വിരാട് കോലി 45 T20 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്.അതിൽ വിജയങ്ങൾ പറയുന്നതിനേക്കാൾ തോൽവിയുടെ കഥകൾ പറയുന്നതാകും നല്ലത്.14 മത്സരങ്ങൾ മാത്രം തോറ്റ കോലിയുടെ തോൽവി ശതമാനം 31.11% മാത്രമാണ് .അതായത് കോലിയുടെ കീഴിൽ ഒരു T20 മാച്ചിൽ ഇന്ത്യ കളിക്കാനിറങ്ങുമ്പോൾ ജയസാധ്യത ഏതാണ്ട് 70% ആണ്.
സേനാ രാജ്യങ്ങളിൽ T20 പരമ്പര വിജയിച്ച നായകൻ എന്ന ഖ്യാതി അയാളിലെ കണക്കുകളെ ഊട്ടിയുറപ്പിക്കുക കൂടി ചെയ്യുന്നു. അപ്പോഴും ഈ മികവുറ്റ കണക്കുകൾക്കിടയിലും കളിക്കുന്ന എല്ലാ മാച്ചുകളും വിജയിച്ചേ തീരൂ എന്ന മാനസികാവസ്ഥയും ഒരു IPL കിരീടം നേടാനാകാത്ത അയാളുടെ ഭാഗ്യക്കേടും ഇന്ത്യൻ ആരാധകർക്ക് പലപ്പോഴും അയാളിലെ T20 ക്യാപ്റ്റനെ ഉൾക്കൊള്ളാൻ പറ്റുന്നില്ല എന്നത് മറ്റൊരു തലം.
ഇനി വിരാട് എന്ന നായകൻ്റെ ബാറ്റിങ്ങ് കണക്കുകളിലേക്ക് പോകുമ്പോൾ അവിടെ അയാൾ 48.45 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ അപ്രതീക്ഷിതമെന്നു പറയാവുന്ന 143.18 സട്രൈക്ക് റേറ്റിൽ നേടിയിട്ടുള്ളത് 1502 റൺസും .ലോക ക്രിക്കറ്റിലെ തന്നെ മുൻനിരയിൽ പ്രതിഷ്ഠിക്കുന്ന കണക്കുകൾ നില നിൽക്കുമ്പോഴും ഒരു സെഞ്ചുറിയുടെ കുറവും ബാറ്റിങ്ങ് ശൈലിയും അല്ലെങ്കിൽ ഏകദിന ക്രിക്കറ്റിലെ അപ്രമാദിത്യവും അയാളിലെ T20 ബാറ്റ്സ്മാനെ അത്ര പെരുപ്പിച്ചു കാണിക്കാൻ പലരെയും പിന്നോട്ടു വലിക്കുന്നതും കാണാം .
അഭിപ്രായങ്ങൾ പലതാകാം.എന്നാൽ ഇന്ത്യ കണ്ട T20 നായകനായാലും ബാറ്റ്സ്മാനായാലും വിരാടിൻ്റെ സ്ഥാനം ഉയർന്നു തന്നെ കിടക്കും എന്നതിൽ സംശയമില്ല. 25 ലധികം T20 മാച്ചുകൾ കളിച്ച നായകരിൽ അയാളെക്കാൽ കൂടുതൽ വിജയം നേടിയ 2 ക്യാപ്റ്റൻമാർ മാത്രമുള്ളപ്പോൾ കരിയറിൽ അയാളെക്കാൾ കൂടുതൽ റൺ നേടാൻ മറ്റൊരാൾക്കും പറ്റിയിട്ടുമില്ല
കാലം ഒരു പാട് കടന്ന് പോയി .അതിനിടെ ബാറ്റ്സ്മാന്നെ നിലയിൽ വിരാട് 3 T20 ലോകകപ്പുകൾ കളിച്ചു.2 ലും മാൻ ഓഫ് ദ ടൂർണമെൻ്റും ആയി .തീർച്ചയായും കോലിയുടെ ഒറ്റയാൾ പോരാട്ടത്തിന് ടീമംഗങ്ങളുടെ പിന്തുണ കൂടിയുണ്ടായിരുന്നെങ്കിൽ 2 തവണയും കുട്ടിക്രിക്കറ്റിലെ ലോകകിരീടം ഇന്ത്യ തന്നെ കൈക്കലാക്കുമായിരുന്നു.
ധോണിയിൽ നിന്നും ഏറ്റെടുത്ത് ധോണിയെക്കാൾ വിജയശതമാനം കുറിച്ച വിരാട് T20 നായക വേഷം അഴിച്ചു വെക്കുമ്പോൾ 3 ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ ഒരേ സമയം ഏറെക്കാലം നയിച്ച വ്യത്യസ്തനായ ക്യാപ്റ്റൻ എന്ന നിലയിലാകും കോലി ഭാവിയിൽ മുദ്ര കുത്തപ്പെടുക.
രോഹിത്തിലേക്ക് വരുമ്പോൾ കോലി ദേശീയ ടീമിൻ്റെ നായകനായി നിൽക്കെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന നിലയിൽ പല കോണുകളിലും അറിയപ്പെടുന്ന 34 കാരനായ രോഹിത്തിന് സുവർണാവസരം കൂടിയാണിത്
IPL ൽ മുംബൈ ഇന്ത്യൻസിൻ്റെ കിരീട വിജയങ്ങളും കോലിയുടെ അഭാവത്തിൽ നയിച്ച 19 T 20 കളിലെ 15 വിജയങ്ങളും അയാളിലെ പ്രതീക്ഷകളെ ആളിക്കത്തിക്കുന്നു. 2018 ല്‍ ശ്രീലങ്കയിൽ നടന്ന നിദാഹാസ് ട്രോഫി ടൂര്‍ണമെന്റ് വിജയവും അതേ വർഷം വെസ്റ്റ് ഇന്‍ഡീസിനെതിരായT 20 0 പരമ്പര തൂത്തുവാരിയതടക്കമുള്ള വിജയങ്ങൾ രോഹിത് ശർമ്മക്ക് ഉൽപ്രേരകവുമാകാം.
പക്ഷെ രോഹിത് ശർമ്മ എന്ന നായകന് യഥാർത്ഥ പരീക്ഷണങ്ങൾ തുടങ്ങുന്നതേയുള്ളൂ
T20 ലോകകപ്പിനു ശേഷം സൗത്താഫ്രിക്കയ്ക്കെതിരേ അവരുടെ മണ്ണിൽ നടക്കുന്ന ടി20 പരമ്പരയിലാകും രോഹിത്തിൻ്റെ നായകത്വത്തിൽ ഇന്ത്യ ഇറങ്ങുക . ഇന്ത്യൻ നായകൻ എന്ന മുൾക്കിരീടം ചൂടുമ്പോൾ ടീമിന് തുടർ വിജയങ്ങൾ സമ്മാനിക്കുന്നതിനൊപ്പം നായകൻ എന്ന നിലയിൽ കോലി കാണിച്ച ബാറ്റിങ്ങ് സ്ഥിരത പിന്തുടരുക എന്ന അധിക ബാധ്യത കൂടി രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഇതിനോടകം നായകനെന്ന നിലയിലുള്ള കഴിവും അനുഭവസമ്പത്തും രോഹിത്തിന് തുണയാകും എന്ന് പ്രതീക്ഷിക്കാം.
ഒപ്പം ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കുന്ന മറ്റൊരു കാര്യം ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാരാകുമെന്നതാണ്. IPL ടീമുകളുടെ ക്യാപ്റ്റൻമാരാണെന്നതും നിലവിൽ 3 ഫോർമാറ്റിലും സാന്നിധ്യമാണെന്നതും KL രാഹുൽ ,ഋഷഭ് പന്ത് എന്നിവരിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്.ഇന്നത്തെ വൈസ് ക്യാപ്റ്റൻ എന്നതിനേക്കാൾ ഭാവി നായകൻ എന്ന നിലയിലാകും ഈ നീക്കം വിലയിരുത്തപ്പെടുക.
കഴിഞ്ഞ 8 – 9 വർഷമായി ഇടതടവില്ലാതെ 3 ഫോർമാറ്റിലും കളിക്കുന്ന കോലി കൃത്യസമയത്ത് തന്നെയാണ് T20 നായകപദവിയിൽ നിന്നും മാറി നിൽക്കുന്നത്. 90 ടി20 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച് 52.65 ശരാശരിയില്‍ 3159 റണ്‍സ് നേടിയ കോലിയുടെ കളിക്കാരനെന്ന നിലയിലുള്ള T20 പ്രകടനങ്ങൾക്കായി ലോകം കണ്ണും നട്ടിരിക്കുന്ന കാഴ്ച വരും ദിനങ്ങളിൽ കാണാം .T 20 അരങ്ങേറ്റം കൊണ്ടും പ്രായം കൊണ്ടും ഇന്ത്യൻ ടീമിലെ സീനിയറായ രോഹിത്തിൻ്റെ നായകത്വത്തിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ചവനായ വിരാട്കോലി എന്ന റൺ മെഷീൻ യാതൊരു സമ്മർദ്ദവുമില്ലാതെ അയാളുടെ മികവിൻ്റെ പാരതമ്യത്തിലേക്കെത്തുന്ന കാഴ്ചകളാകാം ഇനിയുള്ള ദിവസങ്ങൾ സമ്മാനിക്കുന്നത്.
ക്രിക്കറ്റ് പ്രേമികൾ ഇനി ഒരു പോലെ ആശിക്കുന്നത് നായകനെന്ന നിലയിൽ കോലിക്കൊരു T20 ലോകകപ്പ് എന്ന് തന്നെയാകും. കിങ് കോലി രാജാവിനെ പോലെ പടിയിറങ്ങുന്നുവെങ്കിൽ അത് തന്നെയാകും ചരിത്ര നീതിയും.
എഴുതിയത് – Dhanesh Damodaran