കരീം ബെന്‍സേമയുടെ ഇരട്ട ഗോള്‍. റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ വിജയം

ലാലീഗയിലെ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കോവിഡ് കാരണം പരിശീലകനായ സിനദിന്‍ സിദ്ദാനില്ലാതെയായിരുന്നു റയല്‍ മാഡ്രിഡിന്‍റെ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിജയിച്ച് പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമയുടെ ഇരട്ട ഗോളും ഹസാഡ്, കാസിമെറോ എന്നിവരുടെ ഗോളുമാണ് റയല്‍ മാഡ്രിഡിനു വിജയമൊരുക്കിയത്.

15ാം മിനിറ്റില്‍ കാസിമെറോയിലൂടെയാണ് റയല്‍ മാഡ്രിഡ് ലീഡ് നേടിയത്. റയല്‍ മാഡ്രിഡിനു ലഭിച്ച കോര്‍ണറില്‍ നിന്നും ബ്രസീലിയന്‍ താരത്തിന്‍റെ ഹെഡര്‍ ഗോള്‍കീപ്പറെ മറികടന്നു. ആദ്യ പകുതിയില്‍ തന്നെ ബെന്‍സേമയും ഹസാഡും ഗോള്‍ കണ്ടെത്തി റയല്‍ മാഡ്രിഡിനു മൂന്നു ഗോള്‍ ലീഡ് നല്‍കി.

രണ്ടാം പകുതിയില്‍ ജൊസേലു ഒരു ഗോള്‍ മടക്കിയെങ്കിലും വീണ്ടും ഒരു ഗോള്‍ നേടി ബെന്‍സേമ, അലവാസിന്‍റെ തിരിച്ചു വരവിനു തടസ്സം നിന്നു. വിജയത്തോടെ 19 മത്സരങ്ങളില്‍ നിന്നും 40 പോയിന്‍റുമായി അത്ലറ്റിക്കോ മാഡ്രിഡിനു പിന്നിലാണ് റയല്‍ മാഡ്രിഡ്. അടുത്ത മത്സരത്തില്‍ റയല്‍ ലെവാന്‍റയെ നേരിടും.