നമുക്ക് മുന്നിൽ 60 ഓവറുകളുണ്ട്. ഈ 60 ഓവറുകളിൽ നരകമെന്താണെന്ന് അവർക്ക് നമ്മൾ കാണിച്ചു കൊടുക്കണം

Virat Kohli and Siraj

നമുക്ക് മുന്നിൽ 60 ഓവറുകളുണ്ട്. ഈ 60 ഓവറുകളിൽ നരകമെന്താണെന്ന് അവർക്ക് നമ്മൾ കാണിച്ചു കൊടുക്കണം .ലോർഡ്‌സ് ടെസ്റ്റിന്റെ 4-ാം ഇന്നിങ്സിൽ ബൗളിങ്ങിന് ഇറങ്ങിയ തന്റെ ടീമിനോട് ക്യാപ്റ്റൻ കൊഹ്‌ലി ഇതു പറയുമ്പോൾ തന്റെ ബൗളർമാരിൽ അദ്ദേഹത്തിന് എത്രത്തോളം ആത്മവിശ്വാസം ഉണ്ടായിട്ടുണ്ടാകും.

ഓസ്‌ട്രേലിയയുടെ, വെസ്റ്റ് ഇൻഡീസിന്റെ സുവർണ കാലഘട്ടത്തിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഇന്ത്യൻ പട ഒന്നാകെ ആഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ട് ആ നരകത്തിൽ വെന്തു വെണ്ണീറാകുകയായിരുന്നു.കരിയറിന്റെ തുടക്കത്തിൽ അഹങ്കാരിയെന്നും അമിത ഷോ കാണിക്കുന്നവനെന്നും ആളുകൾ മുദ്ര കുത്തിയപ്പോഴും കോഹ്‌ലിക്ക് അത് കളിയോടുള്ള 100% ആത്മ സമർപ്പണമായിരുന്നു. തന്റെ അഗ്രേഷനിലൂടെ കാലങ്ങളായി ഇന്ത്യൻ ടീം ക്രിക്കറ്റിനോട് പുലർത്തി വന്നിരുന്ന സമീപനം അയാൾ തിരുത്തിക്കുറിക്കുകയായിരുന്നു.

Virat Kohli celebration

വിദേശത്തു കളി ജയിക്കണമെങ്കിൽ ടാലന്റിനൊപ്പം മാനസികമായും എതിരാളികളെ തകർക്കണമെന്നും കൊഹ്‌ലി കാണിച്ചു തന്നു.ക്യാപ്റ്റനായുള്ള തന്റെ ആദ്യ കളിയിൽ തന്നെ കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് സംസ്കാരത്തിന്റെ പൊളിച്ചെഴുത്ത് തുടങ്ങിക്കഴിഞ്ഞിരുന്നു. അഡലൈഡിൽ 364 റൺസ് വിജയ ലക്ഷ്യത്തിലേക്ക് മിച്ചൽ ജോൺസൻ നയിക്കുന്ന പേസ് പടയോടും ഓസ്‌ട്രേലിയൻ ഫീൽഡർമാരുടെ സ്ലെഡ്ജിങ്ങിന് തിരിച്ചടി കൊടുത്തും കൊഹ്‌ലി മുൻപിൽ നിന്ന് നയിച്ചു വിജയത്തിന് അടുത്ത് വരെ എത്തിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റിനു അതു പുതി യൊരു അനുഭവമാണ് സമ്മാനിച്ചത്. കോഹ്‌ലിയുടെ അഗ്ഗ്രസിവ് ക്യാപ്റ്റൻസി വരാനിരിക്കുന്ന ഇന്ത്യൻ വിപ്ലവത്തിന്റെ ആദ്യ സൂചനയായിരുന്നു.

ഒരു പക്ഷേ പേസ് ബോളർമാരുടെ പ്രാധാന്യം ഇത്രയും മനസ്സിലാക്കിയ ഒരു ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലിക്ക് മുൻപ് ഉണ്ടായിട്ടില്ല എന്നു തന്നെ പറയേണ്ടി വരും. അർഹിച്ചിരുന്ന അഭിനന്ദനങ്ങൾ കിട്ടാതെ ബൗൾ ചെയ്തിരുന്ന പേസ് ബൗളർമാരെ ചേർത്ത് പിടിച്ചു വിദേശ പിച്ചുകളിൽ ടീമിനെ നയിക്കേണ്ടത് നിങ്ങളാണ് എന്ന് പറയാൻ കോഹ്ലി കാണിച്ച ധൈര്യമാണ് ഇന്നീ കാണുന്ന വിജയങ്ങളുടെ തുടക്കം.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

ഒരുകാലത്തു ടീമിലെ തന്റെ റോൾ എന്താണെന്നറിയാതെ ബൗൾ ചെയ്തിരുന്ന ഇഷാന്ത് ശർമ്മ, വിക്കറ്റെടുത്താൽ പോലും വെറുതെ ചിരിച്ചു കൊണ്ട് നിന്നിരുന്ന ബുംറ, എല്ലാത്തിനുമുപരി ചെണ്ടയെന്നു ഇന്ത്യയൊട്ടാകെ പരിഹസിച്ച സിറാജ്, ഇവരെല്ലാം ഇന്ന് കാണിക്കുന്ന അഗ്രെഷനും ആത്മവിശ്വാസവും കോഹ്ലി എന്ന ക്യാപ്റ്റന്റെ കൂടെ സംഭാവനയാണ്.

ബോളിന്റെ തിളക്കം കളഞ്ഞു സ്പിന്നർമാർക്ക് വഴിയൊരുക്കാൻ വേണ്ടി സുനിൽ ഗാവസ്‌കർ വരെ ഇന്ത്യൻ ബൗളിംഗ് ഓപ്പൺ ചെയ്ത കാലഘട്ടത്തിൽ നിന്നും കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പേസ് പിച്ചൊരുക്കി പേസ് ബൗളിംഗിന്റെ അപ്പോസ്തലന്മാരായ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് തോൽപ്പിക്കാനുള്ള മാസ്സ് കാണിച്ച മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനെ ചരിത്രത്തിൽ നോക്കിയാൽ കാണാൻ സാധിക്കില്ല.

IMG 20210817 090140

ഇന്ന് ഇന്ത്യയെ തളയ്ക്കാൻ പുല്ല് നിറഞ്ഞ പിച്ചുകൾ നിർമിക്കുന്ന ടീമുകൾ സ്വന്തം ബാറ്റിംഗ് നിരയെ നോക്കി സഹതാപത്തോടെ നെടുവീർപ്പിടേണ്ട അവസ്ഥ വന്നിട്ടുണ്ടെങ്കിൽ….. ഇന്ത്യൻ ടീമിലേക്ക് അവസരം കാത്തു ഒരു പേസ് ബൗളിംഗ് നിര തന്നെ ഉയർന്നു വന്നിട്ടുണ്ടെകിൽ …… വിരാട് , നിങ്ങൾ പരാജയപ്പെട്ട നായകനല്ല.

ഒരു പക്ഷെ ക്യാപ്റ്റൻ സ്ഥാനം അഴിച്ചു വെക്കുമ്പോൾ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻ ആയിട്ടുണ്ടാവാമെങ്കിലും ഇന്ത്യയുടെ ക്രിക്കറ്റിനോടുള്ള സമീപനത്തെ തന്നെ മാറ്റി മറിച്ച നായകൻ എന്നായിരിക്കും കാലം നിങ്ങളെ അടയാളപ്പെടുത്താൻ പോകുന്നത്.

എഴുതിയത് – Shemin Adulmajeed

Scroll to Top