ലീഗ് വണിലെ മത്സരത്തില്‍ ബ്രസ്റ്റിനെതിരെ തകര്‍പ്പന്‍ വിജയവുമായി പിഎസ്ജി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതിരുന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ വിജയം. വിജയത്തോടെ 3 മത്സരങ്ങളില്‍ നിന്നും 9 പോയിന്‍റുമായി ലീഗില്‍ ഒന്നാമത് എത്തി.
മത്സരത്തിന്‍റെ 23ാം മിനിറ്റില്‍ തകര്‍പ്പന്‍ വോളി ഷോട്ടിലൂടെ ആന്‍ഡര്‍ ഹെരേരയാണ് പിഎസ്ജിയെ മുന്നില്‍ എത്തിച്ചത്. 36ാം മിനിറ്റില്‍ സീസണിലെ ആദ്യ ഗോള്‍ നേടി എംമ്പാപ്പേ ലീഡ് ഇരട്ടിയാക്കി. 42ാം മിനിറ്റില്‍ മികച്ച ഒരു മുന്നേറ്റത്തിനൊടുവില്‍ ബ്രസ്റ്റ് ഒരു ഗോള്‍ തിരിച്ചടിച്ചു.
രണ്ടാം പകുതിയില്‍ ഇദ്രിസ ഗയ ലീഡ് പുനംസ്ഥാപിച്ചു. എന്നാല്‍ മത്സരം അവസാന നിമിഷമായതോടെ കളി ആവേശത്തിലായി. 85ാം മിനിറ്റില്‍ ബ്രസ്റ്റ് ഒരു ഗോള്‍ നേടി ലീഡ് ഒന്നായി കുറച്ചു. ഒരു ഗോള്‍ നേടി സമനിലയില്‍ അവസാനിപ്പിക്കാം എന്ന് കരുതിയപ്പോഴാണ് പകരക്കാരനായി ഇറങ്ങിയ ഏയ്ഞ്ചല്‍ ഡീ മരിയ ഒരു ഗോള്‍ കൂടി നേടി വിജയം ആധികാരികമായി ഉറപ്പിച്ചത്.
ഇത് തുടര്‍ച്ചയായ രണ്ടാം മത്സരമാണ് ലയണല്‍ മെസ്സി ഇല്ലാതെ പിഎസ്ജി കളിച്ചത്. അടുത്ത ആഴ്ച്ച മെസ്സിയെ ടീമില്‍ കാണാം എന്ന് ടീം കോച്ച് പൊച്ചറ്റീനോ മത്സരശേഷം പറഞ്ഞു. പിഎസ്ജിയുടെ അടുത്ത മത്സരം റെയ്മസിനെതിരെയാണ്.