പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി ക്ലബ്ബായ അൽ നസറിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരം ടീമിൽ എത്തിയതിനു ശേഷം ക്ലബ്ബിന് കളികൾ കൂടുതൽ ബുദ്ധിമുട്ടുള്ളതായി എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അൽ നസർ ക്ലബ്ബിലെ റൊണാൾഡോയുടെ സഹതാരമായ ബ്രസീലിയൻ മിഡ്ഫീൽഡർ ലൂയിസ് ഗുസ്താവോ. അൽ ഫത്തഹ് ക്ലബ്ബുമായുള്ള മത്സരശേഷമായിരുന്നു ബ്രസീലിയൻ താരത്തിന്റെ ഈ വെളിപ്പെടുത്താൻ.
അൽ ഫത്തഹുമായുള്ള മത്സരം 2-2 സമനിലയിൽ അവസാനിച്ചിരുന്നു. സൗദി ലീഗിലെ മറ്റ് എല്ലാ ക്ലബ്ബുകളും റൊണാൾഡോക്കെതിരെ മികച്ച പ്രകടനം നടത്താനാണ് ശ്രമിക്കുന്നത് എന്നാണ് ബ്രസീലിയൻ മിഡ്ഫീൽഡർ പറഞ്ഞത്.”ഞങ്ങൾക്ക് മത്സരങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന താരത്തിന്റെ സാന്നിധ്യം കൊണ്ട് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി.
എല്ലാ ടീമുകളും ശ്രമിക്കുന്നത് ഏറ്റവും മികച്ച രീതിയിൽ തന്നെ റൊണാൾഡോക്കെതിരെ കളിക്കാനാണ്. എല്ലാവർക്കും റൊണാൾഡോ പ്രചോദനമാവുകയാണ്. അൽ നസറിന് അദ്ദേഹത്തിൻ്റെ വരവ് വലിയ ഒരു നേട്ടമാണ്. ഓരോ ദിവസവും റൊണാൾഡോയിൽ നിന്നും ഞങ്ങൾ കൂടുതൽ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതാണ് അതിന് കാരണം.
റൊണാൾഡോയുടെ രീതി വെല്ലുവിളികൾ വിജയകരമായി നേരിടുക എന്നതാണ്. സൗദി ലീഗിൽ എല്ലാവരും വരുന്നത് അദ്ദേഹത്തിൻ്റെ പ്രകടനം കാണാനാണ്. ലീഗിലെ തൻ്റെ ആദ്യ ഗോൾ അദ്ദേഹം നേടിയിരിക്കുന്നു.”-ലൂയിസ് ഗുസ്താവോ പറഞ്ഞു. അൽ നസറിന് വേണ്ടി കഴിഞ്ഞ മത്സരത്തിൽ സമനില ഗോൾ നേടിയത് റൊണാൾഡോ ആയിരുന്നു. മത്സരത്തിലെ അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ചുകൊണ്ടായിരുന്നു റൊണാൾഡോ തൻ്റെ ഗോൾ വേട്ട ആരംഭിച്ചത്.