സ്പാനീഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ജേതാക്കളായി. റിയാദില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് റയലിന്‍റെ വിജയം. വിനീഷ്യസ് ജൂനിയറിന്‍റെ തകര്‍പ്പന്‍ ഹാട്രിക്കാണ് റയലിനെ വിജയത്തില്‍ എത്തിച്ചത്. ആദ്യ പകുതിയില്‍ തന്നെ വിനീഷ്യസ് ഹാട്രിക്ക് നേടിയിരുന്നു.
മത്സരം തുടങ്ങി ആദ്യ 10 മിനിറ്റില്‍ തന്നെ രണ്ട് ഗോള്‍ നേടി റയല്‍ ആധിപത്യം നേടിയിരുന്നു. 7ാം മിനിറ്റില്‍ ബെല്ലിംഹാമിന്‍റെ തകര്‍പ്പന്‍ പാസ്സ് വിനീഷ്യസ് കണ്ടെത്തി. ഡിഫന്‍റര്‍മാരെ സാക്ഷിയാക്കി ഗോള്‍കീപ്പറെയും മറികടന്നു വിനീഷ്യസ് ഗോള്‍ വല ചലിപ്പിച്ചു.
10ാം മിനിറ്റില്‍ റോഡ്രിഗോയുടെ അസിസ്റ്റില്‍ വിനീഷ്യസ് മറ്റൊരു ഗോള്‍ നേടി. 10 മിനിറ്റിനു ശേഷം ലെവന്‍ഡോസ്കി ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ ആദ്യ പകുതിക്ക് മുന്‍പ് റയലിനു അനുകൂലമായി പെനാല്‍റ്റി ലഭിച്ചു.
ബോട്ടം ലെഫ്റ്റ് കോര്‍ണറില്‍ അടിച്ച് വിനീഷ്യസ് തന്‍റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. രണ്ടാം പകുതിയിലും റയലിന്‍റെ ആധിപത്യമാണ് കണ്ടത്. 64ാം മിനിറ്റില്‍ വിനീഷ്യസിന്‍റെ കട്ട് ബാക്കിലൂടെ റോഡ്രിഗോയുടെ ഗോളില്‍ റയല്‍ മാഡ്രിഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ 13ാം സ്പാനീഷ് സൂപ്പര്‍ കപ്പാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.