ബാഴ്സലോണ പ്രസിഡൻറ് ലപോർട്ടക്കെതിരെ ബാഴ്സയുടെ മുൻ പരിശീലകനായ റൊണാൾഡ് കൂമാൻ രംഗത്ത്. നിലവിലെ പരിശീലകൻ ആയ ബാഴ്സയുടെ മുൻ കളിക്കാരൻ കൂടിയായ സാവിക്ക് നൽകിയ അത്ര സമയം തനിക്ക് നൽകിയില്ല എന്നാണ് കൂമാൻ പറഞ്ഞത്. കൂമാൻ പരിശീലിപ്പിച്ച ബാഴ്സലോണ ടീമിൻറെ മോശം പ്രകടനത്തെ തുടർന്നായിരുന്നു താരത്തെ പുറത്താക്കിയത്. പുതിയ താരങ്ങളെ ടീമിൽ എത്തിച്ചെങ്കിലും കൂമാൻ ബാഴ്സയെ രക്ഷിക്കാനായില്ല.
കൂമാന് ശേഷമെത്തിയ സാവി ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് ടീമിനെ വിജയപാതയിലേക്ക് തിരിച്ചെത്തിച്ചു. ലാലീഗയിൽ തോൽവിയറിയാതെ പത്തു മത്സരങ്ങൾ പൂർത്തിയാക്കി ഇപ്പോൾ നാലാം സ്ഥാനത്താണ് ടീം. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സാവി പുതിയ താരങ്ങളെ ടീമിലെത്തിച്ചതോടെ ബാഴ്സലോണ തങ്ങളുടെ പ്രതാപകാലത്തേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. സാവിക്ക് കൊടുത്ത സമയം തനിക്ക് തന്നില്ല എന്നും ബാഴ്സലോണ ലോകത്തിലെ മികച്ച ഒരു ടീമായി മാറ്റാനാണ് താനും ആഗ്രഹിച്ചതന്നും കൂമാൻ പറഞ്ഞു. ലപോർട്ടക്ക് താൻ പരിശീലകനായി തുടരുന്നത് താൽപര്യമില്ല എന്നും അതുകൊണ്ടാണ് തന്നെ പുറത്താക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
കൂമാൻ്റെ വാക്കുകളിലൂടെ..
“അവർ എനിക്ക് സാവിക്ക് നൽകിയ അത്ര പോലും സമയം നൽകിയില്ല. അതിപ്പോഴും വേദനിപ്പിക്കുന്ന കാര്യമാണ്. എല്ലാം പരിശീലകർക്കും സമയവും ബോർഡിൻറെ ക്ഷമയും ആവശ്യമാണ്. സാവി തനിക്ക് വേണ്ട പരിശീലകൻ അല്ല എന്നും പരിചയസമ്പത്ത് കുറവാണെന്നും ലപ്പോർട്ട ആയിരം തവണ എന്നോട് പറഞ്ഞിട്ടുണ്ട്.
ക്യാമ്പ് ന്യൂവിൽ കുറച്ചുകാലത്തേക്ക് നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല. എനിക്കത് ചെയ്യാനാവില്ല. ഈ പ്രസിഡണ്ട് ഉള്ളപ്പോൾ ഒന്നും സംഭവിച്ചില്ല എന്ന് കരുതാൻ എനിക്കാവില്ല. ഞാൻ ലപ്പോർട്ടക്ക് വേണ്ട പരിശീലകൻ ആയിരുന്നില്ല. ആദ്യം മുതൽ തന്നെ എനിക്ക് ആ തോന്നൽ ഉണ്ടായിരുന്നു. ഇലക്ഷനു ശേഷം ഞങ്ങൾ തമ്മിൽ വലിയ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. മുകളിലുള്ളവരിൽ നിന്നും പിന്തുണയുടെ കുറവുണ്ടായിരുന്നു.
പണം എനിക്ക് പ്രധാനപ്പെട്ട കാര്യം അല്ലായിരുന്നു. ബാഴ്സലോണയുടെ പരിശീലകനായി വിജയിക്കുക എന്നതും അതിനു വേണ്ടതെല്ലാം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ എന്നെ നിയമിച്ചത് ലപ്പോർട്ട അല്ലാത്തതിനാൽ ആണ് അദ്ദേഹം എന്നെ ഒഴിവാക്കിയത് എന്നാണ് ഞാൻ മനസ്സിലാക്കിയത്.”
മുണ്ടോ ഡീപോർട്ടീവയോട് സംസാരിക്കുമ്പോഴാണ് കൂമാൻ ഇതെല്ലാം വ്യക്തമാക്കിയത്.