രണ്ട് ഗോള്‍ വഴങ്ങിയ ശേഷം അഞ്ച് ഗോള്‍ തിരിച്ചടിച്ച് റയല്‍ മാഡ്രിഡ്. ഹാട്രിക്കുമായി വിനീഷ്യസ്.

ഹാട്രിക്കുമായി വിനീഷ്യസ് ജൂനിയര്‍ കളം നിറഞ്ഞപ്പോള്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 5-2 ന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ആദ്യ പകുതിയിൽ നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളിനു പിന്നില്‍ പോയ ശേഷമാണ് രണ്ടാം പകുതിയില്‍ റയല്‍ മാഡ്രിഡ് അഞ്ച് ഗോളടിച്ചത്.

ആദ്യ പകുതിയില്‍ ഡൊണിയില്‍ മാലന്‍റേയും ജെയ്മി ഗിറ്റന്‍സിന്‍റേയും ഗോളില്‍ ഡോര്‍ട്ട്മുണ്ട് മുന്നിലെത്തുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ റയലിന്‍റെ വമ്പന്‍ തിരിച്ചു വരവാണ് സാന്‍റിയാഗോ ബെര്‍ണബ്യൂ സാക്ഷ്യം വഹിച്ചത്.

എംബാപ്പേയുടെ ക്രോസില്‍ അൻ്റോണിയോ റൂഡിഗറിലൂടെ റയൽ ഒരു ഗോള്‍ തിരിച്ചടിച്ചു. വെറും മൂന്ന് മിനിറ്റിന് ശേഷം റയല്‍ വീണ്ടും ഗോളടിച്ചു. വീണ്ടും എംബാപ്പേ നല്‍കിയ ഒരു പാസ്സില്‍ ഒന്നു ടാപ്പിന്‍ ചെയ്യേണ്ട കാര്യമേ വിനീഷ്യസിനുണ്ടായിരുന്നുള്ളു.

83-ാം മിനിറ്റിൽ റയൽ തിരിച്ചുവരവ് പൂർത്തിയാക്കി. ലൂക്കാസ് വാസ്‌ക്വസ് ഒരു ഡിഫ്‌ലെക്ഷനിലൂടെ ഗോള്‍ നേടി. ഇനിയും അവസാനിച്ചില്ല. ബെല്ലിംഹാമിന്‍റെ പാസ്സില്‍ സ്വന്തം ഹാഫില്‍ നിന്നും സോളോ റണ്ണുമായി വിനീഷ്യസിന്‍റെ അതിമനോഹര ഗോള്‍ പിറന്നു. ഇഞ്ചുറി ടൈമില്‍ മറ്റൊരു ഗോള്‍ നേടി വിനീഷ്യസ് തന്‍റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.

Previous articleസീം ബൗളിംഗ് ആൾറൗണ്ടറായി നിതീഷ് എത്തുമോ ? മത്സരത്തിന് വേറൊരു താരവും
Next articleസാമാന്യബുദ്ധി ഇല്ലാ. ഗംഭീറിനും രോഹിത് ശര്‍മ്മക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം.