അന്ന് ധോണി ചെയ്ത ത്യാഗം, ഇന്ന് രോഹിതും ചെയുമ്പോൾ. ടീമിനായി റെക്കോർഡുകൾ ഉപേക്ഷിച്ചവൻ.

നിസ്വാർത്ഥനായ നായകൻ.. അതാണ് രോഹിത് ശർമയ്ക്ക് ലോകം നൽകുന്ന വിശേഷണം. ഇതിന് പ്രധാന കാരണം രോഹിത്തിന്റെ ബാറ്റിംഗ് മനോഭാവമാണ്. തന്റെ വ്യക്തിഗത പ്രകടനങ്ങളെയോ, മറ്റു നാഴികക്കല്ലുകളെയോ കണക്കിലെടുക്കാതെ തന്റെ ടീമിനായി പൂർണമായി മുന്നിട്ടിറങ്ങുന്ന ഒരു ധീര പോരാളിയെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീം കാണുന്നത്. തന്റെ ടീമിന് ഒരു ഉഗ്രൻ തുടക്കം നൽകുക എന്നത് മാത്രമാണ് രോഹിത്തിന്റെ മനസ്സിൽ പലപ്പോഴും ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ തനിക്ക് ലഭിച്ചേക്കാവുന്ന വലിയ റെക്കോർഡുകളൊക്കെയും രോഹിത് മറന്നു കഴിഞ്ഞു.

ടീമിന് ഒരു വെടിക്കെട്ട് ബാറ്ററെ ആവശ്യമാണ്. പക്ഷേ അതിനായി രോഹിത് ശർമ ആ മനോഭാവം ഏറ്റെടുക്കേണ്ട കാര്യമില്ല. മറ്റു താരങ്ങളെ പോലെ റെക്കോർഡിനായി രോഹിത് ശർമയ്ക്കും പരിശ്രമിക്കാം. ആദ്യ ഓവറുകളിൽ ക്രീസിൽ ഉറച്ചശേഷം മധ്യ ഓവറുകളിൽ സിംഗിളുകൾ നേടി അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത് ഒരുപാട് സെഞ്ച്വറികൾ നേടാൻ സാധിക്കുന്ന താരം തന്നെയാണ് രോഹിത് ശർമ. പക്ഷേ വലിയ ടൂർണമെന്റ്കളിലും മറ്റും ഇന്ത്യയ്ക്ക് ആവശ്യം വെടിക്കെട്ട് തുടക്കമാണ് എന്ന തിരിച്ചറിവ് കോവിഡ് കാലത്തിന് ശേഷം രോഹിതിനുണ്ടായി. ഇതിന് ശേഷം തന്റെ റെക്കോർഡിൽ വന്ന കുറവ് രോഹിത് ഒരിക്കലും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അതാണ് ഇന്ത്യൻ ക്യാപ്റ്റൻ നിലവിലെ ടീമിന് നൽകുന്ന വലിയ സംഭാവന.

ചാമ്പ്യൻസ് ട്രോഫിയുടെ അവസാന മത്സരത്തിലെ പ്രകടനമൊഴിച്ച് നിർത്തിയാൽ രോഹിത് ശർമ നേടിയത് കേവലം കുറച്ച് റൺസ് മാത്രമാണ്. 104 റൺസ് മാത്രമാണ് 4 ഇന്നിംഗ്സുകളിൽ നിന്ന് ഫൈനലിന് മുൻപ് രോഹിത്തിന് നേടാൻ സാധിച്ചത്. എന്നാൽ രോഹിതിന്റെ ഇമ്പാക്ട് വളരെ വലുതായിരുന്നു. 2018-2019 കാലത്ത് 12 സെഞ്ച്വറികൾ ആയിരുന്നു രോഹിത് ശർമ സ്വന്തമാക്കിയത്. അതിന് ശേഷമാണ് രോഹിത് തന്റെ ശൈലിയിൽ മാറ്റം വരുത്തിയത്. പിന്നീട് 2022 മുതൽ 2025 മാർച്ച് വരെ രോഹിതിന് നേടാൻ സാധിച്ചത് കേവലം 3 സെഞ്ച്വറികളാണ്. ഇവിടെയാണ് രോഹിത് എന്ന നിസ്വാർത്ഥനെ കാണാൻ കഴിയുന്നത്.

പൂർണ്ണമായും താൻ ടീമിനായി കളിക്കുന്ന ഒരു താരമാണ് എന്ന് രോഹിത് ഉറപ്പിച്ചിരിക്കുകയാണ്. തന്റെ ലക്ഷ്യം ടീം മാത്രമാണ് എന്ന് രോഹിത് ഉറച്ചു പറയുന്നു. ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും ഇതേപോലെ ടീമിനായി ത്യാഗം ചെയ്തിട്ടുള്ള ഒരു താരമായിരുന്നു. മൂന്നാം നമ്പറിൽ വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്ന ധോണി പിന്നീട് നായകസ്ഥാനം ഏറ്റെടുക്കുകയും ടീമിന്റെ വിജയങ്ങൾക്കായി മധ്യനിരയിലേക്ക് മാറുകയും ചെയ്തിരുന്നു. ഇതുമൂലം ഒരുപാട് റെക്കോർഡുകൾ മഹേന്ദ്ര സിംഗ് ധോണിയ്ക്കും ത്യജിക്കേണ്ടി വന്നു. ഇതേപോലെയാണ് ഇപ്പോൾ രോഹിത്തിന്റെ കഥയും. എന്തായാലും ഇന്ത്യൻ ടീമിന്റെ നല്ലൊരു ഭാവിക്കായി അങ്ങേയറ്റം ബുദ്ധിമുട്ടുന്ന ഒരു നായകൻ തന്നെയാണ് രോഹിത് എന്ന് നിസ്സംശയം പറയാൻ സാധിക്കും.

Previous article“പാകിസ്ഥാൻ കളിച്ചിരുന്നെങ്കിലും ഇന്ത്യ കിരീടം സ്വന്തമാക്കിയേനെ”. പ്രതികരണവുമായി വസീം അക്രം.