അവൻ ക്രിക്കറ്റിനെ അവഹേളിച്ച് പോയതാണ്, അതിനുള്ള മറുപടി കിട്ടി.. ഇന്ത്യൻ താരത്തെപറ്റി സുനിൽ ഗവാസ്കർ.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പരാജയമായ താരമാണ് മുംബൈ ഇന്ത്യൻസിന്റെ ഓപ്പണർ ഇഷാൻ കിഷൻ. വലിയ പ്രതീക്ഷയോടെ ഐപിഎല്ലിൽ എത്തിയെങ്കിലും യാതൊരു തരത്തിലും തിളങ്ങാൻ കിഷന് സാധിച്ചില്ല. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ കിഷന്റെ ഈ ദയനീയ പരാജയത്തിൽ തന്റെ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. പല മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ ഇന്നിംഗ്സുകളാക്കി മാറ്റാൻ കിഷന് സാധിച്ചില്ല എന്ന് ഗവാസ്കർ പറയുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയുടെ പരാജയത്തിൽ വലിയൊരു പങ്കുവഹിച്ചത് കിഷന്റെ മോശം പ്രകടനങ്ങളാണ് എന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു.

ഇഷാൻ കിഷൻ ഇപ്പോൾ ക്രിക്കറ്റിനെ യാതൊരു തരത്തിലും ബഹുമാനിക്കുന്നില്ലയെന്നും, തന്റേതായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് അവനെ ബാധിക്കുന്നുണ്ടന്നും ഗവാസ്കർ ചൂണ്ടിക്കാട്ടുകയുണ്ടായി. ഐപിഎല്ലിൽ ബോളർമാർക്കെതിരെ കൃത്യമായി ആധിപത്യം സ്ഥാപിക്കാം എന്ന അമിതമായ ആത്മവിശ്വാസമാണ് ഇഷാൻ കിഷനെ ചതിച്ചത് എന്ന് ഗവാസ്കർ വിശ്വസിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ബോളർമാരെ പൂർണമായും ആക്രമിക്കാം എന്ന അതിമോഹത്തോടെ ഇഷാൻ എത്തുകയായിരുന്നുവെന്നും പക്ഷേ അന്താരാഷ്ട്ര ബോളർമാർ കിഷനെതിരെ വളരെ കരുതലോടെ പന്തറിഞ്ഞുവെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു. ഈ അഭിപ്രായത്തോട് ഇർഫാൻ പത്താനും യോജിക്കുകയുണ്ടായി.

“ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് മുന്നോടിയായി ഇഷാൻ കിഷൻ തിരികെ പോയിരുന്നു. അതിന് ശേഷം ക്രിക്കറ്റ് ഒന്നുംതന്നെ കളിക്കാൻ കിഷന് സാധിച്ചിട്ടില്ല. അത് അവന്റെ വലിയൊരു അഹങ്കാരമായിരുന്നു. ഐപിഎല്ലിൽ ബോളർമാർക്കെതിരെ കൃത്യമായി ആധിപത്യം സ്ഥാപിക്കാൻ തനിക്ക് കഴിയുമെന്ന് ഇഷാൻ കരുതി അത് ക്രിക്കറ്റിനോട് അവൻ കാണിച്ച ഒരു അനാദരവ് തന്നെയായിരുന്നു. ക്രിക്കറ്റിനെ നമ്മൾ ഇത്തരത്തിൽ ബഹുമാനിക്കാതിരുന്നാൽ, അത് നമ്മളെ ഒരു പാഠം പഠിപ്പിക്കും. നിസ്സാരമായി നമ്മൾ കാണാൻ തുടങ്ങിയാൽ തിരിച്ചടിക്കുന്ന ഒരു മത്സരമാണ് ക്രിക്കറ്റ്.”- സുനിൽ ഗവാസ്കർ പറഞ്ഞു.

“ഐപിഎല്ലിൽ നിങ്ങൾക്ക് വെറുതെ വന്ന് ആക്രമിച്ചു കളിക്കാൻ അങ്ങനെ സാധിക്കില്ല. അന്താരാഷ്ട്ര താരങ്ങൾക്കെതിരെ വലിയ പോരാട്ടം നയിക്കേണ്ട ലീഗാണ് ഐപിഎൽ. അവരെ ചുമ്മാ ആക്രമിക്കാൻ സാധിക്കില്ല എന്നത് ഉറപ്പാണ്.”-ഗവാസ്കർ ചൂണ്ടിക്കാട്ടുന്നു. ഗവാസ്കറുടെ ഈ അഭിപ്രായത്തോട് പൂർണ്ണമായ യോജിപ്പാണ് ഇർഫാൻ പത്താനും നടത്തിയത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ഇഷാൻ തയ്യാറായിരുന്നില്ല എന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്. ഐപിഎല്ലിനായി അവൻ തയ്യാറെടുത്തെങ്കിലും ടൂർണമെന്റിൽ മത്സരിക്കാൻ അവന്റെ ശരീരം തയ്യാറായില്ല എന്ന് ഇർഫാൻ കൂട്ടിച്ചേർത്തു.

Previous articleനല്ല സയയത്ത് വിരമിക്കണം. ടോണി ക്രൂസ് ഫുട്ബോളില്‍ നിന്നും വിടവാങ്ങുന്നു.
Next article“ബഹുമാനം ചോദിച്ച് വാങ്ങേണ്ടതല്ല, ഞാൻ അത് ചെയ്യാറില്ല”. വൈറലായി മഹേന്ദ്രസിംഗ് ധോണിയുടെ വാക്കുകൾ.