ഇന്ത്യയുടെ യുവതാരം ജയസ്വാളിന് അങ്ങേയറ്റം പ്രശംസകളുമായി മുൻ പാക്കിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേറിയ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ 434 റൺസിന്റെ ചരിത്ര വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ച താരമാണ് ജയസ്വാൾ. മത്സരത്തിൽ ഒരു തകർപ്പൻ ഇരട്ട സെഞ്ച്വറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിരുന്നു.
മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ 2-1 എന്ന നിലയിൽ മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ജയസ്വാളിന് പ്രശംസകളുമായി ഡാനിഷ് കനേറിയ രംഗത്ത് എത്തിയത്. ഇന്ത്യൻ മുൻ താരം വീരേന്ദർ സേവാഗിന്റെയും സൗരവ് ഗാംഗുലിയുടെയും ഒരു കോമ്പിനേഷനാണ് ജയസ്വാൾ എന്ന് ഡാനിഷ് കനേറിയ പറയുകയുണ്ടായി.
പലപ്പോഴും തനിക്ക് ഒരു ഇടംകയ്യൻ വീരേന്ദർ സേവാഗായാണ് ജയസ്വാളിനെ തോന്നാറുള്ളത് എന്നും കനേറിയ പറയുകയുണ്ടായി. മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ ജെയിംസ് ആൻഡേഴ്സനെ ജയസ്വാൾ നേരിട്ട് രീതിയെ പ്രശംസിച്ചു കൊണ്ടാണ് കനേറിയ സംസാരിച്ചത്.
ആൻഡേഴ്സൺ കൃത്യമായി ജയസ്വാളിനെ പൂട്ടാനായി കെണിയൊരുക്കിയിരുന്നുവെന്നും, പക്ഷേ അത് മനസ്സിലാക്കിയ ജയസ്വാൾ ആൻഡേഴ്സനെ തിരികെ ആക്രമിക്കുകയായിരുന്നു എന്നുമാണ് കനേറിയ പറഞ്ഞത്. ജയസ്വാളിന്റെ ടെസ്റ്റ് കരിയറിന് വളരെ മികച്ച തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത് എന്ന് കനേറിയ വിശ്വസിക്കുന്നു.
“ജയസ്വാൾ സൗരവ് ഗാംഗുലിയുടെയും വീരേന്ദർ സേവാഗിന്റെയും ഒരു കോമ്പിനേഷനാണ്. പലപ്പോഴും വീരേന്ദർ സേവാഗിന്റെ ഇടംകയ്യൻ വേർഷനായാണ് എനിക്ക് ജയസ്വാളിനെ തോന്നാറുള്ളത്. നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളാണ് ജെയിംസ് ആൻഡേഴ്സൺ. ഇതുവരെ 700 വിക്കറ്റുകളോളം ആൻഡേഴ്സൺ സ്വന്തമാക്കി കഴിഞ്ഞു.”
”മാത്രമല്ല കാലങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹം കളിക്കുകയും ചെയ്യുന്നുണ്ട്. മൂന്നാം മത്സരത്തിൽ ജയസ്വാളിനെ കുടുക്കാനായി ഒരു വലിയ കെണി തന്നെയാണ് ആൻഡേഴ്സൺ രൂപീകരിച്ചത്. എന്നാൽ ഇത് ജയസ്വാൾ കൃത്യമായി മനസ്സിലാക്കുകയും ആ കെണി അടിച്ചൊതുക്കുകയും ചെയ്തു.”- കനേറിയ പറയുന്നു.
തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിന് മികച്ച തുടക്കം തന്നെയാണ് ജയസ്വാളിന് ലഭിച്ചിട്ടുള്ളത്. ഇതുവരെ 7 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറികൾ സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചു. മാത്രമല്ല ആദ്യ മൂന്ന് ടെസ്റ്റ് സെഞ്ച്വറികളും 150 നു മുകളിലുള്ള ഒരു സ്കോറാക്കി മാറ്റാനും ജയസ്വാളിന് സാധിച്ചിട്ടുണ്ട്.
തന്റെ അരങ്ങേറ്റ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ 171 റൺസാണ് ഈ യുവതാരം നേടിയത്. ശേഷം ഇപ്പോൾ 2 ഇരട്ട സെഞ്ച്വറികളും ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് ജയസ്വാളിന്റെ ഈ പ്രകടനം.