ഫ്രഞ്ച് ലീഗിലെ വമ്പൻമാരായ പി.എസ്.ജിക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം സൂപ്പർ താരമായ ബ്രസീലിയൻ അന്താരാഷ്ട്ര താരം നെയ്മർ ജൂനിയറിന് ഈ സീസണിൽ ഇനി കളിക്കാൻ സാധിക്കില്ല. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരം മൂന്നു മുതൽ നാലു മാസം വരെ കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും എന്നാണ് അറിയുന്നത്. വരും ദിവസങ്ങളിൽ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകും എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യം പി.എസ്.ജി സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോയാണ്. റിപ്പോർട്ടിൽ പറയുന്നത് താരം ശസ്ത്രക്രിയ നടത്തുന്നത് ദോഹയിൽ ആയിരിക്കും എന്നാണ്. മൂന്ന് മുതൽ നാല് മാസം വരെ പുറത്തിരിക്കേണ്ടതിനാൽ ഈ സീസണിലെ മുഴുവൻ മത്സരവും താരത്തിന് നഷ്ടമാകും.
ഈ വിഷയം സംബന്ധിച്ച വാർത്തയ്ക്ക് പിന്നാലെ നെയ്മർ പ്രതികരണവുമായി രംഗത്തെത്തി.”ഞാൻ ശക്തമായി തിരിച്ചു വരും”എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് നെയ്മർ ആദ്യ പ്രതികരണം നടത്തിയത്. താരത്തിന്റെ ക്ലബ്ബായ പി.എസ്.ജി തന്നെ വീൽചെയറിന്റെ സഹായത്തോടെ നിൽക്കുന്ന നെയ്മറിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആ ചിത്രം പുറത്ത് വന്നതോടെയാണ് താരത്തിന്റെ പരിക്ക് വളരെയധികം ഗുരുതരമാണെന്ന വാർത്ത പ്രചരിച്ചത്.
ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ മാസം ലില്ലിക്കെതിരെ നടന്ന മത്സരത്തിനായിരുന്നു ബ്രസീലിയൻ ഇതിഹാസ താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലില്ലി താരവുമായി കൂട്ടിയിടിച്ച് ആയിരുന്നു താരത്തിന് പരിക്കേറ്റത്. പരിക്കേറ്റതാരം ഉടൻതന്നെ ഗ്രൗണ്ട് വിട്ടിരുന്നു. ഇത് ആദ്യമായല്ല വലിയ പരിക്കുകൾ താരത്തിനെ തേടിയെത്തുന്നത്. ഇതിന് മുൻപും താരത്തിന് മാസങ്ങൾ നഷ്ടമാകുന്ന പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.