“ആത്മവിശ്വാസമുള്ള ഡ്രസിങ് റൂം. പിച്ച് മനസിലാക്കി കളിച്ച ഗിൽ”, വിജയ കാരണങ്ങൾ പറഞ്ഞ് രോഹിത് ശർമ.

ബംഗ്ലാദേശിനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ 6 വിക്കറ്റ്കളുടെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ഒരു ദുരന്ത തുടക്കം ആയിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് ബംഗ്ലാദേശ് ബാറ്റർ ഹൃദോയ് സെഞ്ച്വറി സ്വന്തമാക്കുകയും ടീമിനെ 228 എന്ന ഭേദപ്പെട്ട സ്കോറില്‍ എത്തിക്കുകയും ചെയ്തു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ശുഭ്മാൻ ഗില്ലാണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. ഗില്ലിന്റെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 6 വിക്കറ്റ് വിജയം നേടിയത്. മത്സരത്തിലെ വിജയത്തെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

പിച്ചിനെ കൃത്യമായി നിരീക്ഷിക്കാനും മനസ്സിലാക്കി കളിക്കാനും തങ്ങൾക്ക് സാധിച്ചു എന്നാണ് രോഹിത് ശർമ പറഞ്ഞത്. “ഇവിടെയെത്തി കളിക്കുന്നതിന് മുൻപ് ഞങ്ങൾക്കാവശ്യം ആത്മവിശ്വാസം ആയിരുന്നു. മത്സരം മുൻപിലേക്ക് പോകുമ്പോൾ വ്യത്യസ്തതരം വികാരങ്ങൾ ഉണ്ടാവുമെന്നത് വസ്തുതയാണ്. പക്ഷേ ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിൽ താരങ്ങളൊക്കെയും വലിയ അനുഭവസമ്പത്തുള്ളവരാണ്. രാഹുലും ഗില്ലും വളരെ നന്നായി തന്നെ കളിക്കുകയുണ്ടായി. പിച്ച വളരെ സ്ലോയാണ് എന്ന് ഒരു മത്സരത്തിന് ശേഷം പറയാൻ സാധിക്കില്ല. സാഹചര്യങ്ങൾ മനസ്സിലാക്കി മുൻപിലേക്ക് പോവുക എന്നതാണ് ഏറ്റവും മികച്ച കാര്യം. ഞങ്ങൾ ടീം എന്ന നിലയിൽ ഈ സാഹചര്യങ്ങൾ നന്നായി നിരീക്ഷിച്ചിരുന്നു.”- രോഹിത് പറഞ്ഞു.

“ചാമ്പ്യൻസ് ട്രോഫി പോലെയുള്ള ടൂർണമെന്റുകളിൽ ഏത് സമയത്തും ടീമിന് സമ്മർദ്ദം ഉണ്ടാകും. മുഹമ്മദ് ഷാമി മത്സരത്തിൽ പുറത്തെടുത്ത പ്രകടനത്തിൽ വലിയ സന്തോഷമുണ്ട്. ദീർഘകാലമായി ഷാമിക്കായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. കാരണം എന്താണ് അവന് ടീമിനായി ചെയ്യാൻ സാധിക്കുക എന്ന ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. ആവശ്യമായ സമയത്ത് ഷാമിയെ പോലെയുള്ള താരങ്ങൾ മുൻപിലേക്ക് വന്ന് ഇത്തരത്തിൽ മികവ് പുലർത്തേണ്ടതുണ്ട്. ഗില്‍ ഒരു ക്ലാസ് ബാറ്ററാണ് എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ അവന്റെ പ്രകടനത്തിൽ വലിയ അത്ഭുതമായി എനിക്ക് തോന്നിയില്ല.”- രോഹിത് കൂട്ടിച്ചേർത്തു.

“മത്സരത്തിന്റെ അവസാന ഭാഗം വരെ അവൻ ബാറ്റ് ചെയ്തത് വലിയ സന്തോഷം നൽകുന്നു. ഞാൻ മത്സരത്തിൽ ഒരു അനായാസ ക്യാച്ച് വിട്ടു കളയുകയുണ്ടായി. അത്തരമൊരു ക്യാച്ച് നിലവാരമുള്ള ക്രിക്കറ്റർ എന്ന നിലയിൽ കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കണമായിരുന്നു. പക്ഷേ ഇത്തരം കാര്യങ്ങൾ നമുക്ക് ചുറ്റും ക്രിക്കറ്റിൽ സംഭവിക്കും. ബംഗ്ലാദേശിനെ മികച്ച നിലയിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് പൂർണമായും ഹൃദോയ്ക്കും ജയ്ക്കർ അലിക്കുമാണ് കൊടുക്കുന്നത്. കാരണം മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. അടുത്ത മത്സരത്തിലും പിച്ച് ഇതേ രീതിയിൽ തുടരുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. പക്ഷേ ഏകദേശം സാമ്യം ഉണ്ടായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- രോഹിത് പറഞ്ഞുവെക്കുന്നു.

Previous articleസെഞ്ച്വറിയുമായി ഗിൽ, 5 വിക്കറ്റുമായി ഷാമി. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ.
Next articleരഞ്ജി ട്രോഫിയിൽ കേരളം ചരിത്രഫൈനലിലേക്ക് .. 2 റൺസ് ലീഡ് നേടി.