അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മറഡോണയെ മറികടന്ന് എക്കാലത്തെയും മികച്ച കളിക്കാരനായി മാറിയെന്ന് അര്‍ജന്‍റീനന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. ഒരാളെ തിരഞ്ഞെടുക്കണമെങ്കില്‍ അത് ലിയോയെ ആവുമെന്നും മറഡോണ മികച്ചവനാണെങ്കിലും മെസി എക്കാലത്തെയും മികച്ചവനാണ് എന്ന് സ്കലോണി അഭിപ്രായപ്പെട്ടു.
2018 ല്‍ അര്‍ജന്റീനയുടെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മെസ്സിയോട് സംസാരിക്കുന്നതിന് താന്‍ മുന്‍ഗണന നല്‍കിയിരുന്നുവെന്നും, റഷ്യയില്‍ നടന്ന ലോകകപ്പിലെ പരാജയത്തെത്തുടര്‍ന്ന് മെസി അന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നുവെന്നും സ്‌കലോനി പറഞ്ഞു.
”ഞാന്‍ ആദ്യം ചെയ്തത് ലയണല്‍ മെസ്സിയുമായി ഒരു വീഡിയോ കോള്‍ ചെയ്തു. തിരികെ വരൂ. ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കും എന്ന് അദ്ദേഹത്തോട് പറഞ്ഞു. മെസ്സി തിരിച്ചെത്തിയതോടെ അവിശ്വസനീയമായ ഒരു ഗ്രൂപ്പായി ടീം മാറി” സ്‌കലോനി വ്യക്തമാക്കി.
മെസ്സിയെ പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ” നിങ്ങള്‍ക്ക് ടെക്നികല്‍ മേഖലയില്‍ മെസ്സിയെ തിരുത്താനുണ്ടാകില്ല. പക്ഷേ ചിലപ്പോള്‍ പ്രത്യേക രീതിയില്‍ ആക്രമിച്ച് കളിക്കാന്‍ നിര്‍ദ്ദേശിക്കാനാകും. എങ്കിലും ഏത് ഘട്ടത്തിലും അവനാണ് ഒന്നാമന്‍’ സ്‌കലോണി ചൂണ്ടിക്കാട്ടി.