നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് നിൽക്കുന്നത്. എന്നിരുന്നാലും രാജസ്ഥാനെ സംബന്ധിച്ച് വലിയൊരു പ്രശ്നം ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലുണ്ട്. അത് ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ്.
പല സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള അശ്വിന്റെ വളരെ മോശം ബോളിംഗാണ് ഇത്തവണ കാണാൻ സാധിക്കുന്നത്. ഇതുവരെ 8 മത്സരങ്ങൾ രാജസ്ഥാനായി കളിച്ച അശ്വിന് കേവലം 2 വിക്കറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. അശ്വിന്റെ ബോളിങ്ങിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇപ്പോൾ രംഗത്തെത്തി ഇരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗ്.
രാജസ്ഥാൻ ഫ്രാഞ്ചൈസിക്കായി ഒരു വിക്കറ്റ് വേട്ടക്കാരന്റെ റോൾ നിർവഹിക്കാൻ അശ്വിന് സാധിക്കുന്നില്ല എന്ന് സേവാഗ് പറയുന്നു. അതിനാൽ തന്നെ എല്ലായിപ്പോഴും രാജസ്ഥാന്റെ മറ്റു ബോളർമാർക്ക് സമ്മർദ്ദം ഉണ്ടാകുന്നതായി സേവാഗ് ചൂണ്ടിക്കാട്ടി. പലപ്പോഴും അശ്വിൻ വിക്കറ്റുകൾക്ക് ഉപരിയായി റൺസ് വിട്ടുകൊടുക്കാതിരിക്കാനാണ് ശ്രമിക്കുന്നത് എന്ന് സേവാഗ് പറയുകയുണ്ടായി.
ഇത്തരത്തിലുള്ള മനോഭാവം മൂലമാണ് 2017ന് ശേഷം അശ്വിനെ ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കിയത് എന്നും സേവാഗ് പറഞ്ഞു. മധ്യ ഓവറുകളിൽ വിക്കറ്റുകൾ നേടാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ അശ്വിൻ ഒരു ടീമിനും ഗുണമായി മാറില്ല എന്നാണ് സേവാഗ് കരുതുന്നത്.
“പല മത്സരങ്ങളിലും അശ്വിൻ ശ്രമിക്കുന്നത് 6 റൺസിൽ കൂടുതൽ ഒരു ഓവറിൽ നൽകാതിരിക്കാനാണ്. പക്ഷേ ഈ ഓവറുകളിലൊന്നും അശ്വിന് വിക്കറ്റുകൾ ലഭിക്കുകയും ചെയ്യുന്നില്ല. ഈ കാരണം കൊണ്ടു തന്നെയായിരുന്നു 2017 ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം ഇന്ത്യ തങ്ങളുടെ ഏകദിന ടീമിൽ നിന്ന് അശ്വിനെ ഒഴിവാക്കിയത്. മധ്യ ഓവറുകളിൽ വേണ്ട രീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ അശ്വിന് സാധിക്കുന്നില്ല.”
“തിരികെ അവൻ ഇന്ത്യൻ ടീമിൽ എത്തിയതിന് ശേഷവും അവസ്ഥ ഇതുതന്നെയായിരുന്നു. ഇത്തരത്തിൽ നമ്മൾ ഓരോവരിൽ 6-7 റൺസിലധികം നൽകാതിരിക്കാൻ മാത്രം ശ്രദ്ധിക്കുമ്പോൾ അത് ബാറ്റർമാർക്ക് വലിയ അവസരമാണ്. അവർക്ക് മൈതാനത്ത് സെറ്റ് ആവാനുള്ള സമയം ഇതിലൂടെ ലഭിക്കുന്നു.”- സേവാഗ് പറഞ്ഞു.
“മറ്റുള്ള ബോളർമാർക്ക് ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവരൊന്നും അശ്വിന്റെ അത്ര മികവ് പുലർത്തുന്ന താരങ്ങളുമല്ല. അവർക്ക് ഇത്തരത്തിൽ 6-7 റൺസ് ഓവറുകളിൽ നൽകി രക്ഷപ്പെടാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ബാറ്റർമാർ അവർക്കെതിരെ അധികം റൺസും കണ്ടെത്തും.”
“ഈ സാഹചര്യത്തിൽ വിക്കറ്റ്നായി ബോൾ ചെയ്യുക എന്നത് മാത്രമാണ് പ്രധാന കാര്യം. ഡോട്ട് ബോളുകൾക്കായി ബോൾ ചെയ്യാതിരിക്കുക. ഇതാണ് എന്റെ അഭിപ്രായം. അശ്വിൻ ഒരുപാട് അനുഭവ സമ്പത്തുള്ള ബോളറാണ്. അതുകൊണ്ടു തന്നെ വിക്കറ്റുകൾ സ്വന്തമാക്കാനാണ് ശ്രമിക്കേണ്ടത്. വമ്പനടികൾ നേടാതെ രക്ഷപ്പെടുക എന്നത് രണ്ടാമത്തെ തന്ത്രമാണ്.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
“ട്വന്റി20യിൽ സ്ട്രൈക്ക് റേറ്റ് ഒരു പ്രശ്നമല്ല എന്ന് മുൻപ് കെഎൽ രാഹുൽ പറഞ്ഞതും അശ്വിന്റെ ഈ പ്രകടനത്തോട് തുല്യമാണ്. അവൻ അത് ബാറ്റിംഗിൽ പറഞ്ഞു എന്നു മാത്രമേയുള്ളൂ. അശ്വിൻ ഇത് ബോളിങ്ങിൽ കാട്ടുന്നു. വിക്കറ്റുകൾ സ്വന്തമാക്കേണ്ട കാര്യമില്ല എന്നാണ് അശ്വിൻ ഇവിടെ പറഞ്ഞു വയ്ക്കുന്നത്. ഇത്തരത്തിൽ മോശം കണക്കുകളാണ് അശ്വിനുള്ളതെങ്കിൽ ഒരുപക്ഷേ അടുത്ത ഐപിഎൽ ലേലത്തിൽ അശ്വിനെ ഒരു ടീമും സ്വന്തമാക്കുക പോലും ചെയ്യില്ല. ഒരു ടീം ഒരു താരത്തെ സ്വന്തമാക്കുമ്പോൾ അവർ പ്രതീക്ഷിക്കുന്നത് 25-30 റൺസ് മാത്രം വിട്ടു നൽകുക എന്നതിലാണോ, വിക്കറ്റുകൾ സ്വന്തമാക്കുക എന്നതിലാണോ?”- സേവാഗ് ചോദിക്കുന്നു.