ചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിതിരായ മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റാൻസ് താരം മോഹിത് ശർമ. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും മോശം ബോളിംഗ് പ്രകടനം എന്ന റെക്കോർഡാണ് മോഹിത് ശർമ സ്വന്തമാക്കിയത്.

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്ത ബോളർ എന്ന റെക്കോർഡ് മോഹിത് ശർമ ഇതിനോടകം പേരിൽ ചേർത്തിട്ടുണ്ട്. മത്സരത്തിൽ 4 ഓവറുകൾ പന്തറിഞ്ഞ മോഹിത് ശർമയ്ക്ക് ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ സാധിച്ചില്ല. മാത്രമല്ല 4 ഓവറുകളിൽ 73 റൺസാണ് മോഹിത് വഴങ്ങിയത്.

ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ഋഷഭ് പന്താണ് മോഹിത് ശർമയെ പൂർണ്ണമായും അടിച്ചോതുക്കിയത്. മത്സരത്തിന്റെ ഇരുപതാം ഓവറിൽ 31 റൺസാണ് മോഹിത് ശർമ വഴങ്ങിയത്. മത്സരത്തിൽ 43 പന്തുകൾ നേരിട്ട് പന്ത് 88 റൺസായിരുന്നു നേടിയത്.

മോഹിത് ശർമയുടെ 19 പന്തുകളിൽ നിന്ന് 62 റൺസ് സ്വന്തമാക്കാൻ റിഷഭ് പന്തിന് സാധിച്ചു. മോഹിത് ശർമയ്ക്കെതിരെ 4 സിക്സറുകളും ഒരു ബൗണ്ടറിയുമാണ് പന്ത് അവസാന ഓവറിൽ നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ 70 റൺസ് വഴങ്ങിയിട്ടുള്ള രണ്ടു ബോളർമാരിൽ ഒരാളായി മോഹിത് ഇതിനോടകം മാറിക്കഴിഞ്ഞു.

ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം റൺസ് വിട്ടു നൽകിയവരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം മോഹിത് ശർമ കയ്യടക്കി. രണ്ടാം സ്ഥാനത്ത് മലയാളി താരം ബേസിൽ തമ്പിയാണ്. ഹൈദരാബാദിന്റെ താരമായിരുന്ന ബേസിൽ തമ്പി ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 4 ഓവറുകളിൽ 70 റൺസാണ് വിട്ടു നൽകിയിരുന്നത്.

കൊൽക്കത്തക്കെതിരെ 4 ഓവറുകളിൽ 69 റൺസ് വിട്ടു നൽകിയ ഗുജറാത്ത് ബോളർ യാഷ് ദയാലാണ് നാണക്കേടിന്റെ ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. 4 ഓവറുകളിൽ 68 റൺസ് വിട്ടു നൽകിയ ബാംഗ്ലൂർ താരം ടോപ്ലി ലിസ്റ്റിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.

എന്നാൽ ഇവരെയെല്ലാം മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താൻ മത്സരത്തിലൂടെ മോഹിതിന് സാധിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഡൽഹി ക്യാപിറ്റൽസ് എല്ലാ തരത്തിലും ഗുജറാത്തിലെ അടിച്ചു കൂട്ടുന്നതാണ് കാണാൻ സാധിച്ചത്.

ഡൽഹിക്കായി ആദ്യം വെടിക്കെട്ട് തീർത്തത് അക്ഷർ പട്ടേലായിരുന്നു. 43 പന്തുകളിൽ 66 റൺസാണ് അക്ഷർ നേടിയത്. ശേഷമാണ് അവസാന ഓവറുകളിൽ പന്ത് വെടിക്കെട്ട് തീർത്തത്. പന്തിനൊപ്പം 7 പന്തുകളിൽ 26 റൺസ് നേടിയ സ്റ്റബ്സും വമ്പൻ ബാറ്റിംഗ് കാഴ്ചവെച്ചതോടെ ഡൽഹി 20 ഓവറുകളിൽ 224 റൺസ് സ്വന്തമാക്കി.

Previous articleറിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.
Next articleപൊരുതി വീണ് ഗുജറാത്ത്‌. ഡല്‍ഹിക്ക് 4 റണ്‍സ് വിജയം.