“കോഹ്ലി ദേഷ്യപെട്ടതിൽ തെറ്റില്ല. അക്കാര്യത്തിൽ ഞങ്ങൾ കരുതിയ ഫലമല്ല കിട്ടിയത്”- പിന്തുണയുമായി ഡുപ്ലസിസ്.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ഒരു റണ്ണിന്റെ പരാജയമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ അവസാനം നിമിഷം വരെ വലിയ പോരാട്ടം നയിക്കാൻ ബാംഗ്ലൂരിന് സാധിച്ചു.

എന്നാൽ കൃത്യമായ സമയത്ത് കൊൽക്കത്തയുടെ ബോളർമാർ മികവ് പുലർത്തിയതോടെ ബാംഗ്ലൂർ പരാജയം നേരിടുകയായിരുന്നു. മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ചത് വിരാട് കോഹ്ലിയുടെ പുറത്താകൽ തന്നെയായിരുന്നു. 6 പന്തുകളിൽ 18 റൺസുമായി ബാറ്റിംഗ് തുടർന്ന കോഹ്ലിയെ ഹർഷിത് റാണ തന്റെ ബോളിങ്ങിൽ തന്നെ പുറത്താക്കുകയായിരുന്നു. ഒരു സ്ലോ ഫുൾ ടോസ് ആയിരുന്നു റാണ കോഹ്ലിക്കെതിരെ എറിഞ്ഞത്.

കോഹ്ലി അതിലേക്ക് ബാറ്റ് വയ്ക്കുകയും, പന്ത് തിരികെ ഹർഷിത് റാണയുടെ കയ്യിൽ ക്യാച്ചായി എത്തുകയും ചെയ്തു. എന്നാൽ അത് നോബോൾ ആയിരിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ ഓൺഫീൽഡ് അമ്പയർ അത് നോബോൾ വിളിച്ചില്ല. ശേഷം കോഹ്ലി റിവ്യൂ ചെയ്യുകയും, തേർഡ് അമ്പയർക്ക് തീരുമാനം വിട്ടുനിൽക്കുകയും ചെയ്തു. പിന്നീട് റീപ്ലേകൾ പരിശോധിച്ചപ്പോൾ ബോൾ കോഹ്ലിയുടെ വേസ്റ്റിന് താഴെയാണെന്ന് ബോധ്യമാവുകയും, ഔട്ട് വിധിക്കുകയുമാണ് ചെയ്തത്.

ഇതിന് ശേഷം വളരെ അസ്വസ്ഥനായാണ് കോഹ്ലി മൈതാനം വിട്ടത്. അമ്പയറിനോടും മൈതാനത്തുണ്ടായിരുന്നു മറ്റു താരങ്ങളോടും കയർത്തായിരുന്നു കോഹ്ലി മടങ്ങിയത്. കോഹ്ലിയുടെ ഈ ദേഷ്യത്തെ അനുകൂലിച്ചാണ് ബാംഗ്ലൂർ നായകൻ ഡുപ്ലസിസ് രംഗത്ത് എത്തിയത്.

തങ്ങളെ സംബന്ധിച്ച് അത് നോബോളല്ല എന്ന തീരുമാനം വളരെ ഞെട്ടിക്കുന്നതായിരുന്നു എന്ന് ഡുപ്ലസിസ് പറഞ്ഞു. “ചില സമയത്ത് ഇതൊക്കെ ഭ്രാന്തമായിട്ടാണ് തോന്നുന്നത്. നിയമങ്ങൾ നിയമങ്ങൾ തന്നെയാണ്. പക്ഷേ ആ പന്ത് എറിഞ്ഞ സമയത്ത് ഞാനും വിരാട് കോഹ്ലിയും കൃത്യമായി കരുതിയിരുന്നത് അത് അവന്റെ വേസ്റ്റിന് മുകളിലാണ് എന്നാണ്. എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിൽ ഒരു ടീം സന്തോഷവാന്മാരാവുകയും മറ്റേ ടീം സങ്കടത്തിലാവുകയും ചെയ്യാറുണ്ട്.”- ഡുപ്ലസിസ് പറഞ്ഞു.

മത്സരത്തിലെ ബാംഗ്ലൂർ ടീമിന്റെ പോരാട്ടത്തിൽ അതിയായ അഭിമാനമുണ്ട് എന്ന് ദിനേശ് കാർത്തിക് പറയുകയുണ്ടായി. “എല്ലായിപ്പോഴും ടീമിന് വിജയിക്കാനും, ആത്മവിശ്വാസം വീണ്ടെടുക്കാനുമായി കൃത്യമായി തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഞാൻ എന്റെ സഹതാരങ്ങളെ ഓർത്ത് അഭിമാനം കൊള്ളുകയാണ്. മൈതാനത്ത് ഒരുപാട് പോരാടാൻ അവർക്ക് സാധിച്ചു. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ സ്കോർ മറികടക്കാൻ സാധിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്. പവർപ്ലേ ഓവറുകളിൽ തന്നെ പരമാവധി റൺസ് കണ്ടെത്താനാണ് ഞങ്ങൾ ശ്രമിച്ചത്. രണ്ടോ മൂന്നോ വിക്കറ്റുകൾ നഷ്ടമായാലും ഞങ്ങൾക്ക് അത് പ്രശ്നമായിരുന്നില്ല.”- കാർത്തിക് പറഞ്ഞു.

Previous articleതെവാട്ടിയയുടെ ചിറകിലേറി ഗുജറാത്ത്‌. പഞ്ചാബിനെ തറപറ്റിച്ചത് 3 വിക്കറ്റുകൾക്ക്.
Next article“ഞാനായിരുന്നെങ്കിൽ അവനെയൊന്നും ടീമിൽ പോലും എടുക്കില്ല”- സേവാഗിന്റെ രൂക്ഷ വിമർശനം.