അബദ്ധം കാട്ടരുത്, കാർത്തിക്കിനെ ഇന്ത്യ ലോകകപ്പിൽ ഉൾപെടുത്തരുത്. മറ്റൊരു കീപ്പറെ നിർദ്ദേശിച്ച് ഇർഫാൻ.

GLOPx6tXwAIucp9 scaled

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാംഗ്ലൂരിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് കാഴ്ചവച്ചത്. മത്സരത്തിൽ വമ്പൻ സ്കോർ ചെയ്സ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിന് മുൻനിര ബാറ്റർമാരുടെ വിക്കറ്റ് നിർണായക സമയങ്ങളിൽ നഷ്ടമായിരുന്നു. ശേഷമാണ് ദിനേശ് കാർത്തിക് അവസാന ഓവറുകളിൽ തീയായി മാറിയത്.

35 പന്തുകൾ മത്സരത്തിൽ നേരിട്ട കാർത്തിക് 5 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 83 റൺസാണ് നേടിയത്. എന്നാൽ ഇത്ര മികച്ച പ്രകടനങ്ങൾ നടത്തുമ്പോഴും ദിനേശ് കാർത്തിക്കിന് പകരം ഇന്ത്യ റിഷഭ് പന്തിനെ 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണം എന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ പറയുന്നത്.

ദിനേശ് കാർത്തിക്കിന് കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ അവസരം നൽകിയിരുന്നുവെന്നും എന്നാൽ അത് കൃത്യമായി വിനിയോഗിക്കാൻ സാധിച്ചില്ലയെന്നും പത്താൻ പറയുകയുണ്ടായി. വലിയ പരിക്കിൽ നിന്ന് തിരികെയെത്തിയ പന്ത് തനിക്ക് ലഭിച്ച അവസരം നന്നായി വിനിയോഗിച്ചുവെന്നും പത്താൻ കൂട്ടിച്ചേർത്തു.

നിലവിൽ 2024 ഐപിഎല്ലിൽ മികച്ച പ്രകടനം തന്നെയാണ് കാർത്തിക് കാഴ്ച വെച്ചിട്ടുള്ളത്. സീസണിൽ ബാംഗ്ലൂർ ഏറ്റവും പിന്നിലാണെങ്കിലും കാർത്തിക്ക് തന്റെ വ്യത്യസ്തമായ ക്യാമിയോകൾ കൊണ്ട് ശ്രദ്ധ ആകർഷിക്കുകയുണ്ടായി. ഹൈദരാബാദിനെതിരെയും കാർത്തിക്കിന്റെ പ്രകടനമാണ് ശ്രദ്ധേയമായത്.

“ദിനേശ് കാർത്തിക്കിന് ഇന്ത്യൻ ക്രിക്കറ്റ് മുൻപും ഒരുപാട് തവണ അവസരങ്ങൾ നൽകിയിട്ടുണ്ട്. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് അതൊന്നും തന്നെ ഫലവത്തായില്ല. അതുകൊണ്ട് ഇപ്പോൾ അവർക്കു മുൻപിലുള്ളതാണ് കൃത്യമായ തീരുമാനം എന്നെനിക്ക് തോന്നുന്നു. പന്ത് മികച്ച ഫോമിലാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലും മധ്യനിര ബാറ്ററെന്ന നിലയിലും പന്തിന് മികവ് പുലർത്താൻ സാധിക്കുന്നുണ്ട്. ഇന്ത്യൻ സെലക്ടർമാരും ആ രീതിയിലാണ് ചിന്തിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.”

See also  "ധോണിയുടെ ആ 3 സിക്സറുകളാണ് മത്സരത്തിൽ വിജയിപ്പിച്ചത്"-  ഋതുരാജിന്റെ വാക്കുകൾ.

“ദിനേശ് കാർത്തിക്കിനെ പറ്റി ചിന്തിക്കുന്നതിന് പകരം പന്തിനെ ടീമിൽ ഉൾപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഇന്ത്യക്കായി കളിക്കുമ്പോൾ ന്യായമായ രീതിയിലുള്ള അവസരങ്ങൾ ദിനേശ് കാർത്തിക്കിന് മുൻപും ലഭിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ ഇതൊന്നും വലിയ രീതിയിൽ വിനിയോഗിക്കാൻ കാർത്തിക്കിന് സാധിച്ചിട്ടില്ല. എന്നാൽ പന്ത് അങ്ങനെയല്ല. ഇന്ത്യ ലോകകപ്പിലേക്ക് പന്തിനെ ഉൾപ്പെടുത്തണം എന്നാണ് എനിക്ക് തോന്നുന്നത്.”- ഇർഫാൻ പത്താൻ പറയുന്നു.

അവസാനമായി 2022 ട്വന്റി20 ലോകകപ്പിലാണ് കാർത്തിക് ഇന്ത്യക്കായി കളിച്ചത്. 2022 ഐപിഎൽ സീസണിലെ വമ്പൻ പ്രകടനത്തിന് ശേഷമായിരുന്നു ലോകകപ്പിനുള്ള സ്ക്വാഡിൽ കാർത്തിക് ഇടംപിടിച്ചത്. പക്ഷേ ലോകകപ്പിൽ വമ്പൻ പരാജയമാണ് കാർത്തിക്കിന് നേരിടേണ്ടി വന്നത്. 3 ഇന്നിങ്സുകളിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിട്ടും കാർത്തിക്കിന് രണ്ടക്കം കാണാൻ സാധിച്ചില്ല. മറുവശത്ത് വമ്പൻ ടൂർണമെന്റ്കളുടെ താരമായി മാറുകയാണ് ഋഷഭ് പന്ത്.

Scroll to Top