അവനെയാണ് ഇംഗ്ലണ്ട് ഭയക്കുന്നത്. ഇന്ത്യൻ യുവതാരത്തെ പറ്റി മൈക്കിൾ വോൺ.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി ഇതുവരെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരമാണ് ജയസ്‌വാൾ. തന്റെ ഇന്നിംഗ്സുകളിലൊക്കെയും ഒരു ഏകദിന സമാനമായ മനോഭാവമാണ് ജയ്‌സ്വാൾ വെച്ച് പുലർത്തിയിട്ടുള്ളത്. വരും മത്സരങ്ങളും ഇംഗ്ലണ്ട് ടീം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ജയസ്വാളിന്റെ ആക്രമണ മനോഭാവത്തിലുള്ള ബാറ്റിംഗായിരിക്കും എന്നാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ജയസ്വാളിന്റെ കഴിഞ്ഞ സമയങ്ങളിലെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചു കൊണ്ടാണ് മൈക്കിൾ വോൺ സംസാരിച്ചത്. ഒരു അവിശ്വസനീയ താരം തന്നെയാണ് ജയസ്വാൾ എന്ന് മൈക്കിൾ വോൺ അടിവരയിട്ടു പറയുന്നു.

ഇതുവരെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 4 ഇന്നിങ്സുകളാണ് ജയസ്വാൾ ബാറ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 321 റൺസ് സ്വന്തമാക്കാൻ ഈ യുവതാരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ ആദ്യ മത്സരത്തിൽ തന്നെ ഒരു തകർപ്പൻ സെഞ്ച്വറി വെസ്റ്റിൻഡീസിനെതിരെ നേടിയാണ് ജയസ്വാൾ ആരംഭിച്ചത്.

ശേഷം വിശാഖപട്ടണത്ത് തന്റെ ആദ്യ ഇരട്ട സെഞ്ച്വറി സ്വന്തമാക്കാനും ജയസ്വാളിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 290 പന്തുകളിലായിരുന്നു 209 റൺസ് ജയസ്വാൾ അടിച്ചുകൂട്ടിയത്. 19 ബൗണ്ടറികളും 7 സിക്സറുകളും ജയസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ജയസ്വാളിനെ ഇംഗ്ലണ്ട് ഭയക്കണം എന്ന സൂചന നൽകി മൈക്കിൾ വോൺ രംഗത്തെത്തിയിരിക്കുന്നത്.

“ജയസ്വാൾ ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയൊരു പ്രശ്നമാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. അവൻ ഇംഗ്ലണ്ടിന് വലിയ പ്രശ്നമുണ്ടാക്കും. ഒരു അവിശ്വസനീയ താരം തന്നെയാണ് ജയ്‌സ്വാൾ. ഞാൻ മുംബൈയിൽ വച്ച് ജയസ്വാളിനെ കണ്ടിരുന്നു. അടുത്ത ദിവസം തന്നെ ഐപിഎല്ലിൽ ഒരു സെഞ്ച്വറി നേടാൻ ജയസ്വാളിന് സാധിച്ചു. ഇപ്പോൾ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഇംഗ്ലണ്ടിനെതിരെ ഒരു വെടിക്കെട്ട് ഇരട്ട സെഞ്ചുറിയും ജയസ്വാൾ നേടിക്കഴിഞ്ഞു.”- മൈക്കിൾ വോൺ പറയുന്നു.

വിശാഖപട്ടണത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ജയസ്വാളിന്റെ പ്രകടനമായിരുന്നു ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. മറ്റ് ഇന്ത്യൻ ബാറ്റർമാർ അർത്ഥസെഞ്ച്വറി പോലും കണ്ടെത്താൻ ബുദ്ധിമുട്ടിയ വിക്കറ്റിലാണ് ജയസ്വാൾ ഈ വെടിക്കെട്ട് ഇരട്ട സെഞ്ച്വറി നേടിയത്. ഇതുവരെ ഈ പരമ്പരയിൽ 80.25 എന്ന ശരാശരിയിലാണ് ജയസ്വാൾ കളിച്ചിട്ടുള്ളത്.

വരും മത്സരങ്ങളിലും ഇന്ത്യൻ ടീമിന്റെ പ്രധാന ഘടകമായി ഈ യുവതാരം മാറും എന്ന കാര്യത്തിൽ സംശയമില്ല. മുൻപ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ജയസ്വാളിന്റെ മത്സരങ്ങളിലെ പ്രകടനത്തെ വളരെയധികം പ്രശംസിച്ചിരുന്നു. പെട്ടെന്ന് തന്നെ കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കുന്ന താരമാണ് ജയസ്വാൾ എന്ന് ഗവാസ്കർ പറയുകയുണ്ടായി.

Previous articleബംഗാളിനെ എറിഞ്ഞിട്ട് കേരളം. 7 വിക്കറ്റുകളുമായി സക്സേന. കൂറ്റൻ ലീഡിലേക്ക്.
Next articleപരിക്കല്ല. ശ്രേയസ്സ് അയ്യരെ പുറത്താക്കിയത് തന്നെ.