സൗഹൃദമെല്ലാം കളത്തിനു പുറത്ത്. മെസ്സിയെ നേരിടാനൊരുങ്ങി സുവാരസ്

പഴയ സുഹൃത്തുക്കളായ ലയണല്‍ മെസ്സിയെയും നെയ്മറെയും കാണാന്‍ സന്തോഷമുണ്ടെന്ന് യുറുഗ്വായുടെയും അത്ലറ്റിക്കോ മാഡ്രിഡിന്‍റെയും സട്രൈക്കറായ ലൂയി സുവാരസ്. അര്‍ജന്‍റീനക്കെതിരെയും, ബ്രസീലിനെതിരെയുമാണ് യുറുഗ്വായുടെ അടുത്ത മത്സരങ്ങള്‍. “വ്യക്തമായും, ലിയോ, നെയ്മർ എന്നിവരെപ്പോലുള്ള സഹതാരങ്ങളുമായുള്ള കൂടിക്കാഴ്ച മനോഹരമാണ്, അത് സവിശേഷമാണ്, പക്ഷേ പിച്ചിനുള്ളിൽ വിലമതിക്കുന്ന സൗഹൃദമില്ല.” ലൂയി സുവാരസ് പറഞ്ഞു.

9 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ എല്ലാത്തിലും വിജയിച്ച ബ്രസീലാണ് ഒന്നാമത്. അത്രയും മത്സരങ്ങളില്‍ 5 എണ്ണത്തില്‍ വിജയിച്ച അര്‍ജന്‍റീനയാണ് രണ്ടാമത്. 16 പോയിന്‍റുമായി യുറുഗ്വായ് നാലാമതാണ്. 2022 ഫിഫ ലോകകപ്പിൽ ബെർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സുവാരസിന്‍റെ യുറുഗ്വായ്.

കോപ്പ അമേരിക്ക 2021 ലാണ് അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത്. റോഡിഗ്യൂസിന്റെ ഒരു ഗോളിന് അർജന്റീന ജയം നേടി. ഇത്തവണ ലയണൽ മെസ്സിയുടെ അർജന്റീനയ്‌ക്കെതിരെ മികച്ച പ്രകടനം നടത്താനുള്ള ശ്രമത്തിലാണ് സുവാരസും കൂട്ടരും.

34ാം വയസ്സിലും ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ അഭിമാനം ഉണ്ടെന്ന് സുവാരസ്, അര്‍ജന്‍റീനക്കെതിരെയുള്ള മത്സരത്തിനു മുന്‍പായി പറഞ്ഞു.