എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ കുഴക്കുന്നതും വലിയ സംവാദത്തിന് ഇട വരുത്തുന്നതുമായ ഒരു കാര്യമാണ് മെസിയാണോ റൊണാൾഡോയാണോ മികച്ചവൻ എന്ന്. ഇക്കാര്യത്തിൽ പലർക്കും പല അഭിപ്രായമാണ് ഉള്ളത്. ഇത്തവണത്തെ ഖത്തർ ലോകകപ്പ് മെസ്സി നേടിയതോടെ ഫുട്ബോളിലെ മികച്ചവൻ മെസ്സി തന്നെയാണെന്നാണ് ഇപ്പോൾ ഒട്ടുമിക്ക പേരും പറയുന്നത്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ. ഇരു താരങ്ങളും തമ്മിലുള്ള മത്സരം ആകർഷണമാണെന്നും എന്നാൽ താൻ വിശ്വസിക്കുന്നത് എക്കാലത്തെയും മികച്ച താരം പോർച്ചുഗീസ് സൂപ്പർ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നാണ് സിദാൻ പറഞ്ഞത്.
“ഏറ്റവും മികച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. അവൻ്റെ എതിരാളിയാണ് മെസ്സി. എല്ലാവരും ആവേശത്തോടെ കാണാൻ ആഗ്രഹിക്കുന്ന മത്സരമാണ് ഇത്. അസാധാരണ കളിക്കാരനാണ് റൊണാൾഡോ. അവനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഒന്നുമില്ല. എക്കാലത്തെയും മികച്ച താരം അവനാണ്.”-ഫ്രഞ്ച് ഇതിഹാസ താരം പറഞ്ഞു. റയൽ മാഡ്രിഡില്‍ റൊണാൾഡോയെ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് സിദാൻ.
ക്ലബ് ഫുട്ബോൾ കരിയറിൽ മെസ്സി ഇതുവരെയും നേടിയിട്ടുള്ളത് 695 ഗോളുകളാണ്. എന്നാൽ ഇതുവരെ റൊണാൾഡോ തൻ്റെ പേരിൽ 701 ഗോളുകൾ സ്വന്തമാക്കി കഴിഞ്ഞു.
ഫുട്ബോൾ ചരിത്രത്തിൽ ക്ലബ് ഫുട്ബോളിൽ ആദ്യമായി 700 ഗോളുകൾ നേടിയ താരമാണ് റൊണാൾഡോ. എന്നാൽ അസിസ്റ്റുകളുടെ കണക്കിൽ റൊണാൾഡോയെക്കാൾ കേമൻ മെസിയാണ്. 296 തവണ ഗോളടിക്കാൻ മെസ്സി അവസരം ഒരുക്കിയപ്പോൾ 201 തവണയാണ് റൊണാൾഡോ അവസരം ഒരുക്കിയത്. ചാമ്പ്യൻസ് ലീഗിലും മെസ്സിയെക്കാൾ കേമൻ റൊണാൾഡോയാണ്. 183 മത്സരങ്ങളിൽ നിന്നും 140 ഗോൾ നേടിയപ്പോൾ 161 മത്സരങ്ങളിൽ നിന്നും 129 ഗോളുകളാണ് മെസ്സിയുടെ നേട്ടം. ലോകകപ്പിൽ 11 ഗോളുകളുടെ മെസ്സിയാണ് മുൻപിൽ. റൊണാൾഡോ 8 ഗോളുകളാണ് ലോകകപ്പിൽ തന്റെ രാജ്യത്തിനു വേണ്ടി നേടിയിട്ടുള്ളത്.