അവസാന ഓവറിൽ സൽമാൻ നിസാറിന്റെ ഉഗ്രൻ സേവ്. തൃശൂരിനെ ത്രില്ലറിൽ പൂട്ടി കാലിക്കറ്റ്.

കേരള ക്രിക്കറ്റ് ലീഗിൽ ത്രില്ലർ പോരാട്ടത്തിൽ വിജയം സ്വന്തമാക്കി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. തൃശ്ശൂരിനെതിരായ ആവേശ മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് കാലിക്കറ്റ് ടീം മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിനായി അജ്നാസും സൽമാൻ നിസാറുമാണ് മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.

മറുപടി ബാറ്റിംഗിൽ തൃശ്ശൂരിനായി ഇമ്രാൻ ഒറ്റയാൾ പോരാട്ടം നയിക്കുകയുണ്ടായി. എന്നാൽ അവസാന ഓവറിലെ സൽമാൻ നിസാറിന്റെ ഒരു വമ്പൻ സേവ് മത്സരത്തിന്റെ ഗതി കാലിക്കറ്റിന് അനുകൂലമാക്കി മാറ്റുകയായിരുന്നു..

മത്സരത്തിൽ ടോസ് നേടിയ തൃശ്ശൂർ ടൈറ്റൻസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ രോഹൻ കുന്നുമ്മൽ കാലിക്കറ്റിന് മികച്ച തുടക്കം നൽകാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ നഷ്ടമായത് തുടക്കത്തിൽ തന്നെ തിരിച്ചടി സൃഷ്ടിച്ചു. രോഹൻ 10 പന്തുകളിൽ 20 റൺസ് നേടിയെങ്കിലും സഞ്ജയ് രാജ് പൂജ്യനായി മടങ്ങി. ഒപ്പം അഖിൽ സ്കറിയും(9) മടങ്ങിയതോടെ കാലിക്കറ്റ് പതറി. എന്നാൽ ഇതിന് ശേഷം ഒരു വെടിക്കെട്ട് കൂട്ടുകെട്ടാണ് വിക്കറ്റ് കീപ്പർ അജ്നാസും സൽമാൻ നിസാറും ചേർന്ന് കാലിക്കറ്റിനായി അണിയിച്ചൊരുക്കിയത്. ഇരുവരും പക്വതിയാർന്ന ബാറ്റിംഗ് പ്രകടനത്തോടെ ടീമിനെ കൈപിടിച്ച് കയറ്റുകയുണ്ടായി.

അജിനാസ് 39 പന്തുകളിൽ 4 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 59 റൺസാണ് മത്സരത്തിൽ നേടിയത്. സൽമാൻ നിസാർ 37 പന്തുകളിൽ 44 റൺസ് നേടി. ഒപ്പം അവസാന ഓവറുകളിൽ പല്ലം അൻഫൽ കൂടി അടിച്ചുതകർത്തതോടെ കാലിക്കറ്റ് മികച്ച ഒരു സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 10 പന്തുകൾ മത്സരത്തിൽ നേരിട്ട അൻഫൽ 3 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 33 റൺസ് നേടുകയുണ്ടായി. ഇതോടെ നിശ്ചിത 20 ഓവറുകളിൽ 183 റൺസ് നേടാൻ കാലിക്കറ്റ് ടീമിന് സാധിച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച തൃശ്ശൂരിന് ആനന്ദ് സാഗറിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ നായകൻ വരുൺ നായനാരും(30) വിഷ്ണു വിനോദും(33) മികച്ച പ്രകടനം കാഴ്ച വച്ചു.

ശേഷമെത്തിയ അഹമ്മദ് ഇമ്രാനും ക്രീസിലുറച്ചത് തൃശ്ശൂരിന് ആശ്വാസമായി മാറുകയായിരുന്നു. എന്നാൽ പിന്നീട് നിരന്തരം വിക്കറ്റുകൾ നഷ്ടമായത് തൃശ്ശൂരിനെ ബാധിച്ചു. ഒരുവശത്ത് ഇമ്രാൻ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് ബാറ്റർമാർ പക്വതയില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു. അവസാന 2 ഓവറുകളിൽ 3 വിക്കറ്റുകൾ ശേഷിക്കെ 22 റൺസായിരുന്നു തൃശ്ശൂരിന് വിജയിക്കാൻ വേണ്ടിയിരുന്നത്.

മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ തുടർച്ചയായി ബൗണ്ടറികൾ നേടി കാലിക്കറ്റിനെ ഞെട്ടിക്കാൻ ഇമ്രാനെ സാധിച്ചു. ഇതിനിടെ 35 പന്തുകളിൽ ഇമ്രാൻ തന്റെ അർധ സെഞ്ച്വറിയും പൂർത്തീകരിച്ചു. ഇതോടെ തൃശ്ശൂരിന്റെ അവസാന ഓവറിലെ വിജയലക്ഷ്യം 10 റൺസായി മാറുകയായിരുന്നു.

പക്ഷേ അവസാന ഓവറുടെ ആദ്യ പന്തിൽ ഇമ്രാനെ പുറത്താക്കി അഖിൽ കാലിക്കറ്റിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ശേഷം ഓവറിലെ അഞ്ചാം പന്തിൽ ഗോകുൽ ഉയർത്തിയടിച്ച ഒരു വമ്പൻ ഷോട്ട് സൽമാൻ നിസാർ ബൗണ്ടറിയുടെ തൊട്ടരികിൽ നിന്ന് അത്ഭുതകരമായി സേവ് ചെയ്യുകയുണ്ടായി. ഇതോടെ തൃശ്ശൂരിന്റെ അവസാന പന്തിലെ വിജയലക്ഷ്യം 7 റൺസായി മാറുകയായിരുന്നു. അവസാന പന്തിൽ അഖിൽ ഗോകുലിന്റെ കുറ്റി തെറിപ്പിച്ചതോടെ മത്സരത്തിൽ കാലിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 6 റൺസിലാണ് കാലിക്കറ്റിന്റെ വിജയം.

Previous articleകൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.
Next article2025 ഐപിഎല്ലിലും സഞ്ജു രാജസ്ഥാൻ നായകൻ. സ്ഥിരീകരിച്ച് രാജസ്ഥാൻ റോയൽസ്.