രാഹുൽ ഇങ്ങനെയായിരുന്നില്ല കളിക്കേണ്ടത്. വലിയ മണ്ടത്തരമെന്ന് മുൻ പാക് താരം.

kohli and rahul

2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യൻ ടീമിൽ നിന്നുണ്ടായത്. ടൂർണമെന്റിലൂടനീളം വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് അവസാന മത്സരത്തിൽ ഒരു നിരാശാജനകമായ പരാജയമാണ് നേരിടേണ്ടിവന്നത്. മത്സരത്തിൽ ബാറ്റിംഗിലുണ്ടായ പൂർണമായ പരാജയമായിരുന്നു ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് മത്സരത്തിൽ 240 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

മത്സരത്തിൽ 107 പന്തുകളിൽ 66 റൺസ് നേടിയ കെഎൽ രാഹുലായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. എന്നാൽ രാഹുൽ കൃത്യമായ സമയത്ത് സ്കോറിങ് റേറ്റ് ഉയർത്താതിരുന്നതും ഇന്ത്യയെ ബാധിച്ചു. മത്സരത്തിലെ രാഹുലിന്റെ ഇന്നിങ്സിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ശുഐബ് മാലിക്.

മത്സരത്തിൽ രാഹുൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ കളിക്കേണ്ടിയിരുന്നു എന്നാണ് മാലിക് പറയുന്നത്. “മത്സരത്തിൽ 50 ഓവറുകളും ബാറ്റ് ചെയ്യുക എന്നതിനാണ് രാഹുൽ ശ്രമിച്ചത്. അതായിരുന്നില്ല രാഹുൽ ചെയ്യേണ്ടിയിരുന്നത്. അയാൾ അയാളുടേതായ മത്സരം കളിക്കാൻ ശ്രമിക്കണമായിരുന്നു.

നമ്മൾ വളരെ പ്രയാസകരമായ സാഹചര്യത്തിൽ ബാറ്റ് ചെയ്യുമ്പോൾ, അല്ലെങ്കിൽ ബൗണ്ടറികൾ കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ നമുക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനെങ്കിലും സാധിക്കണം. മത്സരത്തിൽ അങ്ങനെ സംഭവിച്ചിരുന്നില്ല. ഒരുപാട് ഡോട്ട് ബോളുകൾ മത്സരത്തിലുണ്ടായി.”- മാലിക് പറഞ്ഞു.

Read Also -  ഇന്ത്യ ഈ ലോകകപ്പിൽ സെമിഫൈനലിൽ പോലും എത്തില്ല. മൈക്കിൾ വോണിന്റെ പ്രവചനം.

“മത്സരം നടന്ന വേദിയിലെ ബൗണ്ടറികൾ ഒരുപാട് ദൈർഘ്യമേറിയതായിരുന്നു. ഓസ്ട്രേലിയൻ താരങ്ങൾ അത് വളരെ മികച്ച രീതിയിൽ തന്നെ ഉപയോഗിക്കുകയുണ്ടായി. മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരെ ഡൌൺ ദി ഗ്രൗണ്ടിൽ റൺസ് കണ്ടെത്താൻ ഓസ്ട്രേലിയ സംബന്ധിച്ചിരുന്നില്ല. അവർക്ക് ഇന്ത്യൻ ബാറ്റർമാർ സ്ക്വയർ ഓഫ് ദി വിക്കറ്റിൽ പന്ത് അടിക്കണമായിരുന്നു.

അതിനാൽ തന്നെ മത്സരത്തിലൂടനീളം അവർ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി. ഇന്ത്യക്കാരെക്കാള്‍ നന്നായി ഇന്ത്യൻ സാഹചര്യങ്ങളെ മനസ്സിലാക്കാൻ ഓസ്ട്രേലിയൻ ടീമിന് സാധിച്ചു. മാത്രമല്ല അവർ വളരെ മികച്ച രീതിയിൽ ആ തന്ത്രങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തു.”- മാലിക് കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് തന്നെയാണ് വലിയ പരാജയമായി മാറിയത് എന്ന് മുൻ താരങ്ങളടക്കം പറഞ്ഞിരുന്നു. രോഹിത് നൽകിയ ഉജ്വല തുടക്കം മുതലെടുക്കാൻ ഇന്ത്യയുടെ മധ്യനിര ബാറ്റർമാർക്ക് സാധിച്ചില്ല. രാഹുലും കോഹ്ലിയും ക്രീസിലുറച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിക്കാതെ പോയത് ഇരുവരെയും ബാധിക്കുകയായിരുന്നു. മധ്യ ഓവറുകളിൽ ഓസ്ട്രേലിയ പിടിമുറുക്കിയതും ഇന്ത്യയെ വലിയ രീതിയിൽ അലട്ടി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയൊരു പാഠം തന്നെയാണ് മത്സരത്തിലെ പരാജയം.

Scroll to Top