുവർണാവസരം തന്നെയാണ് മത്സരത്തിലെ മോശം പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത്.

മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ടീമിന് ആശ്വാസ വാക്കുകളുമായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിക്കുകയുണ്ടായി. ലോകകപ്പിലൂടനീളം ഇന്ത്യ കാട്ടിയ പോരാട്ടത്തെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിച്ചു കൊണ്ടാണ് നരേന്ദ്ര മോദി സംസാരിച്ചത്. ഈ രാജ്യം പൂർണമായും നിങ്ങളോടൊപ്പമുണ്ടെന്നും യാതൊരു തരത്തിലും നിരാശപ്പെടേണ്ട എന്നുമാണ് നരേന്ദ്ര മോദി കുറിച്ചത്.

“പ്രിയപ്പെട്ട ഇന്ത്യൻ ടീം, ഈ ലോകകപ്പിലൂടനീളം നിങ്ങൾ പുറത്തെടുത്ത പ്രകടനങ്ങളും നിങ്ങളുടെ നിശ്ചയദാർഢ്യവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. വലിയ ആവേശത്തോടെ തന്നെയാണ് നിങ്ങൾ ഈ ടൂർണമെന്റിലൂടനീളം കളിച്ചത്. മാത്രമല്ല രാജ്യത്തിന് വലിയ അഭിമാനം നേടിത്തരാനും നിങ്ങൾക്ക് സാധിച്ചു. എല്ലായിപ്പോഴും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്.”- നരേന്ദ്രമോദി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

ഫൈനൽ മത്സരത്തിൽ വളരെ അവിശ്വസനീയ പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ചെയ്ത ഇന്ത്യ കേവലം 240 റൺസ് മാത്രമാണ് നേടിയത്. പീച്ചിന്റെ ബോളിങ്ങിന് അനുകൂലമായ സ്വഭാവവും ഇന്ത്യൻ ബാറ്റർമാരുടെ മോശം ഷോട്ടുകളുമാണ് പരാജയത്തിൽ വലിയ പങ്കുവഹിച്ചത്.

ഒപ്പം ബോളിങ്ങിൽ കൃത്യമായ സമയത്ത് വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കാതിരുന്നത് തിരിച്ചടിയായി. മറുവശത്ത് ട്രാവിസ് ഹെഡും ലബുഷൈനും ചേർന്ന് ഓസ്ട്രേലിയക്കായി ഒരു വമ്പൻ കൂട്ടുകെട്ടും കെട്ടിപ്പടുത്തിരുന്നു. മത്സരത്തിൽ ആറ് വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യയുടെ മൂന്നാം ഏകദിന ലോകകപ്പ് കിരീടം എന്ന സ്വപ്നമാണ് ഇല്ലാതായത്.

Previous article“രോഹിതിന്റെ മണ്ടൻ തീരുമാനം മത്സരത്തിൽ ഇന്ത്യ ബാധിച്ചു”. സേവാഗിന്റെ രൂക്ഷവിമർശനം.
Next articleരാഹുൽ ഇങ്ങനെയായിരുന്നില്ല കളിക്കേണ്ടത്. വലിയ മണ്ടത്തരമെന്ന് മുൻ പാക് താരം.