ഇത്തവണയും സെമിയിൽ ഇന്ത്യയ്ക്ക് കാലിടറുമോ. ഷാഹിദ് അഫ്രീദിയുടെ അഭിപ്രായം ഇങ്ങനെ.

F9nnUHQaAAEgWYu

2023 ഏകദിന ലോകകപ്പിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ ടീം കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ 6 മത്സരങ്ങൾ കളിച്ച ഇന്ത്യ 6 മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ 12 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളതും ഇന്ത്യ തന്നെയാണ്. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിലെ എല്ലാ കളിക്കാരും മികച്ച ഫോമിൽ തന്നെയാണ് ഉള്ളത്.

2019ലെ ഏകദിന ലോകകപ്പിലും ഇതിനു സമാനമായ രീതിയിലായിരുന്നു ഇന്ത്യ കുതിപ്പ് നടത്തിയത്. എന്നാൽ ന്യൂസിലാൻഡിനെതിരായ സെമി ഫൈനലിൽ ഇന്ത്യ അന്ന് പരാജയപ്പെടുകയുണ്ടായി. ഇത്തവണയും ഇന്ത്യയ്ക്ക് വലിയ കിരീട സാധ്യതയുണ്ട്. എന്നാൽ ഇത്തവണയും ഇന്ത്യയ്ക്ക് സെമിയിൽ കാലിടറുമോ എന്ന കാര്യം പലർക്കുമുള്ള ആശങ്കയാണ്. ഇതിനെപ്പറ്റിയാണ് പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി പറയുന്നത്.

ഇപ്പോഴും തന്നെ സംബന്ധിച്ച് ഫേവറേറ്റുകൾ ഇന്ത്യ തന്നെയാണ് എന്ന് അഫ്രീദി അഭിപ്രായപ്പെടുന്നു. ഇതിന്റെ കാരണം വിശദീകരിച്ചാണ് അഫ്രീദി സംസാരിച്ചത്. “ഈ ലോകകപ്പിൽ ഏറ്റവും മികച്ച അടിത്തറയുള്ള ടീം ഇന്ത്യ തന്നെയാണ്. അങ്ങനെയാണ് ഇന്ത്യ മുൻപോട്ട് പോകുന്നത്. തങ്ങളുടെ കരുത്തിൽ ഏതുതരത്തിൽ ശ്രദ്ധ നൽകണമെന്ന് ഇന്ത്യയ്ക്ക് പൂർണ്ണ ബോധ്യമുണ്ട്. ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്റിൽ 6 മത്സരങ്ങളിൽ ആറെണ്ണത്തിലും വിജയിക്കുക എന്നത് ചെറിയ കാര്യമായി കാണാൻ സാധിക്കില്ല. അത് വളരെ പ്രയാസപ്പെട്ട കാര്യം തന്നെയാണ്. അതും ഇന്ത്യൻ മണ്ണിലാണ് കളി നടക്കുന്നത് എന്നും ഓർക്കണം.’- അഫ്രീദി പറഞ്ഞു.

Read Also -  ഐപിഎൽ നിയമലംഘനം. കൊൽക്കത്ത പേസറെ പുറത്താക്കി ബിസിസിഐ. കടുത്ത ശിക്ഷ.

“ഇന്ത്യൻ താരങ്ങൾക്ക് മാനസിക പരമായും ശാരീരിക പരമായും കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുന്നുണ്ട്. മൈതാനത്ത് മികച്ച പ്രകടനങ്ങളാണ് അവർ പുറത്തെടുത്തിട്ടുള്ളത്. ഇതാണ് ഇന്ത്യയെ ഫേവറേറ്റുകളാക്കി മാറ്റുന്നതും.”- അഫ്രീദി കൂട്ടിച്ചേർത്തു. ആദ്യ 6 മത്സരങ്ങളിലും ഇന്ത്യയുടെ ബാറ്റിംഗ് നിരയും ബോളിംഗ് നിരയും ഒരുപോലെ മികവു കാട്ടുകയുണ്ടായി. എല്ലാ മത്സരത്തിലും ഇന്ത്യക്കായി ഓരോ മാച്ച് വിന്നർമാർ അവതരിക്കുന്നുമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 229 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ ഇംഗ്ലണ്ടിനെ കേവലം 129 റൺസിന് എറിഞ്ഞിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. മത്സരത്തിൽ 100 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഈ വിജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. പല മത്സരങ്ങളിലും മുൻനിര ബാറ്റർമാരിൽ ചിലർ പരാജയപ്പെടുന്നുണ്ടെങ്കിലും മറ്റു ബാറ്റർമാർക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിക്കുന്നുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആവേശം നൽകുന്ന കാര്യമാണ്. വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ അടുത്ത മത്സരം നടക്കുന്നത്. മത്സരത്തിൽ കൂടി വിജയം സ്വന്തമാക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കാനും കഴിയും.

Scroll to Top