ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സെമിഫൈനലില്‍ കടന്നു. ആദ്യ പാദത്തില്‍ മൂന്നു ഗോളടിച്ച് സമനിലയുമായാണ് റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. വീണ്ടും എത്തിഹാദില്‍ ഓരോ ഗോള്‍ വീതം സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റിയില്‍ എത്തുകയായിരുന്നു. പെനാല്‍റ്റിയില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം.
സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ റയല്‍ മാഡ്രിഡാണ് ആദ്യം മുന്നിലെത്തിയത്. വിനീഷ്യസിന്‍റെ പാസ്സില്‍ റോഡ്രിഗോയാണ് ഗോള്‍ സ്കോര്‍ ചെയ്തത്. ആദ്യ ഷോട്ട് എഡേഴ്സണ്‍ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് അവസരം റോഡ്രിഗോ വിനിയോഗപ്പെടുത്തി.
ഗോള്‍ വഴങ്ങിയ ശേഷം മാഞ്ചസ്റ്റര്‍ സിറ്റി പല തവണ ഗോളിനടുത്ത് എത്തിയെങ്കിലും റയല്‍ ഡിഫന്‍സ് ഉറച്ച് നിന്നു. രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റര്‍ സിറ്റി സമനില ഗോള്‍ നേടിയത്. കെവിന്‍ ഡിബ്രിയൂണിന്‍റെ ക്ലോസ് റേഞ്ച് ഷോട്ട് റയല്‍ വല കുലുക്കി. മത്സരം എക്സ്ട്രാ ടൈമിലും സമനില കണ്ടതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ലൂക്കാ മോഡ്രിച്ചിന്‍റെ ആദ്യ ഷോട്ട് എഡേഴ്സണ്‍ സേവ് ചെയ്ത്ങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വയുടേയും കൊവാസിച്ചിന്‍റെയും പെനാല്‍റ്റി ലുണിന്‍ സേവ് ചെയ്തു. ബെല്ലിങ്ങ്ഹാം, വാസ്കസ്, നാച്ചോ, റുഡിഗര്‍ എന്നിവര്‍ കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചതോടെ റയല്‍ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
സെമിഫൈനലില്‍ റയല്‍ മാഡ്രിഡ് ബയേണിനെ നേരിടും. ആഴ്സണലിനെ തോല്‍പ്പിച്ചാണ് ഈ ജര്‍മ്മന്‍ ക്ലബ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്.