ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ദയനീയമായ പരാജയം നേരിട്ട് ഇന്ത്യ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 5 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് ഋതുരാജ് ആയിരുന്നു. ഋതുരാജ് മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. അതേസമയം മറുവശത്ത് മാക്സ്വെൽ മറ്റൊരു സെഞ്ച്വറി നേടി ഓസ്ട്രേലിയയ്ക്കായി വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര 2-1ൽ എത്തിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിന് ശേഷം വലിയ നിരാശ നൽകുന്ന പരാജയം തന്നെയാണ് ഇത്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിലെ ഇന്ത്യയുടെ വജ്രായുധങ്ങൾ ആയിരുന്ന ജയിസ്വാളിനെയും(6) ഇഷാൻ കിഷനെയും(0) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ ഓസ്ട്രേലിയയുടെ പേസർമാർക്ക് സാധിച്ചു. എന്നാൽ ഒരുവശത്ത് ഋതുരാജ് ക്രീസിൽ ഉറക്കുകയായിരുന്നു. സൂര്യകുമാർ യാദവുമൊത്ത് മൂന്നാം വിക്കറ്റിൽ ഒരു കിടിലൻ കൂട്ടുകെട്ടാണ് ഋതുരാജ് കെട്ടിപ്പൊക്കിയത്. മത്സരത്തിൽ സൂര്യകുമാർ 39 റൺസ് നേടി. സൂര്യ പുറത്തായ ശേഷം തിലക് വർമയെ കൂട്ടുപിടിച്ച് ഋതുരാജ് അവസാന ഓവറുകളിൽ തീയായി മാറുകയായിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് ഋതുരാജ് സ്വന്തമാക്കിയത്.
മത്സരത്തിൽ 57 പന്തുകൾ നേരിട്ട ഋതുരാജ് 123 റൺസ് നേടുകയുണ്ടായി. 13 ബൗണ്ടറികളും 7 സിക്സറുകളും ഋതുരാജിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. തിലക് വർമ 24 പന്തുകളിൽ 31 റൺസ് നേടി ഋതുരാജിന് മികച്ച പിന്തുണ നൽകി. ഇങ്ങനെ ഇന്ത്യയുടെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 222 റൺസിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് തകർപ്പൻ തുടക്കം തന്നെയാണ് ട്രാവസ് ഹെഡ് നൽകിയത്. ഇന്ത്യൻ ബോളർമാർക്കെതിരെ പവർപ്ലെയിൽ ആക്രമണം അഴിച്ചുവിടാൻ ഹെഡിന് സാധിച്ചു. മത്സരത്തിൽ 18 പന്തുകളിൽ 8 ബൗണ്ടറികളടക്കം 35 റൺസ് ഹെഡ് നേടുകയുണ്ടായി. എന്നാൽ കൃത്യമായ സമയത്ത് ഓസ്ട്രേലിയയുടെ വിക്കറ്റുകൾ പിഴുതെറിഞ്ഞ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു.
ഒരുവശത്ത് ഗ്ലെൻ മാക്സ്വെൽ ക്രീസിലുറച്ചെങ്കിലും മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യയുടെ ബോളർമാർക്ക് സാധിച്ചിരുന്നു. എന്നാൽ ഏഴാമനായി ക്രീസിലെത്തിയ മാത്യു വെയ്ഡ് മാക്സ്വെല്ലിന് മികച്ച പിന്തുണ നൽകി. മത്സരത്തിന്റെ അവസാന ഓവറിൽ 21 റൺസ് ആയിരുന്നു ഓസ്ട്രേലിയക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. മത്സരത്തിന്റെ അവസാന ഓവറിൽ പ്രസീദ് കൃഷ്ണയെ തുടർച്ചയായി ബൗണ്ടറികൾ പറത്തി മാക്സ്വെൽ ഓസ്ട്രേലിയയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. മാക്സ്‌വെൽ മത്സരത്തിൽ 48 പന്തുകളിൽ 104 റൺസാണ് സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെട്ടു.