റാഫേല്‍ വരാനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ്.

റയല്‍ മാഡ്രിഡ് ഡിഫന്‍റര്‍ റാഫേല്‍ വരാനെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് രംഗത്ത്. ഒരു വര്‍ഷം കരാര്‍ ബാക്കി നില്‍ക്കേയാണ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചത്.

ഈ സീസണില്‍ 73 മില്യന്‍ യൂറോ മുടക്കി ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്നും സാഞ്ചോയെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ക്ലബില്‍ എത്തിച്ചിരുന്നു. മുന്നേറ്റം ഭദ്രമാക്കിയ ക്ലബിന്‍റെ അടുത്ത ലക്ഷ്യം പരിചയ സമ്പന്നനായ പ്രതിരോധനിര താരമാണ്.

ചാംപ്യന്‍സ് ലീഗ്, ഫിഫ ലോകകപ്പ് തുടങ്ങി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ വരാനെക്ക് 70 മില്യന്‍ യൂറോയാണ് റയല്‍ മാഡ്രിഡ് വിലയിട്ടിരിക്കുന്നത്. കരാറിന്‍റെ അവസാന വര്‍ഷത്തിലേക്ക് കടക്കുന്ന ഫ്രഞ്ച് താരത്തെ 50 മില്യന്‍ യൂറോക്ക് ലഭിക്കുമെന്നാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് കരുതുന്നത്.

റാഫേല്‍ വരാനെ ക്ലബില്‍ നിന്നും പോയാല്‍ റയല്‍ മാഡ്രിഡിനു അത് തിരിച്ചടിയാകും. ഫ്രീ ഏജന്‍റായി സെര്‍ജിയോ റാമോസ് ക്ലബ് വിട്ടിരുന്നു. ഓസ്ട്രിയയുടെ അലാബയെ പകരക്കാരനായി ടീമിലെത്തിച്ചട്ടുണ്ട്. യൂറോപ്പാ ലീഗ് വിജയിച്ച വിയ്യാറയലിന്‍റെ ടോറസിനെ റയല്‍ മാഡ്രിഡിനു നോട്ടമുണ്ട്.