ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ പരിക്ക് മൂലം മാറി നിന്ന ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലി രണ്ടാം മത്സരത്തിൽ കളിക്കുമെന്ന് ഉറപ്പിച്ച് ഇന്ത്യൻ താരമായ ശുഭ്മാൻ ഗില്‍. കാൽമുട്ടിന് പരിക്കേറ്റതിനാലായിരുന്നു കോഹ്ലി നാഗ്പൂരിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ നിന്ന് മാറിനിന്നത്.
എന്നാൽ കോഹ്ലിയുടെ ആരാധകർക്ക് ഒരുപാട് ആശ്വാസം നൽകുന്ന ഒരു പ്രതികരണവുമായാണ് ശുഭമാൻ ഗിൽ ആദ്യം രംഗത്തെത്തിയത്. യാതൊന്നും തന്നെ പേടിക്കാനില്ലെന്നും വിരാട് കോഹ്ലി രണ്ടാം മത്സരത്തിൽ കളിക്കുമെന്നും ഗിൽ ഉറപ്പിച്ചു പറയുകയുണ്ടായി.
“മത്സര ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരുന്നു കോഹ്ലിയുടെ കാൽമുട്ടിൽ ചെറിയൊരു വീക്കം ഉണ്ടായത്. അതിന് മുൻപ് പരിശീലന സെഷൻ വരെ കോഹ്ലിയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. പക്ഷേ ഈ പരിക്കിൽ പേടിക്കേണ്ട ആവശ്യമില്ല. രണ്ടാ ഏകദിന മത്സരത്തിൽ പൂർണ്ണമായ ഫിറ്റ്നസോടുകൂടി വിരാട് കോഹ്ലി മടങ്ങിയെത്തും എന്ന കാര്യം ഉറപ്പാണ്.”- ആദ്യ മത്സരത്തിന് ശേഷം ഗിൽ പറയുകയുണ്ടായി. ഇപ്പോൾ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ പരിശീലകനായ കോടക്.
രണ്ടാം മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിനാണ് കോഹ്ലിയുടെ ലഭ്യതയെപ്പറ്റി കോടക് സംസാരിച്ചത്. “കോഹ്ലി ഇപ്പോൾ തന്നെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ഇന്ന് കോഹ്ലി മൈതാനത്ത് പരിശീലനത്തിനായി ഇറങ്ങിയിരുന്നു. വളരെ നന്നായി തന്നെ പരിശീലനം പൂർത്തീകരിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു.”- ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് പറയുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് നിലവിൽ വലിയ കാര്യം തന്നെയാണ്. 2025 ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമുള്ളപ്പോൾ വിരാട് കോഹ്ലി പൂർണ ഫിറ്റ്നസോടെ ടീമിലേക്ക് തിരികെയെത്തിയത് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.
അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്ചവച്ച് വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ബോളിങ്ങിൽ ജഡേജയും റാണയും തിളങ്ങിയപ്പോൾ ബാറ്റിംഗിൽ ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും അക്ഷർ പട്ടേലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയായിരുന്നു.



