നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബോളറാണ് 31കാരനായ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് ക്രിക്കറ്റിലെ ഇപ്പോഴത്തെ ഒന്നാം നമ്പർ ബോളറാണ് ബൂമ്ര. മാത്രമല്ല 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഈ സൂപ്പർ ബോളർ തന്നെയായിരുന്നു.
2013 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിലൂടെ ആയിരുന്നു ബുമ്ര ശ്രദ്ധപിടിച്ചുപറ്റിയത്. മുംബൈ കോച്ചായ ജോൺ റൈറ്റിന്റെ സഹായത്തോടെ ബൂമ്ര മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിക്കുകയും ചെയ്തു. എങ്ങനെയാണ് ബൂമ്രയുടെ ഉള്ളിലെ കഴിവുകളെ താൻ കണ്ടെത്തിയത് എന്ന് മുൻ കോച്ചായ ജോൺ റൈറ്റ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
2013 മുതൽ 2015 വരെ മുംബൈ ഇന്ത്യൻസ് ടീമിന്റെ പരിശീലകനായി ജോൺ റൈറ്റ് പ്രവർത്തിച്ചിരുന്നു. ഈ സമയത്താണ് ബൂമ്രയുടെ കരിയറിൽ വലിയ മാറ്റമുണ്ടായത്. ഇതിനെപ്പറ്റിയാണ് റൈറ്റ് സംസാരിക്കുന്നത്. “ആ സമയത്ത് ഞാൻ അഹമ്മദാബാദിലായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര ട്വന്റി20 മത്സരങ്ങളിൽ നിന്ന് താരങ്ങളെ കണ്ടെത്തുക എന്നതായിരുന്നു എന്റെ ദൗത്യം. ആ സമയത്താണ് മുംബൈയും ഗുജറാത്തും തമ്മിലുള്ള മത്സരം ഞാൻ കണ്ടത്. ഒരു കുട്ടി വ്യത്യസ്തമായ ബോളിംഗ് ആക്ഷനോടെ എത്തുകയും തുടർച്ചയായി 12 യോർക്കറുകൾ എറിയുകയും ചെയ്തു. ആ സമയത്ത് ഞാൻ എന്റെ മനസ്സിൽ വിചാരിച്ചു, ‘ഇത്തരമൊരു കാഴ്ച ഞാൻ കണ്ടിട്ടില്ലല്ലോ’. മാത്രമല്ല അവൻ വളരെ സ്പീഡിലാണ് ബോൾ എറിഞ്ഞിരുന്നത്.”- ജോൺ റൈറ്റ് പറയുന്നു.
“ഇത് കണ്ട ശേഷം ഞാൻ പാർഥിവ് പട്ടേലിന്റെ അടുത്തേക്കാണ് പോയത്. ഞാൻ പാർഥിവിനോട് ചോദിച്ചു. ‘ആരാണ് ആ പന്തറിഞ്ഞ കുട്ടി?’. പാർഥിവ് പറഞ്ഞത് ‘അത് ബൂം ആണ്’ എന്നാണ്. അതിന് ശേഷം നേരെ ബൂമ്രയെ ഞങ്ങൾ ടീമിലേക്ക് ഉൾപ്പെടുത്തി. പിന്നീട് അവനെ ഐപിഎല്ലിന്റെ ലേലത്തിൽ പങ്കെടുക്കേണ്ട ആവശ്യം പോലും വന്നില്ല.”- ജോൺ റൈറ്റ് കൂട്ടിച്ചേർക്കുന്നു. ശേഷം മുംബൈ ഇന്ത്യൻസിന്റെ നെറ്റ് പരിശീലന സമയത്ത് സച്ചിൻ ടെണ്ടുൽക്കർ ബുമ്രയെ പറ്റി അന്വേഷിച്ച് തന്റെ അടുത്ത് വന്നതായി റൈറ്റ് പറയുന്നു.
“ബൂമ്രയുടെ ആദ്യ മത്സരം ബാംഗ്ലൂരിനെതിരെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. അതിന് മുമ്പായി നെറ്റിൽ ഞങ്ങൾ പരിശീലനം നടത്തിയിരുന്നു. ആ സമയത്ത് സച്ചിൻ ടീമിൽ ഉണ്ടായിരുന്നു. സച്ചിനെതിരെ ബുമ്ര പന്തറിയുകയുണ്ടായി. ആ സെഷന് ശേഷം സച്ചിൻ എന്റെ അടുത്ത് വരികയും ഇങ്ങനെ ചോദിക്കുകയും ചെയ്തു. ‘ജോൺ, ആരാണ് ആ കുട്ടി?’. അപ്പോൾ ഞാൻ പാർഥിവ് പറഞ്ഞ അതേ മറുപടിയാണ് പറഞ്ഞത്. ‘അത് ബൂം ആണ്’. അപ്പോൾ സച്ചിൻ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ‘അവന്റെ പന്തുകൾ കൃത്യമായി മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്’. സച്ചിന്റെ ആ മറുപടിയിൽ ഞാൻ ഒരുപാട് ആവേശം കൊണ്ടു.”- റൈറ്റ് കൂട്ടിച്ചേർക്കുന്നു.