“അവൻ ടീമിന് മുതൽക്കൂട്ടാണ്, നിർണായക സമയങ്ങളിൽ മികവ് പുലർത്തുന്ന താരം”, രോഹിത് ശർമ

497bc2a1 cc47 4bef ba55 5daff33dba0b

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 280 റൺസിന്റെ വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ച്വറി സ്വന്തമാക്കിയ അശ്വിന്റെ ബലത്തിൽ 376 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനെ എറിഞ്ഞിടാൻ ഇന്ത്യയുടെ പേസർ ബുംറയ്ക്ക് സാധിച്ചു. ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് കേവലം 149 റൺസിൽ അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ഗില്ലും പന്തും സെഞ്ച്വറി സ്വന്തമാക്കി. അവസാന ഇന്നിങ്സിൽ 515 റൺസായിരുന്നു ബംഗ്ലാദേശിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അശ്വിൻ 6 വിക്കറ്റുകളുമായി മികച്ച പ്രകടനം നടത്തിയതോടെ ബംഗ്ലാദേശ് 234 റൺസിൽ പുറത്താവുകയായിരുന്നു. മത്സരത്തിലെ വിജയത്തെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ വിജയത്തിൽ വലിയ സന്തോഷമുണ്ട് എന്നാണ് രോഹിത് ശർമ പ്രസന്റേഷൻ സമയത്ത് പറഞ്ഞത്. “മുൻപിലേക്ക് ചിന്തിക്കുമ്പോൾ, ഇത് ഞങ്ങളെ സംബന്ധിച്ച് വളരെ നല്ലൊരു ഫലമാണ്. കുറച്ചധികം കാലങ്ങൾക്ക് ശേഷമാണ് ഞങ്ങൾ കളിക്കുന്നത്. ഒരാഴ്ച മുൻപ് തന്നെ ഞങ്ങൾ മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ഞങ്ങൾക്ക് ആവശ്യമായ ഫലമാണ് മത്സരത്തിൽ നിന്ന് ലഭിച്ചത്. ഋഷഭ് പന്ത് വളരെ പ്രയാസകരമായ സമയത്തിലൂടെയാണ് ഇതുവരെ കടന്നു പോയിട്ടുള്ളത്. അത്തരം സാഹചര്യത്തിൽ നിന്ന് മികച്ച രീതിയിൽ തിരിച്ചുവരാൻ അവന് സാധിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ അവൻ ക്രിക്കറ്റിലേക്ക് തിരികെ എത്തുകയും, ശേഷം വളരെ വിജയകരമായി ലോകകപ്പിൽ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റാണ് അവൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഫോർമാറ്റ്.”- രോഹിത് ശർമ പറഞ്ഞു.

“പന്തിന് ആവശ്യമായ സമയം മൈതാനത്ത് നൽകുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. ദുലീപ് നന്നായി കളിക്കാൻ അവന് സാധിച്ചിരുന്നു. അതിനാൽ തന്നെ അവൻ ഇനിയുള്ള മത്സരങ്ങളിലും മികവ് പുലർത്തണമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇന്ത്യയിൽ കളിക്കുമ്പോഴും വിദേശ പിച്ചുകളിൽ കളിക്കുമ്പോഴും ശക്തമായ ഒരു ബോളിങ് നിരയെ ഉണ്ടാക്കിയെടുക്കാനും, അതിനൊപ്പം ടീമിനെ കെട്ടിപ്പടുക്കാനുമാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. ഏത് സാഹചര്യങ്ങളാണ് നിലവിലുള്ളതെങ്കിലും അതിനോട് പൊരുത്തപ്പെടാൻ ഞങ്ങൾ തയ്യാറാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങൾ ഇവിടെ കളിക്കുന്നുണ്ട്. കൃത്യമായി വിജയങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പിച്ച് പേസിനെ പിന്തുണച്ചാലും സ്പിന്നിനെ പിന്തുണച്ചാലും ഞങ്ങൾ മികച്ചുനിൽക്കുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.

Read Also -  ചരിതം. ദക്ഷിണാഫ്രിക്കയെ വീണ്ടും തകർത്ത് അഫ്ഗാൻ. ഏകദിന പരമ്പര സ്വന്തമാക്കി

“ഇത്തരം പിച്ചുകളിൽ നമുക്കാവശ്യം കുറച്ച് ക്ഷമയാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ആ ക്ഷമ ആവശ്യമാണ്. ബാറ്റിംഗിൽ ക്ഷമ നമ്മൾ പുലർത്തുകയാണെങ്കിൽ ആവശ്യമായ റൺസ് കണ്ടെത്താൻ സാധിക്കും. ബോളിങ്ങിൽ ക്ഷമയോടുകൂടി കാര്യങ്ങളെ നോക്കി കണ്ടാൽ എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനും, കൃത്യമായ ഏരിയകളിൽ പന്തയറിയാനും കഴിയും. അശ്വിൻ ഞങ്ങൾക്കെല്ലായിപ്പോഴും മുതൽക്കൂട്ടാണ്. എപ്പോഴൊക്കെ അവനിലേക്ക് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, അപ്പോഴൊക്കെയും ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാന്‍ അവന് സാധിച്ചിട്ടുണ്ട്.”

“അവനെപ്പറ്റി എത്ര പറഞ്ഞാലും ഞങ്ങൾക്ക് മതിയാവില്ല. മൈതാനത്ത് എത്തി തന്റെ ജോലി പൂർത്തിയാക്കാൻ അവൻ മിടുക്കനാണ്. ഒരിക്കലും മത്സരത്തിന് പുറത്തേക്ക് അവൻ പോകാറില്ല. ഇതിന് മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗാണ് അശ്വിൻ അവസാനമായി കളിച്ചത്. ശേഷം തമിഴ്നാട് പ്രീമിയർ ലീഗിൽ കുറച്ചു മത്സരങ്ങൾ കളിച്ചു. ടൂർണമെന്റിൽ മുൻനിരയിലായിരുന്നു അശ്വിൻ കളിച്ചത്. അത് അവന്റെ ബാറ്റിംഗിൽ മെച്ചങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.”- രോഹിത് ശർമ പറഞ്ഞുവെക്കുന്നു.

Scroll to Top