അമ്പമ്പോ, ഞെട്ടിക്കുന്ന അട്ടിമറി. ലോക ചാമ്പ്യൻമാരെ തോൽപിച്ച് അഫ്ഗാനിസ്ഥാൻ.

2023 ഏകദിന ലോകകപ്പിലെ ആദ്യ അട്ടിമറിയുമായി അഫ്ഗാനിസ്ഥാൻ. അത്യന്തം ആവേശകരമായ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ ഞെട്ടിച്ചിരിക്കുന്നത്. മത്സരത്തിൽ 69 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ബോളർമാരുടെ തകർപ്പൻ പ്രകടനമായിരുന്നു മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അട്ടിമറിക്ക് സഹായിച്ചത്. മത്സരത്തിൽ അഫ്ഗാനായി ബാറ്റിംഗിൽ തിളങ്ങിയത് ഓപ്പണർ ഗുർബാസും വിക്കറ്റ് കീപ്പർ ഇക്രമും ആയിരുന്നു. ബോളിങ്ങിൽ അഫ്ഗാനിസ്ഥാൻ താരങ്ങളൊക്കെയും മികവു പുലർത്തിയപ്പോൾ ചരിത്രം രചിക്കപ്പെടുകയായിരുന്നു.

ഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാന്റെ ഓപ്പണർമാർ ടീമിന് നൽകിയത്. ആദ്യ വിക്കറ്റിൽ 114 റൺസ് കൂട്ടിച്ചേർക്കാൻ അഫ്ഗാൻ ഓപ്പണർമാർക്ക് സാധിച്ചു. എന്നാൽ ആദ്യ വിക്കറ്റിന് ശേഷം കൃത്യമായ ഇടവേളകളിൽ അഫ്ഗാനിസ്ഥാന് വിക്കറ്റുകൾ നഷ്ടമായി കൊണ്ടേയിരുന്നു.

57 പന്തുകളിൽ 8 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 80 റൺസ് നേടിയ ഗുർബാസാണ് അഫ്ഗാനിസ്ഥാൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. ഒപ്പം വിക്കറ്റ് കീപ്പർ ഇക്രം 66 പന്തുകളിൽ 58 റൺസ് നേടി അവസാന ഓവറുകളിൽ അഫ്ഗാനിസ്ഥാനായി പിടിച്ചുനിന്നു.

റാഷിദ് ഖാനും(23) മുജീബും(28) അഫ്ഗാനിസ്ഥാന് അവസാന ഓവറുകളിൽ സംഭാവന നൽകിയതോടെ അഫ്ഗാൻ സ്കോർ 284ൽ എത്തുകയായിരുന്നു. ഇംഗ്ലണ്ടിനായി സ്പിന്നർ അദിൽ റഷീദ് 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു കൊണ്ടാണ് അഫ്ഗാനിസ്ഥാൻ ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ബെയർസ്റ്റോയെ(2) ഫസൽ ഫറൂക്കി വീഴ്ത്തി.

പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചു. ഇതോടെ മത്സരത്തിൽ ഇംഗ്ലണ്ട് സമ്മർദ്ദത്തിലാവുകയായിരുന്നു. 138ന് 6 എന്ന നിലയിൽ ഇംഗ്ലണ്ട് തകർന്നുവീണു. എന്നാൽ ഒരു വശത്തെ ക്രീസിലുറച്ച ഹാരി ബ്രുക്ക് ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകി.

എന്നാൽ കൃത്യസമയത്ത് ഹാരി ബ്രുക്കിന്റെ വിക്കറ്റ് സ്വന്തമാക്കി മുജീബ് മത്സരത്തിൽ അഫ്ഗാനിസ്ഥാന് മേൽക്കോയ്മ നേടിക്കൊടുത്തു. മത്സരത്തിൽ 61 പന്തുകളിൽ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 66 റൺസാണ് ബ്രുക്ക് നേടിയത്. അഫ്ഗാനിസ്ഥാനായി മുജീബ് ഉർ റഹ്മാനും റാഷിദ് ഖാനും മൂന്നു വിക്കറ്റുകളുമായി മികവു പുലർത്തി.

എന്തായാലും ഇംഗ്ലണ്ട് താരങ്ങളെയും ആരാധകരെയും ഞെട്ടിച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ കാഴ്ചവച്ചത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയാണ് മത്സരത്തിലെ പരാജയം ഉണ്ടാക്കിയിരിക്കുന്നത്.

Previous articleഷാഹീൻ അഫ്രീദി വല്യ സംഭവമല്ല. വസിം അക്രവുമായി താരതമ്യം ചെയ്യരുത്. രവി ശാസ്ത്രി പറയുന്നു.
Next articleഅഫ്ഗാനിലെ ഭൂകമ്പ ബാധിതർക്കായി ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു. പ്ലയർ ഓഫ്ദ് മാച്ചായ മുജീബ് പറയുന്നു.