കഴിഞ്ഞ കുറച്ച് ദിവസമായി വലിയ വിവാദങ്ങൾക്കിടയിലൂടെയാണ് ഫുട്ബോൾ ഇതിഹാസവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ക്രിസ്ത്യാനോ റൊണാൾഡോ കടന്നുപോകുന്നത്. ഒരു അഭിമുഖത്തിനിടയിൽ പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിനെതിരെയും പറഞ്ഞ ചില വാക്കുകളാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പരിശീലകനായ എറിക് ടെൻ ഹാഗിന് തന്നോട് ഒരു ബഹുമാനവും ഇല്ലെന്നും, അതുകൊണ്ടു തന്നെ തിരിച്ച് ബഹുമാനം നൽകേണ്ടതില്ലെന്നുമാണ് റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞത്.
പിയേഴ്സ് മോർഗനുമായിട്ടുള്ള അഭിമുഖത്തിനിടയിലാണ് ക്ലബ്ബിനെതിരെയും, പരിശീലകനെതിരെയും താരം രൂക്ഷ വിമർശനം നടത്തിയത്. ഇപ്പോഴിതാ റൊണാൾഡോക്കെതിരെ നടപടിയെടുത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. കരാർ ലംഘനം ആരോപിച്ചിട്ടുള്ള കേസാണ് റൊണാൾഡോക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫയൽ ചെയ്തിരിക്കുന്നത്. ഇതോടെ താരത്തിന്റെ കരാർ റദ്ദാക്കാൻ യുണൈറ്റഡ് ഒരുങ്ങിയേക്കും.
ലോകകപ്പ് കഴിഞ്ഞ് ക്ലബ് ഫുട്ബോൾ തുടങ്ങിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ റൊണാൾഡോയെ കാണാൻ സാധിക്കില്ല എന്ന കാര്യം ഉറപ്പാണ്. ലോകകപ്പ് കഴിഞ്ഞാൽ ക്ലബ്ബിൻ്റെ പരിശീലന സ്ഥലത്തേക്ക് തിരിച്ച് വരരുതെന്ന് റൊണാൾഡോക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ചില ആളുകളും, പരിശീലകനും തന്നെ ചതിച്ചു എന്നായിരുന്നു റൊണാൾഡോ പ്രധാനമായും അഭിമുഖത്തിൽ ഉന്നയിച്ച ആരോപണം.
കഴിഞ്ഞ സീസണിലാണ് യുവൻ്റസിൽ നിന്നും റൊണാൾഡോ യുണൈറ്റഡിലേക്ക്. പഴയ ക്ലബ്ബിലേക്ക് തിരിച്ചു വന്ന താരം കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ്പ് സ്കോറർ ആയിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണിലെ ക്ലബ്ബിൻ്റെ ഏറ്റവും മികച്ച താരവും റൊണാൾഡോ ആയിരുന്നു. എന്നാൽ ഇത്തവണത്തെ പുതിയ പരിശീലകന് കീഴിൽ താരത്തിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. അതാണ് ഇത്തരം വിവാദ വാക്കുകൾ പറയാൻ താരത്തെ നയിച്ചത്.