അറേബ്യന്‍ മണ്ണില്‍ അരങ്ങേറ്റം നടത്തിയ മത്സരത്തില്‍ ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പി.എസ്.ജിയുമായുള്ള സൗഹൃദ മത്സരത്തില്‍ റിയാദ് ടീമിനു വേണ്ടിയാണ് റൊണാള്‍ഡോ കളത്തില്‍ ഇറങ്ങിയത്. ലയണല്‍ മെസ്സി, എംമ്പാപ്പേ, നെയ്മര്‍ തുടങ്ങിയ താരങ്ങളുമായി എത്തിയ പി.എസ്.ജി നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് വിജയിച്ചത്.
സംഭവബഹുലമായ ആദ്യ പകുതിക്കായിരുന്നു ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മൂന്നാം മിനിറ്റില്‍ തന്നെ ലയണല്‍ മെസ്സിയിലൂടെ പി.എസ്.ജി മുന്നിലെത്തി. നെയ്മര്‍ നല്‍കിയ പാസ്സില്‍ നിന്നും മെസ്സിയുടെ മനോഹര ഫിനിഷ് ഗോള്‍കീപ്പറെ കീഴ്പ്പെടുത്തി.
തൊട്ടു പിന്നാലെ റൊണാള്‍ഡോയുടെ ഷോട്ട് വന്നെങ്കിലും ഗോള്‍കീപ്പര്‍ നവാസ് രക്ഷപ്പെടുത്തി.
32ാം മിനിറ്റിലാണ് റിയാദ് ടീമിനു അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റി എടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടി.
39ാം മിനിറ്റില്‍ പി.എസ്.ജി താരം ബെര്‍ണാട് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അവസാന ഡിഫന്‍ററായിരുന്ന താരം ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് പുറത്തു പോകേണ്ടി വന്നത്. ലഭിച്ച ഒരു പെനാല്‍റ്റി നെയ്മര്‍ പാഴാക്കി.
പത്ത് പേരുമായി ചുരുങ്ങിയെങ്കിലും പി.എസ്.ജി ഗോളടിച്ചു. എംബാപ്പയുടെ ക്രോസില്‍ നിന്നും മാര്‍ക്കീഞ്ഞോസാണ് ലീഡ് കണ്ടെത്തിയത്.
എന്നാല്‍ ലീഡ് അധിക നേരം നീണ്ടു നിന്നില്ലാ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമനിലയാക്കി. റൊണാള്‍ഡോയുടെ ഹെഡര്‍ പോസ്റ്റ് വിലങ്ങുതടിയായെങ്കിലും റീബൗണ്ടിലൂടെ ഗോള്‍ കണ്ടെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റാമോസിലൂടെ പി.എസ്.ജി ലീഡ് തിരിച്ചു പിടിച്ചു. ബോക്സില്‍ എംബാപ്പേ നടത്തിയ മുന്നേറ്റം റാമോസിന്‍റെ ഗോളില്‍ അവസാനിക്കുകയായിരുന്നു.
മൂന്നു മിനിറ്റിനു ശേഷം ജാങ് ഹ്യൂന്‍ സൂവിലൂടെ റിയാദ് തിരിച്ചടിച്ചു. കോര്‍ണറില്‍ ഹെഡര്‍ ഗോള്‍ നേടിയാണ് ഒപ്പത്തിനൊപ്പമെത്തിയത്.
രണ്ട് മിനിറ്റിനു ശേഷം ഹാന്‍ഡ് ബോളിനു ലഭിച്ച പെനാല്‍റ്റി എംബാപ്പെ ഗോളാക്കി മാറ്റി.
60 മിനിറ്റിനു ശേഷം സൂപ്പര്‍ താരങ്ങളെയെല്ലം പിന്‍വലിച്ചു. പിന്നീട് മത്സരത്തില്‍ ഹ്യൂഗോ എകിറ്റിക്കേയും ഇഞ്ചുറി ടൈമില്‍ ആന്‍ഡേഴ്സണും ഗോളടിച്ച് മത്സരം പൂര്‍ത്തിയാക്കി.