നിലവിൽ ക്രിക്കറ്റ് ലോകം ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിനാണ്. ജൂൺ 9ന് ന്യൂയോർക്കിലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളെ സംബന്ധിച്ചും മത്സരം ഒരു അഭിമാന പ്രശ്നം തന്നെയാണ്. അവസാനമായി ഇരു ടീമുകളും ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കായിരുന്നു വിജയം.
ഇതിന്റെ കണക്ക് തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാൻ ഇത്തവണ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ യുവനിരയ്ക്ക് എതിരെ കൃത്യമായി തന്ത്രങ്ങൾ മെനഞ്ഞ് വിജയം സ്വന്തമാക്കാനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. മറുവശത്ത് ഇത്തവണയും വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യ ഭയക്കേണ്ട ഒരു പാക്കിസ്ഥാൻ താരത്തെ ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് കൈഫ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
പാക്കിസ്ഥാൻ നിരയിൽ ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാൻ പ്രാപ്തിയുള്ള താരം നസീം ഷായാണ് എന്ന് മുഹമ്മദ് കൈഫ് പറയുന്നു. യുവപേസറുടെ ബോളിംഗ് മികവിനെ ഇന്ത്യ കരുതലോടെ തന്നെ നേരിടണമെന്ന് കൈഫ് പറയുകയുണ്ടായി. “മികച്ച പേസ് നിരയാണ് പാകിസ്താന്റെ ശക്തി. ഷാഹിൻഷാ അഫ്രിദിയും നസീം ഷായും മികച്ച പേസർമാരാണ്. 2023 ഏകദിന ലോകകപ്പിൽ കളിക്കാൻ നസീം ഷായ്ക്ക് സാധിച്ചിരുന്നില്ല. അന്ന് പരിക്കിനെ തുടർന്ന് താരം പുറത്തിരിക്കുകയാണ് ഉണ്ടായത്. എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ ബൗൺസ് നിറഞ്ഞ ന്യൂയോർക്ക് പിച്ചിലാണ് അവൻ പന്ത് എറിയാൻ പോകുന്നത്.”- മുഹമ്മദ് കൈഫ് ഓർമിപ്പിക്കുന്നു.
“നസീം ഒരു മികച്ച പേസറാണ്. മെൽബണിൽ നടന്ന മത്സരത്തിൽ കോഹ്ലിയുടെ ക്യാച്ചവസരം തുടക്കത്തിൽ സൃഷ്ടിക്കാൻ നസീമിന് സാധിച്ചിരുന്നു. അവന്റെ വേഗതയെ ഇന്ത്യൻ ബാറ്റർമാർ കരുതിയിരിക്കണം. പാക്കിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് അല്പം ദുർബലമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പാക്കിസ്ഥാൻ നിരയിൽ വേഗത്തിൽ റൺസ് സ്വന്തമാക്കാൻ സാധിക്കുന്ന താരം ഫക്കർ സമനാണ്. അവൻ മികവ് പുലർത്തിയാൽ മത്സരത്തിന്റെ ഗതി മാറ്റി നിശ്ചയിക്കാൻ സാധിക്കും. ഇഫ്തിക്കാർ അഹമ്മദും മികച്ച ബാറ്ററാണ് എന്നാൽ മറ്റു ബാറ്റർമാരെല്ലാം 120 സ്ട്രൈക്ക് റേറ്റിലാണ് കളിക്കാറുള്ളത്. ബാറ്റിംഗ് ദുർബലമാണെങ്കിലും പാക്കിസ്ഥാന്റെ ബോളിങ് നിരയെ നമ്മൾ ഭയക്കുക തന്നെ വേണം.”- കൈഫ് കൂട്ടിച്ചേർക്കുന്നു.
മുൻപ് പല സമയത്തും ഇന്ത്യയുടെ ബാറ്റർമാരെ വിറപ്പിക്കാൻ പാകിസ്ഥാൻ പേസർമാർക്ക് സാധിച്ചിരുന്നു. ഷാഹിൻ അഫ്രീദി, മുഹമ്മദ് അമീർ തുടങ്ങിയ ബോളർമാരെല്ലാം പുതിയ ബോളിൽ ഇന്ത്യയെ വിറപ്പിച്ചവരാണ് മാത്രമല്ല ഇന്ത്യയുടെ മുൻനിര ബാറ്റർമാർക്ക് പാക്കിസ്ഥാനെതിരെ വളരെ മികച്ച റെക്കോർഡുകൾ സ്വന്തമാക്കാൻ സാധിച്ചിട്ടുമില്ല. വിരാട് കോഹ്ലിയുടെ പ്രകടനങ്ങൾ ഒഴിവാക്കിയാൽ കഴിഞ്ഞ സമയങ്ങളിൽ പാകിസ്ഥാനെതിരെ മോശം പ്രകടനങ്ങളാണ് ഇന്ത്യൻ ബാറ്റിംഗ് പുറത്തെടുത്തിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ രോഹിത് ശർമയുടെ ഫോമും വളരെ മോശമായിരുന്നു. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ പേസർമാർക്കെതിരെ ഇന്ത്യ കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്.