ഇനി വരാനുള്ളത് രോഹിത്തിന്റെ 2.0 വേർഷൻ. മുംബൈ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയത് നന്നായിയെന്ന് ഗവാസ്കർ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ വലിയൊരു ഞെട്ടിക്കുന്ന സംഭവം തന്നെയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി കൈമാറ്റം. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപായി തങ്ങൾ സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റൻസി ഏൽപ്പിച്ചതോടെ വലിയ രീതിയിലുള്ള വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.

കഴിഞ്ഞ സമയങ്ങളിൽ മുംബൈയുടെ വിശ്വസ്തനായ രോഹിത് ശർമയെ ഒരു നിമിഷം കൊണ്ട് മുംബൈ ഒഴിവാക്കി എന്ന തരത്തിൽ ആരാധകരും പ്രതികരിക്കുകയുണ്ടായി. എന്നാൽ ഹർദിക് പാണ്ഡ്യയെ നായകനാക്കാനുള്ള മുംബൈ ഇന്ത്യൻസിന്റെ നീക്കത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. മുംബൈ എപ്പോഴും ഭാവിയെ പറ്റി ചിന്തിക്കുന്ന ടീമാണെന്നും, അതിനാൽ തന്നെ ഇത് ഗുണം ചെയ്യുമെന്നും ഗവാസ്കർ കരുതുന്നു.

രോഹിത് ശർമയുടെ തോളിൽ നിന്ന് നായകൻ എന്ന ഭാരം ഒഴിച്ച് വയ്ക്കാൻ മുംബൈയുടെ ഈ നീക്കം സഹായകരമായി മാറും എന്നാണ് ഗവാസ്കർ കരുതുന്നത്. “മുംബൈ ഇന്ത്യൻസ് എപ്പോഴും അവരുടെ ഫ്രാഞ്ചൈസിയുടെ ഭാവിയെ പറ്റിയാണ് ചിന്തിക്കാറുള്ളത്. രോഹിത്തിന് ഇപ്പോൾ 36 വയസ്സാകുന്നു. മാത്രമല്ല മറ്റു മേഖലകളിൽ നിന്നും വലിയ സമ്മർദ്ദങ്ങൾ രോഹിത്തിനെ തേടിയെത്തുന്നുണ്ട്.”

“ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലെയും നായകനാണ് രോഹിത് എന്ന കാര്യം മറക്കരുത്. അതിനാൽ രോഹിത്തിന്റെ ആ ഭാരം ഒഴിവാക്കാനാണ് മുംബൈ ശ്രമിച്ചത്. അതുകൊണ്ടു തന്നെയാണ് യുവതാരമായ ഹർദിക് പാണ്ഡ്യയ്ക്ക് ആ ഉത്തരവാദിത്വം നൽകിയത്.”- ഗവാസ്കർ പറയുന്നു.

“ഹർദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റൻസി കൈമാറിയത് മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് ഒരുപാട് ഗുണങ്ങൾ മാത്രമാണ് ഉണ്ടാക്കാൻ പോകുന്നത്. ഇപ്പോൾ അവർ രോഹിത് ശർമയ്ക്ക് പരമാവധി സ്വാതന്ത്ര്യം നൽകി കഴിഞ്ഞു. ഇനി മുൻനിരയിൽ യാതൊരു സമ്മർദ്ദവുമില്ലാതെ ഫ്രീയായി കളിക്കാൻ രോഹിത് ശർമയ്ക്ക് സാധിക്കും.”

“മാത്രമല്ല ഹർദിക് പാണ്ഡ്യക്ക് മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ ടീമിനായി കളിക്കാം. സ്ഥിരതയോടെ 200ലധികം റൺസ് എല്ലാ മത്സരങ്ങളിലും നേടാൻ ഇത് സഹായകരമായി മാറും.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

മുൻപ് 2022 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലായിരുന്നു മുംബൈ ഇന്ത്യൻസ് ഹർദിക്കിനെ ടീമിൽ നിന്ന് നീക്കം ചെയ്തത്. ശേഷം ഗുജറാത്ത് ടൈറ്റൻസ് പാണ്ഡ്യയെ സ്വന്തമാക്കുകയും തങ്ങളുടെ നായകനാക്കി മാറ്റുകയും ചെയ്തു. ശേഷം 2022 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഗുജറാത്തിനായി കിരീടം നേടി കൊടുക്കാൻ ഹർദിക്കിന് സാധിച്ചിരുന്നു. ശേഷം 2023ൽ ഗുജറാത്തിനെ ഫൈനലിലെത്തിക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചു.

ശേഷമാണ് മുംബൈ ഇന്ത്യൻസ് പാണ്ഡ്യയെ തിരികെ ടീമിലേക്ക് എത്തിച്ചത്. എന്നിരുന്നാലും നിരന്തരം പാണ്ഡ്യയ്ക്കുണ്ടാകുന്ന പരിക്കുകൾ മുംബൈ ഇന്ത്യൻസിനെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്.

Previous articleബ്രാഹിം ഡയസിന്‍റെ ഒന്നാന്തരം ഗോള്‍. ചാംപ്യന്‍സ് ലീഗില്‍ വിജയവുമായി റയല്‍ മാഡ്രിഡ്
Next articleരഞ്ജി ട്രോഫി കളിക്കാത്തവർ ഇനി ഐപിഎല്ലും കളിക്കേണ്ട. നിലപാട് കടുപ്പിച്ച് ബിസിസിഐ.