മിനിറ്റുകള്‍ക്ക് മുന്‍പ് പാക്കിസ്ഥാന്‍ പര്യടനം റദ്ദാക്കി ന്യൂസിലന്‍റ്. സുരക്ഷാ ഭീക്ഷണിയെന്ന് വിശിദീകരണം

പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. 18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാന്‍ പര്യടനത്തിന് എത്തിയത്. ടീം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍. പാകിസ്​താനില്‍ മൂന്ന്​ ഏകദിന മത്സരങ്ങളും അഞ്ച്​ ട്വന്‍റി 20 മത്സരങ്ങളും കളിക്കാനാണ്​ ന്യൂസിലാന്‍ഡ്​ എത്തിയത്

ടീം പാകിസ്ഥാനില്‍ തുടരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ന്യൂസിലന്‍ഡ് അധികൃതര്‍ ടീമിനെ വിളിച്ച്‌ അറിയിച്ചു. ഇതോടെയാണ് പര്യടനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് കിവി ക്രിക്കറ്റ് അധികൃതര്‍ എത്തിയത്.

പര്യടനം ഉപേക്ഷിക്കുകയാണെന്ന് ന്യൂസിലന്‍ഡ് അധികൃതര്‍ ഔദ്യോഗികമായി വിവരം അറിയിച്ചതായി പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. സുരക്ഷ സംബന്ധിച്ച്‌ കാര്യങ്ങള്‍ നേരത്തെ തന്നെ ടീമുകള്‍ക്ക് കൈമാറാറുണ്ട്. ന്യൂസിലന്‍ഡ് ടീമിനും ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കിയിരുന്നു എന്നാണ് പാക് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.

പര്യടനത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി സംസാരിച്ചു. സന്ദര്‍ശക ടീമുകള്‍ക്ക്​ പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കുമെന്നും പാകിസ്​താന്‍ അറിയിച്ചു.

എന്നാല്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ വാഗ്ദാനം നിരസിച്ചതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നാലെ ടീമിനെ പിന്‍വലിച്ച്‌ പര്യടനം റദ്ദാക്കാന്‍ ക്രിക്കറ്റ് അധികൃതര്‍ക്ക് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.