പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ്. പോർച്ചുഗലിന് വേണ്ടി 122 ഗോളുകളാണ് സൂപ്പർ താരം നേടിയിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി 102 ഗോളുകളുമായി ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ്. റൊണാൾഡോയെ മറികടക്കുവാൻ മെസ്സിക്ക് ധാരാളം സമയം ഇനിയും അവശേഷിക്കുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. നിലവിൽ ഫിഫ റാങ്കിങ്ങിലെ ആദ്യ 10 സ്ഥാനക്കാർക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് മെസ്സി ആണോ റൊണാൾഡോ ആണോ എന്ന് പരിശോധിക്കാം.
സ്പാനിഷ് മാധ്യമമായ മാർക്ക അതിൻ്റെ വിശദമായ കണക്കുകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നിലവിലെ ഫിഫ റാങ്കിംഗ് അനുസരിച്ച് ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങൾ ബ്രസീൽ, അർജൻ്റീന, ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളാണ്. ഈ ടീമുകൾക്കെതിരെ മെസ്സി 15 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്. അതിൽ അഞ്ച് ഗോളുകളും ബ്രസീലിനെതിരെയാണ്. ക്രൊയേഷ്യയ്ക്കെതിരെയും ഫ്രാൻസിനെതിരെയും മൂന്ന് ഗോളുകൾ വീതം ലയണൽ മെസ്സി നേടിയിട്ടുണ്ട്.
സ്പെയിനിനെതിരെ 2 ഗോളുകൾ നേടിയപ്പോൾ പോർച്ചുഗലിനെതിരെയും ഹോളണ്ടിനെതിരെയും ഓരോ ഗോളുകൾ വീതമാണ് മെസ്സി നേടിയത്. അതേസമയം ഈ രാജ്യങ്ങൾക്കെതിരെ 14 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഹോളണ്ടിനെതിരെ നാലു ഗോളുകൾ നേടിയപ്പോൾ സ്പെയിൻ,ബെൽജിയം എന്നീ രാജ്യങ്ങൾക്കെതിരെ മൂന്നു ഗോളുകൾ വീതമാണ് താരം നേടിയത്. ഫ്രാൻസിനെതിരെ 2 ഗോളുകളാണ് പോർച്ചുഗൽ ഇതിഹാസ താരം നേടിയിട്ടുള്ളത്. ക്രൊയേഷ്യക്കെതിരെയും അർജൻ്റീനക്കെതിരെയും ഓരോ ഗോളുകൾ വീതമാണ് റൊണാൾഡോയുടെ സമ്പാദ്യം.
മെസ്സി തന്നെയാണ് ടോപ് ടെൻ ടീമുകൾക്കെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ ഒന്നാം സ്ഥാനത്ത്. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തെ എടുത്തു നോക്കിയാലും മെസ്സി തന്നെയാണ് മുൻപിൽ. 5 ഗോളുകളാണ് ബ്രസീലിനെതിരെ താരം നേടിയിട്ടുള്ളത്. ഇതിൽ നിന്നും വ്യക്തമാകുന്നത് ടോപ് ടെൻ രാജ്യങ്ങളിൽ മെസ്സിയുടെ ഇഷ്ട എതിരാളി ബ്രസീൽ ആണെന്നാണ്.